
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. പിന്നാലെ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ഒമാഹയിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പോകുകയായിരുന്ന റീജിയണൽ ജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിച്ചു.
എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിക്കുക മാത്രമല്ല, തടയാൻ ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡന്റിനെ ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നാലെ, അയോവയിലെ സീഡാർ റാപ്പിഡ്സിലാണ് അടിയന്തരമായി വിമാനം ലാൻഡിംഗ് നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ സ്കൈവെസ്റ്റ് എയർലൈൻസ് സർവീസ് നടത്തുന്ന ഡെൽറ്റ കണക്ഷൻ ഫ്ലൈറ്റ് 3612 -ലാണ് സംഭവം നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
നെബ്രാസ്കയിലെ എൽഖോൺ നിവാസിയായ മാരിയോ നിക്ക്പ്രെലാജ് എന്ന യുവാവാണ് വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഈസ്റ്റേൺ അയോവ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 23 -കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൈവെസ്റ്റ് എയർലൈൻസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവസമയത്ത് വിമാനത്തിൽ 67 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നുവത്രെ.
യാത്രക്കാരൻ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതായും ജീവനക്കാരനുമായി പ്രശ്നത്തിലേർപ്പെട്ടതിന്റെയും വിവരങ്ങൾ പൈലറ്റ് നൽകിയിരുന്നു. പിന്നാലെയാണ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്. പ്രചരിക്കുന്ന വീഡിയോയിൽ ഉദ്യോഗസ്ഥർ ഇയാളെ വിമാനത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.
ഇയാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചാർത്തിയിട്ടുണ്ട്. പിന്നാലെ ഇയാളെ കോടതിയിൽ ഹാജരാക്കി. $10,000 (8,61,879 രൂപ) ജാമ്യത്തിൽ പിന്നീട് വിടുകയും ചെയ്തു. തുടക്കത്തിൽ തന്നെ യുവാവിനെ കൊണ്ട് വിമാനത്തിൽ വലിയ ശല്ല്യമായിരുന്നു എന്നാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നത്.