വിമാനത്തിൽ മൂട്ട ശല്യം; ഓസ്ട്രേലിയയിൽ നിന്നുള്ള ക്വാണ്ടാസ് സർവീസ് റദ്ദാക്കി

Published : Oct 13, 2026, 09:54 PM IST
flight

Synopsis

വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ നിന്ന് ഇറ്റലിയിലേക്ക് 17 മണിക്കൂർ ദീർഘദൂര സർവീസ് നടത്തിയ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ വെച്ച് മൂട്ടകളുടെ കടിയേറ്റതായി പരാതി ഉയർന്നതിനെ തുടർന്ന് ഇറ്റലിയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള ക്വാണ്ടാസ് വിമാന സർവീസ് റദ്ദാക്കി. റോമിൽ എത്തിയ വിമാനം വൃത്തിയാക്കുന്നതിനായി സർവീസ് അവസാനിപ്പിക്കുകയായിരുന്നു.

ബിബിസി റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ നിന്ന് ഇറ്റലിയിലേക്ക് 17 മണിക്കൂർ ദീർഘദൂര സർവീസ് നടത്തിയ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. യാത്രക്കാർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ മരുന്ന് നൽകിയെങ്കിലും നീണ്ട യാത്രാവേളയിൽ മരുന്ന് തീർന്നുപോവുകയായിരുന്നു.

തുടർന്ന് റോമിൽ വിമാനമിറങ്ങിയ ഉടൻ തന്നെ എൻജിനീയർമാരും മെയിന്റനൻസ് ടീമും ചേർന്ന് വിമാനം സമഗ്രമായ പരിശോധനയ്ക്കും ശുചീകരണത്തിനും വിധേയമാക്കി. ഇതിന്റെ ഭാഗമായി ശനിയാഴ്ച റോമിൽ നിന്ന് പെർത്തിലേക്ക് നടത്തേണ്ടിയിരുന്ന മടക്കയാത്ര എയർലൈൻ റദ്ദാക്കുകയായിരുന്നു.

ബാധിക്കപ്പെട്ട എല്ലാ യാത്രക്കാർക്കും ആവശ്യമായ താമസ സൗകര്യം ഒരുക്കുകയും, 48 മണിക്കൂറിനുള്ളിൽ മറ്റ് വിമാനങ്ങളിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതായി ക്വാണ്ടാസ് വക്താവ് അറിയിച്ചു.

ഗതാഗത മേഖലയിൽ മൂട്ടകൾ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ഇംഗ്ലണ്ടിലെ ചില ട്രെയിൻ സർവീസുകളും സമാനമായ കാരണത്താൽ റദ്ദാക്കേണ്ടി വന്നിരുന്നു. മുൻകാലങ്ങളിൽ ബ്രിട്ടീഷ് എയർവേയ്‌സ്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികളുടെ സർവീസുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എന്തുകൊണ്ട് ​ദുർ​ഗാ പൂജ സ്പെഷ്യലാണ്, നേരിട്ടറിഞ്ഞ് യു എസ് അംബാസഡർ
ജീവനക്കാർക്കൊപ്പം ബ്രേക്ക് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന സിഇഒ, കാരണമുണ്ട്!