
ന്യൂയോർക്കിൽ സബ്‍വേ ട്രെയിനിൽ വച്ച് ബഹളം വച്ചതിന്റെ പേരിൽ യുവാവിനെ സഹയാത്രികൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ജോർദ്ദാൻ നീലി എന്ന 30 -കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഈ യുവാവ് ട്രെയിനിൽ ബഹളം വച്ചുവെന്നാരോപിച്ചാണ് സഹയാത്രികനും മുൻ നാവിക ഉദ്യോഗസ്ഥനുമായ 24 -കാരൻ ജോർദ്ദാനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ട യുവാവിന് നീതി വേണം എന്ന് ആവശ്യപ്പെടുന്നത്.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ജോർദ്ദാൻ ട്രെയിനിൽ ബഹളമുണ്ടാക്കി എന്നും മറ്റ് യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറി എന്നും പറയുന്നു. ജോർദ്ദാൻ തെരുവിലാണ് കഴിയുന്നത്. അതുപോലെ അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ട്രെയിനിലുണ്ടായിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റ് ജുവാൻ ആൽബർട്ടോ വാസ്ക്വസാണ് സംഭവത്തിന്റെ വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ജോർദ്ദാൻ കൊല്ലപ്പെടുന്നതിന് മുമ്പ് ട്രെയിനിൽ ശബ്ദമുണ്ടാക്കി. 'എനിക്ക് കഴിക്കാൻ ഭക്ഷണമില്ല, വെള്ളമില്ല, ദാഹിക്കുന്നു. ജയിലിൽ പോകാൻ എനിക്ക് പേടിയില്ല. ഞാനൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല, മരിക്കാനും ഭയമില്ല' എന്നെല്ലാം ജോർദ്ദാൻ പറഞ്ഞിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആ സമയത്ത് 24 -കാരൻ ഇയാളുടെ പിറകിൽ ചെന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ജോർദ്ദാൻ ഉടൻ തന്നെ താഴേക്ക് വീണു. പിന്നാലെ ട്രെയിനിലുണ്ടായിരുന്ന രണ്ടുപേർ ഇയാളുടെ കയ്യും കാലും അനക്കാൻ വയ്യാതെ പിടിക്കുന്നതും പ്രചരിച്ച വീഡിയോകളിൽ കാണാം. 24 -കാരൻ ഇയാളുടെ കഴുത്ത് അമർത്തി പിടിച്ചതിനെ തുടർന്ന് ജോർദ്ദാൻ ശ്വാസം കിട്ടാതെ പിടയുകയും പിന്നാലെ ബോധരഹിതനാവുകയും ചെയ്തു. ആ സമയത്ത് ട്രെയിൻ ഒരു സ്റ്റേഷനിലെത്തുകയും ഉദ്യോഗസ്ഥൻ എമർജൻസി നമ്പറിൽ വിളിക്കുകയുമായിരുന്നു. എന്നാൽ, അപ്പോഴേക്കും ജോർദ്ദാൻ മരണപ്പെട്ടിരുന്നു.
24 -കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാൾക്കെതിരെ നരഹത്യയാണ് ചുമത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ അടക്കം സംഭവം വലിയ ഞെട്ടലുണ്ടാക്കി. നിരവധിപ്പേർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ട്രെയിൻ പരിസരത്ത് ജോർദ്ദാന് നീതി വേണം എന്നാവശ്യപ്പെട്ട് പ്രതിഷേധവും നടന്നു. പിന്നാലെ, വീടില്ലാത്ത യുവാക്കളെയും മാനസികാരോഗ്യത്തെയും കുറിച്ചും ചർച്ചകൾ ഉയർന്നു.
സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കൊല്ലപ്പെട്ട യുവാവ് കറുത്ത വര്‍ഗക്കാരനായതിലാണ് ഈ അവസ്ഥ വന്നത് എന്നും അനേകം പേര്‍ വിമര്‍ശനം ഉന്നയിച്ചു. അതേ സമയം വീടില്ലാത്തവരേയും മാനസികമായി തകര്‍ച്ചകള്‍ അനുഭവിക്കുന്നവരേയും സര്‍ക്കാരും സമൂഹവും പരിഗണിക്കണമെന്നും ആ വിഷയത്തില്‍ ചര്‍ച്ചകള്‍ ഉയരണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.
2007 -ല്‍ ജോര്‍ദ്ദാന്‍റെ അമ്മയെ രണ്ടാനച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ കടുത്ത വിഷാദത്തിലൂടെയായിരുന്നു ജോര്‍ദ്ദാന്‍ കടന്നു പോയിരുന്നത് എന്ന് അദ്ദേഹത്തിന്‍റെ കുടുംബവും പറയുന്നു.