
യുഎസ്സിലുടനീളം പ്രചരിക്കുന്നൊരു സോഷ്യൽ മീഡിയാ ട്രെൻഡുണ്ട്. നഗരത്തിൽ എവിടെയെങ്കിലും ഒക്കെയായി പണം ഒളിച്ചുവയ്ക്കും. അത് കണ്ടുപിടിക്കുന്നവർക്ക് ആ പണം എടുക്കാം. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും ആയിരിക്കും പണം എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതിന്റെ ക്ലൂ നൽകിയിട്ടുണ്ടാവുക.
അതുപോലെ പണം ഒളിപ്പിച്ചു വയ്ക്കുന്നയാളാണ് സാം. 'മിസ്റ്റർ കാഷ് ഡ്രോപ്പ്' എന്നാണ് ഇയാൾ ഓൺലൈൻ ലോകത്ത് അറിയപ്പെടുന്നത്. ഇതിനായി സാം ചെയ്യുന്നത് നഗരത്തിൽ എവിടെയെങ്കിലും ഒക്കെ കറങ്ങി നടക്കും. അതിനിടയിൽ പലയിടങ്ങളിലായി പണം ഒളിപ്പിച്ച് വയ്ക്കും. എവിടെയാണ് പണം വച്ചിരിക്കുന്നത് എന്നതിന്റെ സൂചന നൽകുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യും. ഫോളോവേഴ്സിന് അത് കണ്ടുപിടിക്കാം, സ്വന്തമാക്കാം.
125,000 ഫോളോവേഴ്സാണ് സാമിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഗാർഡൻ സ്റ്റേറ്റിലെ പുതിയ താമസക്കാരനാണ് 42 വയസ്സുകാരനായ സാം. പണം ഒളിപ്പിച്ച് വയ്ക്കുന്നുണ്ടെങ്കിലും താനൊരു ധനികനല്ല എന്നാണ് സാം പറയുന്നത്. പണം കിട്ടുമ്പോൾ ആളുകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും സാം പറയുന്നു.
ഒരു വെയർഹൗസ് ലോജിസ്റ്റിക് മാനേജരായി ജോലി നോക്കുകയാണ് സാം. സ്പോൺസർഷിപ്പിലൂടെയാണ് ഇങ്ങനെ ഒളിപ്പിച്ച് വയ്ക്കുന്നതിനുള്ള പണം
കണ്ടെത്തുന്നത്. കഴിഞ്ഞ മാർച്ച് മുതലാണ് കാമുകിയായ ട്രിനയുമായി ചേർന്ന് ഇങ്ങനെ പണം ഒളിപ്പിക്കുന്ന പരിപാടി തുടങ്ങിയത്. സ്പോൺസർഷിപ്പിനായി കടകൾ, പിസ ഷോപ്പുകൾ തുടങ്ങിയവയെ ഒക്കെയാണ് സാം സമീപിക്കുന്നത്. പകരമായി അവയുടെ പേരുകൾ തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലൂടെ പറയും.
ചിലപ്പോൾ തനിച്ചും ഇങ്ങനെ പണം സാം ഒളിപ്പിക്കാറുണ്ട്. 41700 രൂപ വരെ സാം ഇങ്ങനെ സ്വന്തം കയ്യിൽ നിന്നെടുത്ത് ഒളിപ്പിച്ചിട്ടുണ്ട്. അങ്ങനെ സാം ഒളിപ്പിച്ച പണം ഒരിക്കൽ കിട്ടിയത് കാസ്സി എന്ന 20 -കാരിക്കാണ്. $500 (43,126 ഇന്ത്യൻ രൂപ) ആണ് കിട്ടിയത്. ആഹ്ലാദം കൊണ്ട് കാസിയും ഭർത്താവും മതിമറന്നുപോയി.
എന്തായാലും, ഇത്തരം സന്തോഷം കാണാനാണ് താൻ ഇങ്ങനെ കാശ് ഒളിപ്പിച്ച് വയ്ക്കുന്നത് എന്നാണ് സാം പറയുന്നത്. എന്തായാലും, കാശ് ഒളിപ്പിക്കുന്ന സ്ഥലത്തെ കുറിച്ച് അറിയണമെങ്കിൽ സാമിന്റെ വെരിഫൈഡ് ഇൻസ്റ്റഗ്രാം പേജ് 400 രൂപയിൽ കൂടുതൽ നൽകി സബ്‌സ്‌ക്രൈബ് ചെയ്യണം. അവർക്കേ ഈ പണം എവിടെ ഒളിപ്പിച്ചു എന്നതിന്റെ സൂചനകൾ കിട്ടൂ.