പാചകവാതക പ്രതിസന്ധി: പാക്കിസ്ഥാനില്‍ പ്ലാസ്റ്റിക് കവറുകളില്‍ ഗ്യാസ് നിറച്ച് നാട്ടുകാര്‍

Published : Jan 04, 2023, 05:58 PM IST
പാചകവാതക പ്രതിസന്ധി: പാക്കിസ്ഥാനില്‍ പ്ലാസ്റ്റിക് കവറുകളില്‍ ഗ്യാസ് നിറച്ച് നാട്ടുകാര്‍

Synopsis

ഗ്യാസ് പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച കടകള്‍ക്കുള്ളില്‍ നിന്നാണ് ബാഗുകളില്‍ നിറച്ച ഗ്യാസ് വില്‍ക്കുന്നത്

പാക്കിസ്ഥാനില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് കവറുകളില്‍ പാചകവാതകം ശേഖരിച്ച് ജനങ്ങള്‍. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ആണ് വലിയ പ്ലാസ്റ്റിക് കവറുകളില്‍ പാചകവാതകം ശേഖരിച്ച് നടന്നുപോകുന്ന പ്രദേശവാസികളായ ചെറുപ്പക്കാരുടെ ദൃശ്യങ്ങള്‍ ഉള്ളത്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍ . പാക്കിസ്ഥാനില്‍ പാചകത്തിന് സിലിണ്ടറുകളില്‍ നിറച്ച പാചകവാതകത്തിന് പകരം പ്ലാസ്റ്റിക് കവറുകളില്‍ പാചകവാതകം ഉപയോഗിച്ച് തുടങ്ങി എന്ന കുറിപ്പോയാണ് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചിട്ടുള്ളത്. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായെങ്കിലും ഇതിന്റെ ആധികാരികത സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് .

രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന പാചകവാതക പ്രതിസന്ധിയെ മറികടക്കാനാണ് ആളുകള്‍ തനിയെ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ഗ്യാസ് പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച കടകള്‍ക്കുള്ളില്‍ നിന്നാണ് ബാഗുകളില്‍ നിറച്ച ഗ്യാസ് വില്‍ക്കുന്നത്.  ഒരു ചെറിയ ഇലക്ട്രിക് സക്ഷന്‍ പമ്പിന്റെ സഹായത്തോടെ ആളുകള്‍ ഇത് അടുക്കളയില്‍ ഉപയോഗിക്കുന്നു. ഇങ്ങനെ പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിക്കുന്ന പാചകവാതകം നോസലും വാല്‍വും ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും അത്യന്തം അപകടകരമായ ഒന്നാണ് ഇത്.

എന്നാല്‍ രാജ്യത്തെ വിഭവങ്ങളുടെ അഭാവമാണ് തങ്ങളെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അപകടകരമായ രീതികള്‍ അവലംബിക്കാന്‍  പ്രേരിപ്പിക്കുന്നത് എന്നാണ് ജനങ്ങള്‍ പറയുന്നത്. മസുമാ ബീവി എന്ന സ്ത്രീ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി 'അപകടകരമാണെന്ന് ഇതെന്ന് അറിയാമെങ്കിലും മറ്റൊരു വഴി തങ്ങള്‍ക്കു മുന്‍പില്‍ ഇല്ല' എന്നാണ്. 

ഗ്യാസ് സിലിണ്ടറുകളുടെ വില തങ്ങള്‍ക്ക് താങ്ങാന്‍ ആകുന്നില്ലെന്നും ഇവര്‍ പറയുന്നു. നിലവില്‍ പാക്കിസ്ഥാനില്‍ 11.8 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് 3000 രൂപയാണ് വില.  45 കിലോയുടെ കൊമേഴ്ഷ്യല്‍ ഗ്യാസിന് 10000 രൂപയ്ക്ക് അടുത്താണ് വില. എന്തുതന്നെയായാലും അത്യന്തം അപകടകരമായ ഈ പ്രവണത സത്യമാണെങ്കില്‍ അത് തടയാന്‍ അവിടെ ബന്ധപ്പെട്ട അധികാരികള്‍ ആരുമില്ലേ എന്നാണ് വീഡിയോ കണ്ട ആളുകളില്‍ ഭൂരിഭാഗവും ചോദിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം