
റോഡപകടങ്ങൾ ലോകത്തെവിടെയും നടക്കാറുണ്ട്. ചെറുതായി ഒന്ന് വണ്ടി തട്ടിയാൽ പോലും ചിലപ്പോൾ വലിയ ബഹളങ്ങളും അതേ തുടർന്ന് ഉണ്ടാകും. ആരുടെയാണോ തെറ്റ് അവർ പോലും കിടന്ന് ബഹളം വയ്ക്കും. എന്നാൽ, ഏറ്റവും 'സമാധാനപരമായ ഒരു വാഹനാപകടത്തെ' കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
എക്സിലാണ് (നേരത്തെ ട്വിറ്റർ) യുവതി ഈ അപകടത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്. 'ഏറ്റവും സമാധാനപരമായ അപകടം' എന്നാണ് ഈ അപകടത്തെ യുവതി വിശേഷിപ്പിച്ചിരിക്കുന്നത്. 'ഒരു ബൈക്കുകാരൻ ഒരു കാറിലിടിച്ചു, വീണു. കാറിന്റെ ഡ്രൈവർ കാർ പാർക്ക് ചെയ്തു, ബൈക്ക് യാത്രക്കാരൻ വരാനായി കാത്തുനിന്നു. ബൈക്കുകാരൻ ബൈക്ക് നിർത്തി പിന്നീട് കാർ ഡ്രൈവറുടെ അടുത്തെത്തി കാറിന് എന്തെങ്കിലും ഡാമേജ് ഉണ്ടോ എന്ന് പരിശോധിച്ചു. കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരൻ ഓക്കേ അല്ലേ സുരക്ഷിതനല്ലേ എന്ന് പരിശോധിച്ചു. രണ്ടുപേരും കൈകൊടുത്ത് അവരവരുടെ വഴിയേ പോയി' എന്നാണ് യുവതി എഴുതിയിരിക്കുന്നത്.
വണ്ടി ഏതെങ്കിലും വണ്ടിയിൽ തട്ടുകയോ മുട്ടുകയോ ചെയ്താൽ അവിടെ അന്ന് വൻ വഴക്കായിരിക്കും എന്നതാവും മിക്കവരും കണ്ടിരിക്കുക. എന്നാൽ, ഇത്രയും സമാധാനപൂർണമായി ഒരു അപകടത്തിന് ശേഷം രണ്ടുപേരും പിരിഞ്ഞു പോകുന്നത് മിക്കവാറും ആളുകൾ കണ്ടിട്ടില്ലാത്ത കാഴ്ചയാവും. അതിനാൽ തന്നെ യുവതിയുടെ പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്.
'ഒന്നുകിൽ അവർ രണ്ടുപേരും പരിഷ്കൃതരും പക്വതയുള്ളവരും ആയിരിക്കും, അല്ലെങ്കിൽ അവർ രണ്ടുപേരും വലിയ തിരക്കിൽ ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക' എന്നായിരുന്നു ഒരാളുടെ കമന്റ്.
'ഇത് ഒരു സ്വപ്നമല്ല എന്ന് നിങ്ങൾക്ക് ഉറപ്പാണോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം. 'ഇതെവിടെയാണ് നടന്നത്, സിംഗപ്പൂരിൽ ഇത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യയിൽ നടന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തന്നെ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.