
വളരെ വിചിത്രമായതും അപൂർവങ്ങളായതുമായ കാഴ്ചകൾ കാണണോ? സോഷ്യൽ മീഡിയ തുറന്നാൽ മതി. ഇതെന്താണിത് എന്ന് തോന്നിപ്പിക്കുന്ന അനേകം പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ കാണുന്നത് മുംബൈയിലെ ഒരു ലോക്കൽ എസി ട്രെയിനിൽ തുറന്ന കുടയുമായി നിൽക്കുന്ന ഒരാളെയാണ്. 'എല്ലാ ദിവസവും പുതുതായി എന്തെങ്കിലും ഈ ലോക്കൽ ട്രെയിനുകളിൽ കാണാൻ കഴിയും. ലോക്കൽ ട്രെയിനുകളിൽ നിങ്ങളെല്ലാവരും എന്തൊക്കെ രസകരമായ കാര്യങ്ങളാണ് കാണാറ്' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. @unbelievableboy333 എന്ന അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ വ്യക്തമായി കാണാനാവുന്നത് ഒരു മനുഷ്യൻ എസി കോച്ചായിട്ട് പോലും അതിനകത്ത് കുടയും തുറന്നുവച്ച് നിൽക്കുന്നതാണ്. ട്രെയിനിൽ വേറെയും യാത്രക്കാരുള്ളതായും ചിത്രത്തിൽ കാണാം. നല്ല തിരക്കുമുണ്ട്.
ജൂലൈ 28 -നാണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. എന്നാലും എസി കോച്ചിൽ എന്തിനാവും അയാൾ കുട നിവർത്തി നിൽക്കുന്നത് എന്നതായിരുന്നു പലരുടേയും സംശയം.
ചിലരാവട്ടെ രസകരമായ കമന്റുകളും പോസ്റ്റിന് നൽകിയിട്ടുണ്ട്. 'ചില നേരത്ത് തലയിൽ പല്ലി വീഴാൻ സാധ്യതയുണ്ട്. എന്നാൽ, ആ സമയത്ത് തലയൊന്ന് കുടയാനോ ഒന്ന് അനങ്ങാനോ നിങ്ങൾക്ക് പറ്റില്ല. അത്രയും തിരക്കാണ്, അതുകൊണ്ടാവും' എന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം, ബിഹാറിൽ ട്രാക്കിനടുത്ത് നിന്നും ട്രെയിനിൽ പോവുകയായിരുന്ന യാത്രക്കാരെ വടിയുപയോഗിച്ച് അടിച്ചതിന് രണ്ട് യുവാക്കൾ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനാണ് ഇത് ചെയ്തത് എന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.