ചുറ്റും ആയുധധാരികള്‍, എപ്പോള്‍ വേണമെങ്കിലും വെടിയേല്‍ക്കാമെന്ന ഭയം; വിദ്യാഭ്യാസം നേടാനായി ഒരു പെണ്‍കുട്ടി നടത്തിയ പോരാട്ടം

By Web TeamFirst Published Jun 26, 2019, 2:29 PM IST
Highlights

ആ ആയുധധാരികള്‍ ഒരിക്കല്‍പ്പോലും ആ പെണ്‍കുട്ടികളെ സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. പക്ഷെ, ആയുധവുമായുള്ള ആ നില്‍പ്പിന്‍റെ ലക്ഷ്യം, പെണ്‍കുട്ടികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും അകറ്റുക എന്നതായിരുന്നു.

ചുറ്റും ആയുധധാരികള്‍... പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതില്ലായെന്നും ആക്രോശിച്ച് സ്കൂളിന് ചുറ്റും അവരങ്ങനെ റോന്തുചുറ്റി. പക്ഷെ, അതിലൊന്നും തളരാതെ എല്ലാ ഭയപ്പാടുകളേയും മറച്ചുവെച്ച് പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി വിദ്യാഭ്യാസം നേടുക തന്നെ ചെയ്തു. ഭാവിയില്‍ ഒരു മാധ്യമപ്രവര്‍ത്തകയാവണം എന്നതാണ് അവളുടെ ലക്ഷ്യം. അതിലൂടെ താനടക്കം അനുഭവിക്കേണ്ടി വന്നത് പുറം ലോകത്തെ അറിയിക്കണമെന്നും. അവളുടെ പേര് നസീമ സെഹ്റി. ബലൂചിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് വീട്. അവളുടെ പോരാട്ടം.  (ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്)

എന്‍റെ കുട്ടിക്കാലം മൊത്തം ഭയം നിറഞ്ഞതായിരുന്നു. നസീമ സെഹ്രി എന്ന പെണ്‍കുട്ടി പറയുന്നു. 

'ഞാന്‍ ക്വെറ്റ സര്‍ദാര്‍ ബഹദൂര്‍ ഖാന്‍ വിമണ്‍സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്. പക്ഷെ, ആ പഴയ കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഭയം തോന്നും.'  

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനിലെ ഖുസ്ദര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നസീമ ജനിച്ചതും വളര്‍ന്നതും. ആയുധവും കൊലപാതകവും ഭയവും നിറഞ്ഞതായിരുന്നു അവളുടെ കുട്ടിക്കാലം. പാകിസ്ഥാനിലെ പിന്നോക്കപ്രവിശ്യയായിരുന്നു ബലൂച്ചിസ്ഥാന്‍.  അവിടെ മനുഷ്യജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അതില്‍ തന്നെ സ്ത്രീകളുടെ ജീവിതം വളരെയേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. 

നസീമയുടെ കുട്ടിക്കാലത്ത് അനുഭവിച്ചിരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ദാരിദ്ര്യമായിരുന്നു. ഏഴ് സഹോദരങ്ങളായിരുന്നു അവര്‍. പിതാവ് അവരെ ഉപേക്ഷിച്ച് പോവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നസീമയുടെ മാതാവാകട്ടെ വിദ്യാഭ്യാസം നേടിയിരുന്നുമില്ല. അതിനാല്‍ത്തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞ ഒന്നായി മാറി. വിദ്യാഭ്യാസം എന്നതുപോലും നസീമയേയും സഹോദരങ്ങളേയും സംബന്ധിച്ച് ആഡംബരമായിരുന്നു. 

നസീമയ്ക്കും വിദ്യാഭ്യാസം നേടുക എന്നത് വെല്ലുവിളിയായിരുന്നു. പത്ത് വയസ്സുവരെ സര്‍ക്കാരിന്‍റെ സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്കൂളില്‍ പോയിരുന്നു നസീമ. പക്ഷെ, അപ്പോഴേക്കും അത് അടച്ചുപൂട്ടി. 

2009 മുതല്‍ 2013 വരെ ക്രിമിനലുകളുടെ നിയന്ത്രണത്തിലായിരുന്നു സ്കൂളുകളെന്നും നസീമ പറയുന്നു. പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് അകറ്റാനായി അവര്‍ സ്കൂളിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചു. അവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു. അവര്‍ മുഖം സ്കാര്‍ഫ് കൊണ്ടു മറച്ചിരുന്നു. കണ്ണുകള്‍ മാത്രമാണ് പുറത്ത് ദൃശ്യമായിരുന്നത്. 

ആറ് മുതല്‍ എട്ട് വരെ ആയുധധാരികള്‍ എപ്പോഴും സ്കൂളിന് മുന്നിലുണ്ടാവുമായിരുന്നു. അവര്‍ എപ്പോഴും ഞങ്ങളെ ഭയപ്പെടുത്തി. അവരെന്നെ വെടിവെച്ചിടുമോ എന്നതായിരുന്നു അന്നത്തെ എന്‍റെ ഏറ്റവും വലിയ പേടി -നസീമ പറയുന്നു. 

ആ ആയുധധാരികള്‍ ഒരിക്കല്‍പ്പോലും ആ പെണ്‍കുട്ടികളെ സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. പക്ഷെ, ആയുധവുമായുള്ള ആ നില്‍പ്പിന്‍റെ ലക്ഷ്യം, പെണ്‍കുട്ടികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും അകറ്റുക എന്നതായിരുന്നു. സമൂഹത്തിന് 'നിങ്ങളുടെ പെണ്‍കുട്ടികളെ സ്കൂളിലയക്കരുത്' എന്നൊരു സന്ദേശം കൂടി ഇതിലൂടെ അവര്‍ നല്‍കി. 

സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരൊന്നും തന്നെ ഭീതിപ്പെടുത്തുന്ന ഇത്തരത്തിലുള്ളൊരു സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. നസീമയും മറ്റു ചില പെണ്‍കുട്ടികളും അടുത്ത ഗ്രാമത്തിലെ സ്കൂളുകളില്‍ പോയി. പക്ഷെ, ആ സ്കൂളുകളുടെ പ്രവര്‍ത്തനം വെറും പ്രഹസനം മാത്രമായിരുന്നു. അവിടെ പഠിപ്പിക്കലൊന്നും നടന്നിരുന്നില്ല. അധ്യാപകര്‍ വെറുതേ ശമ്പളം വാങ്ങി വീട്ടില്‍ പോകുന്നവരായി. പെണ്‍കുട്ടികളും അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ പോയി. 

അതിനിടയിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ നസീമയുടെ രണ്ട് അമ്മാവന്‍മാരെ കാണാതാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും. അവരെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. പിന്നീട് കണ്ടത് വെടിയേറ്റ നിലയിലുള്ള അവരുടെ ശവശരീരം മാത്രമാണ്. അതോടെ നസീമ ആകെ തകര്‍ന്നുപോയി. അവരുടെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കുറേക്കാലം അവള്‍ക്ക് പുറത്തുകടക്കാനേ ആയില്ല. അവര്‍ രണ്ടുപേരും ചെറുപ്പമായിരുന്നു, ജീവിതം എത്രയോ ബാക്കിയുണ്ടായിരുന്നു എന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു. 

പക്ഷെ, ആ ദുരന്തം അവളില്‍ വിദ്യാഭ്യാസം നേടണമെന്ന ശക്തമായ തോന്നലുണ്ടാക്കി. മിഡില്‍ സ്കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം അവള്‍ക്ക് സ്കൂളില്‍ പോകാനുള്ള സാഹചര്യമുണ്ടായില്ലെങ്കിലും അവള്‍ പഠനത്തോട് വിട പറഞ്ഞില്ല. 

ആ ഗ്രാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. അവര്‍ വിദ്യാഭ്യാസം നേടുകയോ ജോലി സമ്പാദിക്കുകയോ ചെയ്യണമെന്ന് അവര്‍ കരുതിയതേയില്ല. പക്ഷെ, സാധാരണ ജോലികളില്‍ അവര്‍ എത്ര പണിയെടുത്താലും അധികമാകില്ല. വീട്ടില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്ത് അവരുണ്ടാക്കിയ കാശും പുരുഷന്മാര്‍ വാങ്ങി എന്നും നസീമ പറയുന്നു. സ്കൂളില്‍ പോകാന്‍ അനുവദിച്ചില്ലെങ്കിലും മദ്രസയില്‍ പോകാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു ഗ്രാമത്തിലുള്ളവര്‍. 

നസീമ തോറ്റു കൊടുത്തില്ല. അവള്‍ വീട്ടിലിരുന്ന് പഠിക്കുകയും പ്രൈവറ്റ് കാന്‍ഡിഡേറ്റായി പരീക്ഷകളെഴുതുകയും ചെയ്തു. പലപ്പോഴും സഹോദരന്മാരുടെ എതിര്‍പ്പ് കാരണം ആ വിദ്യാഭ്യാസവും തടസപ്പെട്ടിരുന്നു.

പക്ഷെ, സ്വന്തം അമ്മാവന്മാര്‍ കൊല്ലപ്പെട്ടത് അവളുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുകയായിരുന്നു. ഗ്രാമത്തിലെ ഇത്തരം അവസ്ഥകള്‍ പുറംലോകത്തെ അറിയിക്കണമെന്ന് അവള്‍ കരുതി. അതിനായി ജേണലിസ്റ്റ് ആവണമെന്നും.

ബലൂച്ചിസ്ഥാനിലെ ഒരേയൊരു വിമണ്‍സ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു പിന്നീടവള്‍. ഒരു വര്‍ഷത്തെ ഫീസ് അവളുടെ ഒരു അമ്മാവന്‍ അടച്ചിരുന്നു. അവരുടെ പിന്തുണ എപ്പോഴും അവള്‍ക്ക് പഠനകാര്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍, പിന്നീട് പണമില്ലാതെ വന്നു. അപ്പോഴവള്‍, USAID സ്കോളര്‍ഷിപ്പ് നേടി. യു എസ് ഗവണ്‍മെന്‍റ് നല്‍കുന്ന സ്കോളര്‍ഷിപ്പാണത്. 

തന്നെപ്പോലുള്ള അനേകരുടെ അവസ്ഥ ലോകത്തെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകയാകുമെന്ന ഉറച്ച തീരുമാനത്തിലാണവള്‍. 

(കടപ്പാട്:ബിബിസി)

click me!