
അറ്റ്ലാന്റയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോവുകയായിരുന്ന കെഎൽഎം വിമാനം പറന്നുയർന്നതിന് തൊട്ട് മുമ്പ് റദ്ദാക്കി. വിമാനത്തിലെ ഒരു യാത്രക്കാരന്‍ സഹയാത്രക്കാരന്‍റെ കൈവശം ആയുധം കണ്ടെന്ന് ആരോപിക്കുകയും പിന്നാലെ വിമാനത്തിന്‍റെ എമർജന്‍സി എക്സിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം യാത്ര റദ്ദാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
അറ്റ്ലാന്‍റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാൻറാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങിയ കെഎൽഎം എയർലൈൻസിന്‍റെ ഫ്ലൈറ്റ് 622 -ലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ഒരു യാത്രക്കാരന്‍ സഹയാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ആയുധം ബാഗിലേക്ക് വയ്ക്കുന്നത് കണ്ടെന്ന് വിളിച്ച് പറയുകയും പിന്നാലെ വിമാനത്തിന്‍റെ എമർജന്‍സി എക്സിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഇതോടെ വിമാന യാത്ര റദ്ദാക്കാന്‍ പൈലറ്റുമാർ നിർബന്ധിതരായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് കെഎൽഎം എയർലൈൻസിന്‍റെ ഫ്ലൈറ്റ് 622 -ന്‍റെ യാത്ര റദ്ദാക്കിയതായി ഫോക്സ് 5 അറ്റ്ലാന്‍റ റിപ്പോർട്ട് ചെയ്തു.
ജോഹന്നാസ് വാൻ ഹീർട്ടം (32) എന്ന യാത്രക്കാരൻ വിമാനത്തിനുള്ളിൽ നിന്ന് 911 എന്ന നമ്പറിൽ വിളിച്ച് മറ്റൊരു യാത്രക്കാരൻ ആയുധം കൈവശം വയ്ക്കുന്നത് കണ്ടതായി അവകാശപ്പെട്ടെന്ന് അധികൃതർ പറഞ്ഞു. വാൻ ഹീർട്ടം പരിഭ്രാന്തരാകുകയും ഭ്രാന്തമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെയാണ് വിമാന യാത്ര റദ്ദാക്കിയത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ അറ്റ്ലാൻറ പോലീസ് വിമാനത്തിൽ കയറുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ആയുധമോ അസ്വാഭാവികമായ വസ്തുക്കളോ ഒന്നും തന്നെ വിമാനത്തില്‍ നിന്നോ യാത്രക്കാരില്‍ നിന്നോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
ഹീർട്ടം ഒരു മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് പോലിസ് പിന്നീട് കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായ പെരുമാറ്റം, സ്വത്തിന് നാശനഷ്ടം വരുത്തൽ, സുരക്ഷാ നടപടികളിൽ ഇടപെടൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. പിന്നാലെ ഇയാളെ ക്ലേയ്‌റ്റൺ കൗണ്ടി ജയിലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മറ്റ് യാത്രക്കാരെ ലഭ്യമായ മറ്റ് വിമാനങ്ങളില്‍ യാത്ര തുടരാന്‍ അനുവദിച്ചു.