Valentine's day China : ചൈനയിൽ വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ പാർട്ടിയും, പങ്കാളികളെ കണ്ടെത്താനും സഹായം

Published : Feb 14, 2022, 02:59 PM IST
Valentine's day China : ചൈനയിൽ വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ പാർട്ടിയും, പങ്കാളികളെ കണ്ടെത്താനും സഹായം

Synopsis

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷാൻഡോങ്ങിലെ ജിനാനിൽ പാർട്ടി പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറിലധികം അവിവാഹിതരാണ് പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈന(China)യിൽ ഇന്ന് ജനനനിരക്ക് കുത്തനെ ഇടിയുകയാണ്. ഒരിക്കൽ വർധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ട രാജ്യം ഇപ്പോൾ ജനസംഖ്യ വർധിപ്പിക്കാൻ പെടാപ്പാട് പെടുകയാണ്. മറ്റ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഗസ്റ്റ് 4 -നാണ് ചൈനീസ് വാലന്റൈൻസ് ഡേ(Valentine's Day) അഥവ ക്വിക്സി. അടുത്തകാലം വരെ വാണിജ്യ മേഖലയാണ് അന്നേദിവസം രാജ്യത്ത് പ്രണയം വളർത്താൻ താൽപ്പര്യപ്പെട്ടിരുന്നതെങ്കിൽ, ഇപ്രാവശ്യം യുവാക്കൾക്ക് പങ്കാളികളെ കണ്ടെത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ മുന്നിട്ട് ഇറങ്ങാനുള്ള തീരുമാനത്തിലാണ്. ഇന്ന് രാജ്യത്തെ അവിവാഹിതരായ യുവാക്കളെ വിവാഹം കഴിപ്പിക്കാനുള്ള ജോലി ഏറ്റെടുത്തിരിക്കുകയാണ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും എന്നാണ് റിപ്പോർട്ട്.            

പ്രണയം കണ്ടെത്താൻ കഷ്ടപ്പെടുന്ന അവിവാഹിതർക്കായി നിരവധി പരിപാടികളും സമ്മേളനങ്ങളും പാർട്ടി സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ജനന-വിവാഹ നിരക്കുകൾ കുറയുന്നതും, അതിനെ തുടർന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക സ്തംഭനാവസ്ഥയും രാജ്യത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യൂത്ത് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ യുവാക്കൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കുന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നു.    

കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളം വിവാഹനിരക്ക് കുറഞ്ഞു. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (NBS) പ്രകാരം 2013 -ൽ 13.47 ദശലക്ഷം വിവാഹങ്ങൾ നടന്നപ്പോൾ, 2020 -ൽ 8.14 ദശലക്ഷം വിവാഹങ്ങൾ മാത്രമാണ് നടന്നത്. എൻബിഎസ് ഡാറ്റ പ്രകാരം, രാജ്യത്തെ ജനനനിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 7.52 ആയി കുറഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായ 1949 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ചൈനയുടെ ഒറ്റക്കുട്ടി നയവും, പെൺമക്കളേക്കാൾ ആൺമക്കളോടുള്ള താല്പര്യവും പുരുഷന്മാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഈ ലിംഗ അസന്തുലിതാവസ്ഥ കാരണം ആണുങ്ങൾക്ക് പെണ്ണ് കിട്ടാൻ പ്രയാസമായി.    

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷാൻഡോങ്ങിലെ ജിനാനിൽ പാർട്ടി പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറിലധികം അവിവാഹിതരാണ് പങ്കെടുത്തത്. സിറ്റി പാർക്കിൽ നടന്ന ഒരു ചടങ്ങിൽ അതിഥികളുടെ പ്രായം, തൊഴിൽ മേഖലകൾ, വരുമാനം എന്നിവ വിശദമാക്കുന്ന രേഖാമൂലമുള്ള പ്രൊഫൈലുകൾ മരങ്ങൾക്കിടയിൽ കെട്ടിയിട്ടു. പശ്ചാത്തലത്തിൽ പോപ്പ് സംഗീതം പ്ലേ ചെയ്യുമ്പോൾ, പലതരം ഗെയിമുകളും പാർട്ടി സംഘടിപ്പിച്ചു. അതുപോലെ, അൻഹുയി പ്രവിശ്യയിൽ, പ്രാദേശിക ഉദ്യോഗസ്ഥർ യുവാക്കളെ തമ്മിൽ ബന്ധിപ്പിക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിൽ ഒരു പരിപാടി ആരംഭിച്ചു. അതിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മറ്റുള്ളവരുടെ കുടുംബപ്പേര്, ഉയരം, കമ്പനി, വരുമാനം തുടങ്ങിയ വിവരങ്ങൾ കാണാൻ കഴിയും. "അതിൽ നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ, അവരെ ഒരു സുഹൃത്തായി ചേർക്കാം" കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് പ്രതിനിധി ലീ ഹെങ് വിശദീകരിക്കുന്നു.  

വർദ്ധിച്ചുവരുന്ന അവിവാഹിതരുടെ എണ്ണവും, വന്ധ്യത നിരക്കുകളുമാവും ഈ പുതുക്കിയ കാൽവയ്പ്പിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രേരിപ്പിച്ചത് എന്ന് പറയുന്നു.  
 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്