
പുതിയ ബലാല്‍സംഗ വിരുദ്ധ നിയമത്തില്‍നിന്നും (anti- rape law) പ്രതികളുടെ ലൈംഗിക ഉത്തേജനം ഇല്ലാതാക്കുന്ന വ്യവസ്ഥ (castration) നിലവില്‍വന്ന് മൂന്നാം ദിവസം നീക്കം ചെയ്ത് ഭേദഗതി ചെയ്ത് പാക്കിസ്താന്‍ (Pakistan). ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ബുധനാഴ്ച ധൃതിപ്പെട്ട് പാസാക്കിയ ബലാല്‍സംഗം തടയാനുള്ള നിയമത്തിലെ നിര്‍ണായക വ്യവസ്ഥയാണ് ഒഴിവാക്കിയത്. എല്ലാ നിയമങ്ങളും ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്ന ഭരണഘടനാ ഉപദേശക സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ഭേദഗതി.
പാക്കിസ്ഥാന്‍ ഇക്കഴിഞ്ഞ ആഴ്ച പാസാക്കിയ ബലാല്‍സംഗ വിരുദ്ധ നിയമത്തില്‍നിന്നും പ്രത്യേക മരുന്നുകള്‍ നല്‍കി പ്രതികളുടെ ലൈംഗിക ഉത്തേജനം ഇല്ലാതാക്കുന്ന രാസഷണ്ഡീകരണ ശിക്ഷ (castration) ഒഴിവാക്കിയതായി നിയമകാര്യ പാര്‍ലമെന്ററി സെക്രട്ടറി മലീക ബുഖാരിയാണ് അറിയിച്ചത്. ഇസ്ലാമിക് ഐഡിയോളജി കൗണ്‍സിലിന്റെ ഉപദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് അവര്‍ പറഞ്ഞു. നിയമങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്ന ഭരണഘടനാ ഉപദേശക സമിതിയാണ് കൗണ്‍സില്‍. രാസഷണ്ഡീകരണം ഇസ്ലാമിക വിശ്വാസത്തിന് ചേര്‍ന്നതല്ലെന്ന കൗണ്‍സില്‍ നിര്‍ദ്ദേശം അനുസരിച്ചാണ് നിലവിലെ നിയമം ഭേദഗതി ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളെച്ചൊല്ലിയുള്ള ദേശവ്യാപക പ്രതിഷേധത്തിനെ തുടര്‍ന്നാണ് ബലാത്സംഗ കേസില്‍ കുറ്റവാളികളെ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബലാല്‍സംഗ വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വ്യവസ്ഥ ഇല്ലാതെ നിയമം നടപ്പാക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഈ ബുധനാഴ്ച ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തില്‍ ഇതുള്‍പ്പെടെ 33 നിയമങ്ങള്‍ പാസാക്കിയത്. എന്നാല്‍ മൂന്ന് ദിവസത്തിനകം ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ ഒറ്റയടിക്ക് പിന്‍വാങ്ങുകയായിരുന്നു.
അതേസമയം, ബലാത്സംഗക്കേസുകള്‍ രഹസ്യമായി വിചാരണ ചെയ്യാനും, നാല് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കാനും പാകിസ്താനിലുടനീളം പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും രാജ്യത്തെ പുതിയ ബലാത്സംഗ വിരുദ്ധ നിയമം അനുശാസിക്കുന്നു.
ഈ നിയമപ്രകാരം, ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രാജ്യവ്യാപക രജിസ്റ്റര്‍ ഉണ്ടാക്കും. കൂടാതെ, ഇരകളുടെ പേരുവിവരങ്ങള്‍ സംരക്ഷിക്കപ്പെടുകയും, കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരകളുടെ വൈദ്യപരിശോധന നടത്താന്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിക്കുകയും ചെയ്യും. കൂട്ടബലാത്സംഗത്തിന് കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷയോ ജീവിതകാലം മുഴുവന്‍ തടവോ വിധിക്കും.
മരുന്നുകള്‍ കുത്തിവച്ച് ലൈംഗിക ഉത്തേജനം കുറയ്ക്കുന്ന രീതിയാണ് രാസഷണ്ഡീകരണം. പോളണ്ട്, ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്, ചില യുഎസ് സ്റ്റേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബലാല്‍സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് രാസഷണ്ഡീകരണം. എന്നാല്‍, ഈ ശിക്ഷാ രീതി ഏറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണെന്ന് ആരോപണമുണ്ട്. ഈ ശിക്ഷാ രീതി നടപ്പാക്കുന്നത് മനുഷ്യവിരുദ്ധവും ക്രൂരവുമാണെന്ന് ഈയിടെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞിരുന്നു.
2020 സെപ്തംബറില്‍ ഒരു സ്ത്രീയെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും വലിച്ചിഴച്ച് രണ്ടുപേര്‍ തോക്ക് ചൂണ്ടി കുട്ടികളുടെ മുന്നില്‍ ബലാല്‍സംഗം ചെയ്ത സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന്, ബലാല്‍സംഗ കേസ് പ്രതികളുടെ ലൈംഗിക ഉത്തേജനം ഇല്ലാതാക്കുന്ന രാസഷണ്ഡീകരണം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബലാല്‍സംഗ വിരുദ്ധ നിയമത്തില്‍ ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയത്.
അതേസമയം, പാക്കിസ്ഥാനിലെ പൊലീസ് നടപടികള്‍ ശക്തിപ്പെടുത്തുകയോ നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുകയോ ചെയ്യാതെ രാസഷണ്ഡീകരണം അടക്കമുള്ള ശിക്ഷാരീതികള്‍ നടപ്പാക്കിയിട്ട് ഫലമില്ലെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്താനില്‍ ബലാത്സംഗ കേസുകളില്‍ നാല് ശതമാനത്തില്‍ താഴെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നുള്ളൂവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.