റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

Published : Dec 01, 2020, 04:00 PM ISTUpdated : Dec 01, 2020, 04:19 PM IST
റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി  ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

Synopsis

ഇങ്ങനെ ഒരു പാലമുണ്ടാക്കിയിട്ട് അതിലൂടെ പാമ്പുകൾ പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി നാല് സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട് വനം വകുപ്പ്.

ഉത്തരാഖണ്ഡിലെ തിരക്കേറിയ ഹൈവേകളിൽ ഒന്നാണ് കാലാധുങ്കി-നൈനിത്താൾ ഹൈവേ. റാം നഗർ ഫോറസ്റ്റ് ഡിവിഷനിലൂടെ പോകുന്ന ഈ ഇരട്ടലൈൻ ദേശീയ പാതയിലൂടെ നിത്യേന നിരവധി ചരക്കുലോറികളും, ബസ്സുകളും, കാറുകളും ഒക്കെ കടന്നു പോകുന്നുണ്ട്. കാട്ടിലൂടെ സഞ്ചരിക്കുന്ന പാമ്പുകളും മറ്റുള്ള ഇഴ ജീവികളും അതുപോലെ ചെറിയ മൃഗങ്ങളും മറ്റും റോഡുമുറിച്ചു കടക്കുമ്പോൾ ഈ വാഹനങ്ങൾക്ക് അടിയിൽ പെട്ട് അവയ്ക്ക് ജീവാപായം സംഭവിക്കാറുമുണ്ട്. 

മനുഷ്യന്റെ ഇടപെടൽ കാരണം, സ്വൈരവിഹാരകേന്ദ്രങ്ങളായ വന്യജീവി സങ്കേതങ്ങളിൽ ഈ ജീവികൾക്കുണ്ടാകുന്ന ദുര്യോഗത്തിന് ഒരു പരിഹാരം കാണാനുളള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് സർക്കാർ. അതാണ് പാമ്പുകൾക്കും മറ്റുള്ള ഇഴജീവികൾക്കും സ്വൈര്യമായി റോഡ് മുറിച്ചു കടക്കാനുള്ള ഈ എക്കോ ഫ്രണ്ട്ലി മരപ്പാലം.

ഹൈവേയിലെ U ആകൃതിയിലുള്ള ഒരു വലിയ വളവിലാണ് ഈ മേൽപ്പാലം സ്ഥാപിച്ചിട്ടുള്ളത്. സാമാന്യം വേഗത്തിലാണ് ഇവിടേക്ക് വാഹനങ്ങൾ വന്നെത്തുന്നത്. വളവായതുകാരണം വാഹനങ്ങൾക്ക് മൃഗങ്ങളെ നേരത്തെ കാണാൻ സാധിക്കാറില്ല. അവസാന നിമിഷം ബ്രെക്കിടേണ്ടി വരുമ്പോൾ അത് അപകടങ്ങൾക്കുവരെ കാരണമാകാം. ഈ പുതിയ പാലം കൊണ്ട് ആ ഒരു സാഹചര്യം പരിഹരിക്കപ്പെട്ടാലോ എന്ന പ്രതീക്ഷയിലാണ് അധികാരികൾ ഇങ്ങനെ ഒരു നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. 

മുള, ജൂട്ട്, പുല്ല് എന്നിവ കൊണ്ട്, അഞ്ചടി വീതിയിൽ, തൊണ്ണൂറടി നീളത്തിൽ, രണ്ടു ലക്ഷം രൂപ ചെലവിട്ടുണ്ടാക്കിയ ഈ പാലത്തിന് ഒരേസമയം മൂന്നു പേരുടെ ഭാരം താങ്ങാനുള്ള ശേഷിയുണ്ട് എന്ന് പാലം കമ്മീഷൻ ചെയ്ത കോൺട്രാക്ടർ അറിയിച്ചു. ഇതുവഴി പോകുന്ന പെരുമ്പാമ്പുകളും, പുലികളും വരെ താമസിയാതെ ഈ പാലം പ്രയോജനപ്പെടുത്തും എന്നാണ് ഇങ്ങനെ ഒരു പദ്ധതി വിഭാവനം ചെയ്ത വനം വകുപ്പിന്റെയും പ്രതീക്ഷ. എന്തായാലും, ഇങ്ങനെ ഒരു പാലമുണ്ടാക്കിയിട്ട് അതിലൂടെ പാമ്പുകൾ പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി നാല് സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ച്, ഇതിന്റെ ഫലസിദ്ധിയെപ്പറ്റി ഒരു പഠനം കൂടി വനം വകുപ്പ് നടത്തുന്നുണ്ട്. 

ഇങ്ങനെയുള്ള സംവിധാനങ്ങളുമായി മൃഗങ്ങളും മറ്റുള്ള ഇഴജീവികളും ഒക്കെ പൊരുത്തപ്പെടുന്നുണ്ട്, അവ ഉപയോഗപ്പെടുത്താൻ അവ  തയ്യാറാകുന്നുണ്ട് എന്നുകണ്ടാൽ ഇതുപോലുള്ള കൂടുതൽ പാലങ്ങൾ നിർമിക്കാനും വനം വകുപ്പിന് പദ്ധതിയുണ്ട്.  

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം