
25 ഒക്ടോബർ 1946. തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ മുപ്പത്തിനാലാം പിറന്നാൾ. ഉടൻ സ്വതന്ത്രമാകാൻ പോകുന്ന ഇന്ത്യയിൽ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാൻ രാജാവും ദിവാൻ സർ സി പി രാമസ്വാമി അയ്യരും തീരുമാനിച്ച നാൾ. പക്ഷേ, അതേ ദിവസം ആലപ്പുഴയിലെ വയലാറിൽ ആയിരത്തോളം വരുന്ന കർഷകത്തൊഴിലാളികൾ വാരിക്കുന്തങ്ങളുമായി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ദിവാൻ സർ സി പി പ്രദേശത്ത് പട്ടാളനിയമം പ്രഖ്യാപിച്ചു.
ഒക്ടോബർ 27 -ന് തിരുവിതാംകൂർ സേനയുടെയും സായുധപൊലീസിന്റേയും വലിയ സന്നാഹം വയലാർ വളഞ്ഞു. മൂന്നുചുറ്റും കായലായ വയലാറിൽ നിന്ന് ആർക്കും രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. സംഘടിതമായി ചെറുത്തുനിൽക്കാൻ ഉറച്ച സാധാരണ കർഷകത്തൊഴിലാളികൾ ഈ സായുധ സൈന്യത്തിന്റെ മുന്നിൽ ഒന്നുമായിരുന്നില്ല. നിരന്തരമായ വെടിവെയ്പ്പ് മണിക്കൂറുകൾ നീണ്ടു. അഞ്ഞുറുറോളം ശവശരീരങ്ങൾ വീണ് വയലാറിലെ ചൊരിമണൽ ചുവന്നൊഴുകി. ജഡങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടപ്പെട്ടു. തുടർന്ന് വ്യാപകമായി പൊലീസ് വീടുകളിൽ കയറി.
ഒരേസമയം നാട്ടുരാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നടന്ന കലാപമാണ് പുന്നപ്ര വയലാർ. പട്ടിണിക്കും പൊലീസ് മർദ്ദനത്തിനുമെതിരെ ഉയർന്ന ചെറുത്തുനിൽപ്പ് നാട്ടു രാജകീയ ഭരണത്തിനും വിദേശ സർക്കാരിനുമെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി ഉയർന്ന വിപ്ലവം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവർഗ്ഗ സമരം.
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് വ്യാപിച്ച ക്ഷാമത്തിലും പകർച്ചവ്യാധികളും അഞ്ച് വർഷം കൊണ്ട് ഇരുപതിനായിരത്തില്പരം പേർ മരിച്ച ഇടമായിരുന്നു ചേർത്തല-അമ്പലപ്പുഴ താലൂക്കുകൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏറെയും പിന്നാക്ക സമുദായക്കാരായിരുന്ന കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളും കൊടും പട്ടിണിക്കും ജന്മിമാരുടെ ചൂഷണത്തിനും അതിക്രമങ്ങൾക്കും എതിരെ സംഘടിച്ചു. പുന്നപ്ര വയലാർ മേഖലയിൽ ജന്മിമാർക്കും പൊലീസിനും എതിരെ വലിയ സംഘർഷങ്ങൾക്ക് ഇത് വഴി വെച്ചു. ഇതിന്റെ തുടർച്ചയായിരുന്നു വയലാറിലെ സംഭവങ്ങൾ.
പുന്നപ്ര വയലാർ അടിച്ചമർത്തിയ അഹങ്കാരം മൂലം ഇന്ത്യ സ്വതന്ത്രമാകുന്നതിനു രണ്ടു മാസം മുമ്പും സ്വതന്ത്ര തിരുവിതാംകൂർ നയത്തിൽ ഉറച്ചുനിന്നു സർക്കാർ. പക്ഷെ 1947 ജൂലൈ 25 -നു തിരുവനന്തപുരത്ത് സ്വാതി തിരുനാൾ സംഗീത കോളേജിൽ ശെമ്മാങ്കുടിയുടെ കച്ചേരി കേൾക്കാൻ വന്ന സർ സി പിക്ക് ഒരു വിപ്ലവകാരിയുടെ വെട്ടേറ്റു. അതോടെ സിപി സ്വന്തം നാട്ടിലേക്ക് മടങ്ങി. തിരുവിതാംകൂർ ഇന്ത്യയോട് ചേരാൻ രാജാവ് സമ്മതിച്ചു.