
ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി നിലവറയിൽ തടവിലാക്കി വച്ചതിന് ശിശുപീഡകനായ ഒരാൾക്ക് 19 വർഷം തടവ്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ അവിടെ നിന്നും കൊണ്ടുപോയി 52 ദിവസമാണ് ഇരുണ്ട നിലവറയിൽ ഇയാൾ പൂട്ടിയിട്ടത്.
28 -കാരനായ ദിമിത്രി കോപിലോവിനെയാണ് റഷ്യയിൽ തടവിന് വിധിച്ചിരിക്കുന്നത്. കുട്ടിയെ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ബേസ്മെന്റിനകം വ്യക്തമാക്കുന്ന വീഡിയോ പിന്നീട് പ്രചരിച്ചു. നേരത്തെ ഒരു കുട്ടിക്കെതിരെ അതിക്രമം കാണിച്ചതിനും ഏഴുവയസുകാരനെ പൂട്ടിയിട്ട് പീഡിപ്പിച്ചതിനും എല്ലാമായി 62 വ്യത്യസ്ത കേസുകളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
2015 മുതലുള്ളതാണ് ഇയാൾ നടത്തിയ കുറ്റകൃത്യങ്ങൾ. കനത്ത സുരക്ഷയിലുള്ള ജയിലിലാണ് ഇയാൾ തടവ് അനുഭവിക്കേണ്ടത്. അതിനിടയിൽ ഇയാൾക്ക് സൈക്യാട്രിക് ട്രീറ്റ്മെന്റും നൽകും. 2020 -ലാണ് ഇയാൾ തടവിലാക്കിയ കുട്ടിയെ മോചിപ്പിക്കുന്നതും മാതാപിതാക്കളുടെ അടുത്തെത്തിക്കുന്നതും.
കുട്ടിയെ പാർപ്പിക്കുന്നതിനായി ഇയാൾ പ്രത്യേകം ബേസ്മെന്റ് തന്നെ നിർമ്മിച്ചിരുന്നു. അതിന്റെ ഉരുക്കുവാതിലും ജനാലയും തകർത്താണ് പൊലീസ് അകത്തു കയറി കുട്ടിയെ മോചിപ്പിച്ചത്. ഒരു ഏണിയിലൂടെയായിരുന്നു ഈ ഇരുണ്ട അറയിലേക്കുള്ള പ്രവേശനം തന്നെ.
കുട്ടിയെ കാണാതായ സമയത്ത് ഒരുപാട് തെരച്ചിലുകളും അന്വേഷണങ്ങളും നടന്നിരുന്നു. പിന്നീട് ഇന്റർപോളിൽ നിന്നും ഒരു രഹസ്യവിവരം കിട്ടുകയായിരുന്നു. കുട്ടി അവന്റെ വീട്ടിൽ നിന്നും 14 മൈൽ അകലെയായി ഉണ്ട് എന്നായിരുന്നു വിവരം. കുട്ടിയെ പാർപ്പിച്ചിരുന്ന മുറി ഒരു ജയിൽ മുറി പോലെയായിരുന്നു. അതിലൊരു കട്ടിലും ഹീറ്ററും ഉണ്ടായിരുന്നു. അതിന് മുകളിലായിട്ടായിരുന്നു പ്രതി താമസിച്ചിരുന്നത്.
താനൊരു കുട്ടി കുറേക്കാലം കൂടെ വേണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പ്രതി പിന്നീട് ചില മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ തനിക്ക് ചെയ്തുപോയതിലെല്ലാം ഖേദമുണ്ട്. ഇരകളോട് മാപ്പ് ചോദിക്കാനാഗ്രഹിക്കുന്നു. അപ്പീൽ പോകും. തന്നെ പാർപ്പിച്ചിരിക്കുന്നത് കൊലപാതകികളുടെ കൂടെയാണ്. താനാരെയും കൊന്നിട്ടില്ല എന്നും ഇയാൾ പറഞ്ഞു.
ഏഴുവയസുകാരൻ ഇപ്പോൾ മാതാപിതാക്കളോടൊപ്പമാണുള്ളത്. ഇത്രയും ദിവസത്തെ മിസ്സിംഗിന് ശേഷം അവനെ ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവർ.