
അഞ്ച് വയസ്സുള്ള മകനെ സഹാറ മരുഭൂമിയിൽ ബലിയർപ്പിക്കാൻ തീരുമാനിച്ചിരുന്ന ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്പെയിനിലാണ് ദമ്പതികൾ അറസ്റ്റിലായത്. സ്പാനിഷ് പൊലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടിയെ ഡിസംബറിൽ ബലിയർപ്പിക്കാനായിരുന്നുവത്രെ ദമ്പതികളുടെ പദ്ധതി. കുട്ടിക്ക് ബാധ കേറിയിട്ടുണ്ട് എന്ന് ആരോപിച്ചായിരുന്നു ഇത്. തെക്കൻ സ്പാനിഷ് തുറമുഖമായ അൽജെസിറാസിൽ വച്ച് ഡിസംബർ 21 -നാണ് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് പിടികൂടിയത്. മൊറോക്കൻ നഗരമായ ടാംഗിയേഴ്‌സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ഇവർ. ഒരു വള്ളത്തിൽ കുട്ടിയുമായി കയറാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നത്.
"തങ്ങളുടെ അഞ്ച് വയസ്സുള്ള മകനെ സഹാറയിൽ വെച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്ന ഫ്രഞ്ച് വംശജരായ ദമ്പതികളെ തങ്ങൾ അറസ്റ്റ് ചെയ്തു" എന്ന് പൊലീസ് പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ്. സ്പെയിനിലെ ജഡ്ജി ഇരുവരെയും റിമാൻഡ് ചെയ്തു. അതേസമയം കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമൊന്നുമില്ല. കുട്ടിയെ ഫ്രാൻസിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് സ്പെയിനിലെ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ് എന്നും പൊലീസ് പറയുന്നു.
നേരത്തെ ഇന്ത്യയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഗുജറാത്തിൽ 14 വയസുള്ള കുട്ടിക്ക് പിശാച് ബാധിച്ചിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ട് അച്ഛൻ അവളെ കൊലപ്പെടുത്തുകയായിരുന്നു. മന്ത്രവാദത്തിനിടെയാണ് കുട്ടി മരിച്ചത്. ഭവേഷ് അക്ബരിയും സഹോദരൻ ദിലീപും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂർ നേരമാണ് ഇരുവരും ചേർന്ന് കുട്ടിയെ തീയുടെ മുന്നിൽ നിർത്തിയത്. പിന്നാലെ, അവർ അവളുടെ വസ്ത്രങ്ങൾ കത്തിക്കുകയും
അവളെ നഗ്നയാക്കി മർദ്ദിക്കുകയും ചെയ്തു. ശേഷം തലമുടിയിൽ വടി കെട്ടി രണ്ടു കസേരകൾക്കിടയിൽ നിർത്തിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. കൂടാതെ അവളെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം