കാറും വീടും വിറ്റ് 6 വയസുകാരനെയും കൊണ്ട് മാതാപിതാക്കളുടെ ലോകയാത്ര, കാരണം കേട്ട് കയ്യടിച്ച് നെറ്റിസൺസ്

By Web TeamFirst Published Mar 27, 2024, 1:12 PM IST
Highlights

സ്വന്തം വീടും കാറും വരെ വിറ്റ് മകനെയും കൊണ്ട് ലോകം ചുറ്റാനുള്ള ഈ ദമ്പതികളുടെ തീരുമാനം അക്ഷരാർത്ഥത്തിൽ ചൈനീസ് സോഷ്യൽ മീഡിയയെ ആകെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പഠിക്ക്, പഠിക്ക് എന്നും പറഞ്ഞ് മക്കളെ ശല്ല്യപ്പെടുത്തുന്ന അനേകം അച്ഛനമ്മമാരെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, ചൈനയിൽ നിന്നുള്ള ഈ മാതാപിതാക്കൾ അങ്ങനെയേ അല്ല. കാറും ഫ്ലാറ്റും തുടങ്ങി സകലതും വിറ്റ് ആറുവയസുകാരനായ മകനെയും കൊണ്ട് ലോകം ചുറ്റാനിറങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ. 

പൊതുവിദ്യാലയത്തിൽ മകന്റെ പ്രവേശനം വൈകിയപ്പോഴാണ് ആറ് വയസുകാരനായ മകനേയും കൊണ്ട് ലോകം ചുറ്റാൻ ഇവർ തീരുമാനിച്ചത്. ഒരു കാംപർ വാനിലാണ് കുടുംബത്തിന്റെ യാത്ര. പത്ത് പ്രവിശ്യകൾ കുടുംബം യാത്ര ചെയ്ത് കഴി‍ഞ്ഞു. യാത്ര തുടരുകയാണത്രെ. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യാങ് ക്വിയാങും ഭാര്യയുമാണ് മകനൊപ്പം യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. 

ഒരു വർഷം കൊണ്ട് മകനെ ജീവിതത്തിന്റെ പാഠങ്ങൾ പഠിപ്പിക്കണം, അവനുമായി നല്ല നല്ല നിമിഷങ്ങൾ പങ്കുവയ്ക്കണം എന്നൊക്കെയാണ് ക്വിയാങ്ങും ഭാര്യയും പറയുന്നത്. പബ്ലിക്ക് സ്കൂളിൽ പ്രവേശനം കിട്ടിയില്ലെങ്കിലും അവനെ സ്വകാര്യ സ്കൂളിൽ ചേർക്കുന്നില്ല എന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 

പാഠപുസ്തകങ്ങളിൽ നിന്നും പഠിക്കുന്നത് പോലെ തന്നെ പുറത്ത് നിന്നും ഒരുപാട് നമുക്ക് പഠിക്കാനുണ്ട്. ലോകത്തിൽ നിന്നും അവന് പഠിക്കാനുള്ള പാഠങ്ങളെല്ലാം തന്നെ ഈ ഒരു വർഷത്തെ യാത്രയിൽ അവനെ പഠിപ്പിക്കണം എന്നാണ് തങ്ങൾ കരുതുന്നത് എന്നാണ് ദമ്പതികൾ പറയുന്നത്. 

സ്വന്തം വീടും കാറും വരെ വിറ്റ് മകനെയും കൊണ്ട് ലോകം ചുറ്റാനുള്ള ഈ ദമ്പതികളുടെ തീരുമാനം അക്ഷരാർത്ഥത്തിൽ ചൈനീസ് സോഷ്യൽ മീഡിയയെ ആകെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എല്ലാ മാതാപിതാക്കളും കുട്ടികളോട് ഏതുനേരവും പഠിക്ക് പഠിക്ക് എന്നും പറഞ്ഞ് ബുദ്ധിമുട്ടിലാക്കുന്ന നേരത്ത് ഈ മാതാപിതാക്കൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. 

വായിക്കാം: ഒരേസമയം രണ്ടുപേർക്ക് ഒരുമിച്ച് നിൽക്കാൻ പോലും പറ്റാത്ത വീട് കാണാൻ ആയിരങ്ങൾ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!