ഇന്ത്യയിലെ ഒരു പാർക്കിൽ വെച്ച് തനിക്കുണ്ടായ അപ്രതീക്ഷിതമായ അനുഭവം പങ്കുവെച്ച് ഓസ്റ്റിൻ എന്ന വിദേശി യുവാവ്. അപരിചിതരായ ഒരു കൂട്ടം ഇന്ത്യക്കാർ തന്നെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും ക്ഷണിച്ചതിന്‍റെ അനുഭവമാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. 

ഇന്ത്യയിലെ ആളുകളുടെ ആതിഥ്യമര്യാദ ലോക പ്രശസ്തമാണ്. അതേക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. പലപ്പോഴും വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന പലരും ഈ ആതിഥ്യമര്യാദയിൽ വീണുപോകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു പാർക്കിൽ വച്ചാണ് വിനോദസഞ്ചാരിയായ ഈ വിദേശി യുവാവിന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. പാർക്കിൽ വച്ച് അപരിചിതരായ ഇന്ത്യക്കാർ ചായ കുടിക്കാൻ യുവാവിനെ ക്ഷണിക്കുകയായിരുന്നു. കണ്ടന്റ് ക്രിയേറ്ററായ ഓസ്റ്റിനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

വ്യായാമം ചെയ്യുന്നതിനും രാവിലത്തെ ഭക്ഷണം കഴിക്കുന്നതിനും ഒക്കെ വേണ്ടി പ്രദേശത്തെ കുറച്ചാളുകൾ ആ പാർക്കിൽ കൂടിയിട്ടുണ്ടായിരുന്നു. ആ സമയത്താണ് യുവാവ് അതുവഴി നടക്കാൻ പോയതും. യുവാവ് അതുവഴി കടന്നുപോയപ്പോൾ അവർ ചൂടുചായ കുടിക്കാനും ബ്രെഡ് കഴിക്കാനുമായി യുവാവിനെ കൂടി തങ്ങൾക്കൊപ്പം ക്ഷണിക്കുകയായിരുന്നു. ലോകത്ത് പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും എവിടെ നിന്നും അപരിചിതരിൽ നിന്നും ഇതുപോലെ ആത്മാർത്ഥമായ ഒരു ക്ഷണം തനിക്ക് കിട്ടിയിട്ടില്ല എന്നാണ് ഓസ്റ്റിൻ തന്റെ വീഡിയോയിൽ പറയുന്നത്.

View post on Instagram

ഈ ഇന്ത്യക്കാർ തന്നെ അടുത്തേക്ക് വിളിക്കുകയും ബ്രെഡ്ഡും ചീസും തരികയും ചെയ്തു. ഇന്ത്യയിലെ ആതിഥ്യമര്യാദ യാഥാർത്ഥ്യമാണ് എന്നാണ് ഓസ്റ്റിൻ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ദിവസം രാവിലെ തന്നെ തനിക്ക് സൗജന്യ ഭക്ഷണവും സൗജന്യമായി ചായയും ലഭിച്ചു. ആളുകൾ വിളിച്ച് സൗജന്യ ഭക്ഷണം നൽകുന്ന ഒരു രാജ്യത്ത് ഞാൻ ഇതിന് മുമ്പ് ഒരിക്കലും പോയിട്ടില്ല. അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടുമില്ല എന്നാണ് ഓസ്റ്റിൻ പറയുന്നത്. നിരവധിപ്പേരാണ് ഓസ്റ്റിൻ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും.