തടവുചാട്ടത്തെ തുടര്‍ന്ന് പീഡനം; ഫലസ്തീന്‍  തടവുകാര്‍ നിരാഹാര സമരത്തില്‍

By Web TeamFirst Published Oct 13, 2021, 8:32 PM IST
Highlights

ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരമാരംഭിച്ചു. കഴിഞ്ഞ മാസം ഗില്‍ബോവ ജയിലിലുണ്ടായ തടവുചാട്ടത്തെ തുടര്‍ന്ന്, ഇസ്രായേല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ചാണ് നിരാഹാര സമരമെന്ന് ഫലസതീന്‍ സംഘടന അറിയിച്ചു. 
 

ജറുസലെം: ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരമാരംഭിച്ചു. കഴിഞ്ഞ മാസം ഗില്‍ബോവ ജയിലിലുണ്ടായ തടവുചാട്ടത്തെ തുടര്‍ന്ന്, ഇസ്രായേല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ചാണ് നിരാഹാര സമരമെന്ന് ഫലസതീന്‍ സംഘടന അറിയിച്ചു. 

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍നിന്നാണ് ആറു ഫലസ്തീന്‍ തടവുകാര്‍ കഴിഞ്ഞ മാസം തടവുചാടിയത്. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായിരുന്നു തടവുകാര്‍. ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്റൂമില്‍നിന്നും പുറത്തേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷപ്പെട്ടത്.അതീവസുരക്ഷയുണ്ടെന്ന് കരുതുന്ന ഇസ്രായേലി ജയിലില്‍നിന്നുള്ള ഇവരുടെ ജയില്‍ ചാട്ടം ഫലസ്തീന്‍ ജനത ആഘോഷമായതാണ് കണ്ടിരുന്നത്. തങ്ങള്‍ക്കേറ്റ വലിയ അടിയായി ഈ സംഭവത്തെ കണക്കാക്കിയ ഇസ്രായേലി സൈന്യം സര്‍വ്വശക്തിയും ഉപയോഗിച്ച് ഇവരെ തിരഞ്ഞുപിടിക്കുകയായിരുന്നു. മൂന്നിടങ്ങളില്‍ നിന്നായാണ് തടവുകാരെ പിടികൂടിയത്. അതിനു ശേഷമാണ്, ഇസ്രായേലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ഇസ്രായേലിന്റെ മനുഷ്യവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം ആരംഭിക്കുന്നതെന്ന് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് ക്ലബ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇസ്രായേല്‍ ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയതായും സംഘടന അറിയിച്ചു. 35 സ്ത്രീകളും 200 കുട്ടികളും അടക്കം 4600 ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേലി ജയിലുകളിലുള്ളത്. 

ഇസ്രായേല്‍ കൊടുംഭീകരനായി പ്രഖ്യാപിച്ച അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, ഭീകരവാദ കേസുകളില്‍ മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ തുടങ്ങിയവരാണ് ജയില്‍ ചാടിയിരുന്നത്. 


 

click me!