Farm Laws ‌| ദില്ലി പൊലീസിലെ ഇൻസ്‌പെക്ടർ ജോലി വലിച്ചെറിഞ്ഞ് കർഷകസമരങ്ങളുടെ നേതാവായ രാകേഷ് ടിക്കായത്ത് ആരാണ് ?

By Web TeamFirst Published Nov 20, 2021, 2:20 PM IST
Highlights

ആ പ്രസംഗത്തിനിടെ ടിക്കായത്ത് വിങ്ങിപ്പൊട്ടിയത് കർഷകരിൽ വല്ലാത്തൊരു സ്വാധീനമാണ് ചെലുത്തിയത്. 

രാകേഷ് സിംഗ് ടിക്കായത്ത് (Rakesh Tikait) ഈയടുത്ത കാലത്ത് ഇന്ത്യൻ ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒരു കർഷകനേതാവാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കാനിരുന്ന പുതിയ കർഷകബില്ലിനെതിരെ(Farmer Laws) പ്രതിഷേധിച്ചുകൊണ്ട് തുടങ്ങിയ, പിന്നീടങ്ങോട്ട് ദില്ലിയെയും പരിസര പ്രദേശങ്ങളെയും  സംഘർഷഭരിതമാക്കി മാറ്റിയ 'കർഷകസമര'ത്തിന്റെ(Farmer's Protest) മുന്നണിയിലെ പ്രധാന നേതാക്കളിൽ ഒരാൾ ഉത്തർപ്രദേശിലെ സിസൗലി സ്വദേശിയായ ടിക്കായത്തായിരുന്നു.

പ്രമുഖ കർഷകനേതാവും ഭാരതീയ കിസാൻ യൂണിയൻ(BKU) എന്ന കർഷകസംഘടനയുടെ സഹസ്ഥാപകനുമായിരുന്ന, പരേതനായ മഹേന്ദ്ര സിംഗ് ടികായത്തിന്റെ മകനാണ് രാകേഷ്. മോദി സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് തുടങ്ങിയ കർഷകസമരം, കൊവിഡ്കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടും, കേന്ദ്രത്തിന്റെ നിരവധിയായ സമ്മർദ്ദതന്ത്രങ്ങൾക്ക് കീഴ്പ്പെടാതെ പൊരുതിയുമാണ് വിജയംവരെയും പിടിച്ചു നിന്നത്. സമരം നിരവധി തവണ അക്രമസംഭവങ്ങൾക്കുള്ള വേദിയായിട്ടും, ആ അക്രമങ്ങളുടെ പേരിൽ അറസ്റ്റടക്കമുള്ള സമ്മർദ്ദങ്ങളുണ്ടായിട്ടും അതിലൊന്നും തളരാതെ സമരം തുടർന്ന ടിക്കായത്ത് കർഷകരുടെ ആത്മവീര്യം കെടാതെ സൂക്ഷിക്കുന്നതിലും വിജയിച്ചു. 

കർഷക സമരത്തിന്റെ നേതൃനിരയിലേക്ക് വരുംമുമ്പ് സമൂഹത്തിലെ മറ്റുപലരെയും പോലെ അധ്വാനിച്ചു നേടിയ ഗവണ്മെന്റ് ജോലിയുടെ സുരക്ഷിതത്വത്തിൽ, അതിന്റെ ശീതളിമയിൽ കഴിയുകയായിരുന്നു ടിക്കായത്തും. മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ ടിക്കായത്ത് 1992 ൽ ദില്ലി പോലീസിൽ കോൺസ്റ്റബിൾ ആയിച്ചേരുകയും പിന്നീട് സബ് ഇൻസ്പെക്ടറായി ഉയർത്തപ്പെടുകയും ചെയ്തു. 1993 – 1994 -ൽ ചെങ്കോട്ടയിൽ നടന്ന സമാനമായ ഒരു കർഷകപ്രതിഷേധത്തോട് ഉള്ളിൽ തോന്നിയ അനുഭാവമാണ് ടിക്കായത്തിനെ ദില്ലി പോലീസിലെ സബ് ഇൻസ്‌പെക്ടർ സ്ഥാനം രാജിവെക്കാനും ബി.കെ.യു അംഗമായി ആ പ്രതിഷേധത്തിൽ പങ്കുചേരാനും പ്രേരിപ്പിക്കുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയെ, കർഷക സമരത്തിൽ മുട്ടുകുത്തിച്ചു ചരിത്രമുള്ള  ജനപ്രിയനായ കർഷകനേതാവായിരുന്ന അച്ഛൻ മഹേന്ദ്രസിംഗ് ടിക്കായത്തിന്റെ മരണശേഷമാണ്മകൻ രാകേഷ് പോലീസുദ്യോഗം വേണ്ടെന്നുവെച്ച് ബികെയുവിൽ അംഗമാവുന്നതും, അതിന്റെ വക്താവായി മാറുന്നതുമെല്ലാം.

2018 -ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ മുതൽ ദില്ലി വരെ നടന്ന കിസാൻ ക്രാന്തി യാത്രയുടെ മുൻനിര നേതാവായിരുന്ന മകൻ രാകേഷ് ടിക്കായത്ത്, അതിനു മുമ്പ് 2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർഎൽഡി ടിക്കറ്റിലും, അതിനു മുമ്പ് 2007 -ൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെയും മത്സരിച്ചിരുന്നു എങ്കിലും രണ്ടുതവണയും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. മിനിമം സപ്പോർട്ട് പ്രൈസ് അഥവാ താങ്ങുവിലയെ നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്നും, ഫാം ബില്ലുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്, രാകേഷ് ടിക്കായത്ത് നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ(BKU), 2020 നവംബറിൽ ഇന്ത്യൻ കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി സമരം നയിക്കാൻ തീരുമാനിക്കുന്നത്. 2019 -ലെ തിരഞ്ഞെടുപ്പിൽ താൻ വോട്ടുചെയ്തത് ബിജെപിക്കാണ് എന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ള രാകേഷ് പക്ഷേ പിന്നീടങ്ങോട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്, കർഷകസമരങ്ങളുടെ പേരിൽ വലിയ  തലവേദനയാവുകയാണ് ഉണ്ടായത്. 

ജാട്ട് സമുദായത്തിന് മേൽക്കോയ്മയുള്ള ഒരു ഗ്രാമമാണ് ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലുള്ള സിസൗലി. ദില്ലി -ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ, വിഎം സിങിന്റെ നേതൃത്വത്തിൽ, രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടന്റെ ബാനറിൽ സമരം ചെയ്ത കർഷകർ,  ടിക്കായത്ത്  നയിക്കുന്ന ബികെയുവിന്റെ കീഴിൽ അണിനിരന്നതിനേക്കാൾ എണ്ണത്തിൽ വളരെ അധികമായിരുന്നു എങ്കിലും ടിക്കയത്തിന്റെ സമരത്തിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. പഞ്ചാബ്-ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകളുടെ സമരത്തെ നിർവീര്യമാക്കാൻ വേണ്ടി കേന്ദ്രം കെട്ടിയിറക്കിയതാണ് ടിക്കായത്തിനെ  എന്നുപോലും തുടക്കത്തിൽ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. ആ ആക്ഷേപങ്ങൾ എല്ലാം തന്നെ, ജനുവരി അവസാനം ഗാസിപൂരിൽ ടിക്കായത്ത് നടത്തിയ പ്രസംഗത്തോടെ അവസാനിച്ചു. ആ പ്രസംഗത്തിനിടെ ടിക്കായത്ത് വിങ്ങിപ്പൊട്ടിയത് കർഷകരിൽ വല്ലാത്തൊരു സ്വാധീനമാണ് ചെലുത്തിയത്. പലർക്കും അപ്പോൾ ഓർമവന്നത് രാകേഷിന്റെ അച്ഛൻ മഹേന്ദ്ര സിംഗ് ടിക്കായത്ത് നടത്തിയ മുൻകാല പ്രക്ഷോഭങ്ങളാണ്.

 

 

പിന്നീട് വിഎം സിംഗ് സമരത്തിൽ നിന്ന് പിന്മാറിയതോടെ പടിഞ്ഞാറൻ യുപിയിലെ അനിഷേധ്യനായ കർഷക നേതാവായി ടിക്കായത്ത്‌ മാറി. ആർഎൽഡി നേതാവ് അജിത് സിംഗ് അന്ന് രാത്രി തന്നെ ടിക്കായത്തിനെ വിളിച്ച് സമീപസംസ്ഥാനങ്ങളിലെ ഐഎൻഎൽഡിയുടെ അഭയ്‌സിംഗ് ചൗട്ടാല, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ ഹനുമാൻ  ബേനിവാൾ അടക്കമുള്ള ജാട്ട് കർഷകനേതാക്കളുടെ പിന്തുണ കൂടി അറിയിച്ചതോടെ ഉത്തരേന്ത്യയിലെ മുഴുവൻ കർഷക സമൂഹവും ടിക്കായത്തിനു പിന്നിൽ അണിനിരക്കുകയും ടിക്കായത്ത്‌ രാത്രിക്കുരാത്രി കർഷക സമരത്തിന്റെ ദേശീയമുഖമായി മാറുകയും ചെയ്തു.

 

 

വർഷം തോറും വർധിച്ചു വരുന്ന വൈദ്യുതി നിരക്കുകളും, ട്രാക്ടറുകളിൽ ഉപയോഗിക്കേണ്ടുന്ന ഡീസലിന്റെ വിലവർധനവും അടക്കം പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന, അതിന്റെ പേരിൽ സമരോന്മുഖമായിരുന്ന കർഷക സമൂഹം നേരിട്ട അവസാനത്തെ പ്രകോപനമായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച moonnu പുതിയ കർഷക നിയമങ്ങൾ. ആ നിയമങ്ങൾക്കെതിരെ പോരാടാൻ കർഷക സമൂഹം തീരുമാനിച്ചപ്പോൾ, അതിന്റെ അമരത്തുനിൽക്കാൻ രാകേഷ് ടിക്കയത്തിന് നിയോഗമുണ്ടായപ്പോൾ, കർഷകർക്കു മുന്നിലുണ്ടായിരുന്നത്  അദ്ദേഹത്തിന്റെ അച്ഛൻ പതിറ്റാണ്ടുകൾക്ക് മുൻപ് നയിച്ച കർഷകസമരങ്ങൾക്കുണ്ടായ വിജയം മകനും ആവർത്തിക്കാൻ സാധിച്ചേക്കും എന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷ ആസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ്, കർഷക നിയമങ്ങൾ പിൻവലിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ രൂപത്തിൽ, ഇപ്പോൾ കർഷകരെ തേടിയെത്തിയിരിക്കുന്ന ഈ വിജയം. 


  

 

click me!