
കാലം പുരോഗമിക്കുന്തോറും നമ്മുടെ തൊഴിൽരീതികളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് എട്ട് മണിക്കൂർ പ്രവൃത്തിസമയം മാത്രമായിരുന്നിടത്ത് ഇപ്പോൾ പത്തും പതിനൊന്നുമായി അത് വർദ്ധിച്ചു. രാത്രി ജോലികഴിഞ്ഞു വീട്ടിൽ എത്തിയാലും ഔദ്യോഗിക ഇമെയിലുകൾ വായിക്കുകയും, അയക്കുകയും വേണം. ഒരിക്കലും വിശ്രമമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയാണ് ഇന്ന് പലർക്കും. തൊഴിൽ സംസ്‍കാരത്തിലെ ഈ മാറ്റം അടുത്തകാലത്തായി ഉണ്ടായിട്ടുള്ളതാണ്. എന്നാൽ, ഇങ്ങനെ കൂടുതൽ സമയം കമ്പനികൾ ജോലിയെടുപ്പിക്കുന്നത്, തൊഴിൽ നിയമത്തിന്‍റെ ലംഘനമാണോ? എല്ലായിടത്തും അങ്ങനെയല്ലെങ്കിലും, യുകെയിൽ ഇത് നിയമവിരുദ്ധമാണ്.
തൊഴിൽ കരാറനുസരിച്ച് ആഴ്‍ചയിൽ നാല്‍പതു മണിക്കൂറാണ് ഇവിടെ നമ്മുടെ പ്രവൃത്തിസമയം. പക്ഷേ, പലപ്പോഴും അതിൽ കൂടുതൽനേരം ജോലി ചെയ്യേണ്ടതായി വരുന്നു. സ്‍മാർട്ഫോണുകളും മറ്റ് സാങ്കേതികവിദ്യകളുടെ വരവും ഇതിനൊരു പ്രധാന കാരണമാണ്. എന്നാൽ, ഇതിനെ ചോദ്യം ചെയ്യാൻ പലപ്പോഴും എല്ലാവരും ഭയക്കുന്നു. നമ്മുടെ ജോലിയുടെ സുരക്ഷിതത്വമോർത്ത് ഇതേപ്പറ്റി മേലുദ്യോഗസ്ഥരോട് പറയാൻ നമ്മൾ മടിക്കുന്നു.
എന്നാൽ, യുകെയിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ തൊഴിൽ മേഖലയിൽ ഇരുകൂട്ടർക്കും അനുയോജ്യമായ രീതിയിലാണ് കരാർ എഴുതുന്നത്. യൂറോപ്പിലെ തൊഴിൽ നിയമപ്രകാരം, ഒരു ജീവനക്കാരന്‍റെ ഒരാഴ്ചയിലെ ജോലി സമയം 48 മണിക്കൂറിൽ കൂടരുതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ദിവസേനയുള്ള വിശ്രമ സമയം, പ്രതിവാര വിശ്രമ സമയം, വാർഷിക അവധിദിനങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. സ്വന്തം ജോലിസമയം തീരുമാനിക്കുന്ന തൊഴിലാളികൾക്ക് ഇത് ബാധകമല്ല.
തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും മാനിച്ചാണ് ഇങ്ങനെയുള്ള ഒരു നിയമം അവിടെ കൊണ്ടുവന്നിരിക്കുന്നത്. ചില തൊഴിൽ മേഖലയിൽ ദീർഘനേരം ജോലിചെയ്യുന്നത് സുരക്ഷിതമല്ല. ഡ്രൈവർമാർ അല്ലെങ്കിൽ മെഡിക്കൽ സ്റ്റാഫ് പോലുള്ള തൊഴിലാളികൾക്ക് ദീർഘനേരം ജോലി ചെയ്യുന്നത് സുരക്ഷിതമല്ല, കാരണം അവർ ക്ഷീണിതരാണെങ്കിൽ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട്. ഏത് തൊഴിലാളിയാണെങ്കിലും കൂടുതൽനേരം ജോലി ചെയ്യുന്നത് അവരുടെ മാനസിക സമ്മർദ്ദം കൂട്ടാനും, മറ്റ് ആരോഗ്യപ്രശ്‍നങ്ങൾക്കും വഴിയൊരുക്കുന്നു. ഇത് മനസ്സിലാക്കികൊണ്ടാണ് ഇത്തരമൊരു നിയന്ത്രണം അവർ ഉണ്ടാക്കിയത്. ഇത് പാലിക്കാത്ത തൊഴിലുടമക്ക് നഷ്ടപരിഹാരമായി ചോദിക്കുന്ന തുക തൊഴിലാളിക്ക് നൽകേണ്ടി വരും.
എന്നാൽ, അവിടെ പല തൊഴിലുടമകളും തൊഴിലാളികളുടെ പ്രവൃത്തിസമയത്തിന്‍റെ വ്യക്തമായ രേഖകൾ സൂക്ഷിക്കുന്നില്ല. ഇത് പലപ്പോഴും തൊഴിലാളികളെ അധികസമയം ജോലിചെയ്യുന്നതിന് നിർബന്ധിതരാക്കുന്നു. യൂറോപ്യൻ നീതിന്യായ കോടതിയിൽ അടുത്തകാലത്തായി വന്ന ഒരു കേസുപ്രകാരം ഓരോ തൊഴിലാളിയുടെയും ദൈനംദിന ജോലിസമയം അളക്കാനായി ഒരു സംവിധാനം ഉണ്ടാക്കാൻ ആവശ്യപ്പെടുകയുണ്ടായി. തൊഴിലാളികളുടെ നിശ്ചിത പ്രവൃത്തി സമയത്തിനുശേഷം ഇമെയിലുകൾ കൈകാര്യം ചെയ്യാനും മറ്റുമായി എത്ര അധികസമയം ചെലവഴിക്കുന്നുവെന്ന് അറിയാനായിരുന്നു ഇത്.
2018 -ൽ ഐറിഷ് കോടതിയിൽ ഒരു കേസ് വന്നിരുന്നു. കെപക് കൺവീനിയൻസ് ഫുഡുകളുടെ ബിസിനസ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവായ ഗ്രീൻ ഓ ഹാരയാണ് വാദി. അവരുടെ തൊഴിൽ കരാറനുസരിച്ച് ആഴ്‍ചയിൽ 40 മണിക്കൂറാണ് ജോലിചെയ്യേണ്ടത്. വാസ്തവത്തിൽ, താൻ ആഴ്ചയിൽ 60 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും രാത്രി എട്ടിനും അർദ്ധരാത്രിക്കും ഇടയിൽ പതിവായി തൊഴിലുമായി ബന്ധപ്പെട്ട് ഇമെയിലുകൾ അയയ്ക്കുന്നവെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, ഒഹാരയുടെ ജോലി സമയം രേഖപ്പെടുത്താൻ തൊഴിലുടമയുടെ പക്കൽ ഒരു സംവിധാനവും ഇല്ലായിരുന്നു.
40 മണിക്കൂറിനുള്ളിൽ ഒഹാരയ്ക്ക് തന്‍റെ ജോലി സുഖകരമായി പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നായിരുന്നു അവരുടെ വാദം. എന്നാൽ ഒഹാര അധികസമയം പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനിക്ക് അറിയാമെന്നും ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും കോടതി കണ്ടെത്തി. ഒഹാരയെ കൂടുതൽ സമയം പണിയെടുപ്പിച്ചു എന്ന കാരണത്താൽ അവൾക്ക് അഞ്ച് ലക്ഷം രൂപയാണ് നഷ്‍ടപരിഹാരമായി നല്‍കാൻ തൊഴിലുടമയോട് ആവശ്യപ്പെട്ടത്.
യുകെ നിയമത്തിലെ ഒരു പ്രധാന വ്യത്യാസം, പൈലറ്റുമാർ, നാവികർ, ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവർക്കൊഴികെ ബാക്കിയുള്ള വ്യക്തിഗത ജീവനക്കാർക്ക് ഒരാഴ്ചയിൽ 48 മണിക്കൂർ പ്രവൃത്തി സമയമേ പാടുള്ളൂ. അതിൽ കൂടുതൽ ജോലിയെടുപ്പിക്കുന്ന തൊഴിലുടമക്കെതിരെ കോടതിയെ സമീപിച്ച് നഷ്‍ടപരിഹാരം വാങ്ങാൻ അവിടെ അവസരം ഉണ്ട്.
2017 -ൽ ഫ്രാൻസ് ഒരു പുതിയ നിയമം അവതരിപ്പിക്കുകയുണ്ടായി. വിശ്രമ കാലയളവ് ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമമാണ് ഇത്. ഒരു തൊഴിലാളിയോട് എപ്പോൾ വിളിച്ചാലും കോളുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ടതിന് ഒരു ഫ്രഞ്ച്കമ്പനിക്ക് 42 ലക്ഷം രൂപയാണ് നഷ്‍ടപരിഹാരമായി നൽകേണ്ടി വന്നത്. നിർഭാഗ്യവശാൽ, സ്വയംതൊഴിൽ ചെയ്യുന്നവർക്കും സ്വതന്ത്ര കരാറുകാർക്കും ഈ നിയമം ബാധകമല്ല. കുറഞ്ഞ പ്രവൃത്തി സമയം ഉല്പാദനശേഷികൂട്ടുമെന്ന് അവർ വിശ്വസിക്കുന്നു.