
വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ പെട്ട 10 കറുത്ത കാണ്ടാമൃഗങ്ങളെയും പുള്ളിപ്പുലികളെയും വേട്ടയാടാനും(hunting) കയറ്റുമതി ചെയ്യാനും അനുമതി കൊടുത്ത് ദക്ഷിണാഫ്രിക്കൻ സർക്കാർ(South African government). വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ വ്യാപാരം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി 100 -ലധികം ആനകളെ കൊല്ലാനും ഇത് അനുമതി നൽകി. ആനകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ വർഷവും 0.3% ൽ താഴെ മാത്രമാണ് വേട്ടയാടപ്പെടുന്നതെന്നും പറഞ്ഞു കൊണ്ടാണിത്.
“മൊത്തം 10 കറുത്ത കാണ്ടാമൃഗങ്ങളെയും 150 ആനകളെയും വേട്ടയാടാൻ സാധിക്കും” വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വംശനാശഭീഷണി നേരിടുന്നവയായി കറുത്ത കാണ്ടാമൃഗങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുമ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് കാട്ടിലെ കറുത്ത കാണ്ടാമൃഗങ്ങളുടെ എണ്ണം ഇരട്ടിയാവുകയും 5,000 ആയി ഉയരുകയും ചെയ്‍തു.
2014 -നും 2017 -നും ഇടയിൽ വെള്ള കാണ്ടാമൃഗത്തെ വേട്ടയാടുന്നത് പ്രതിസന്ധി ഘട്ടത്തിലെത്തിയിരുന്നു. ഓരോ വർഷവും ശരാശരി ആയിരമെണ്ണമെങ്കിലും കൊല്ലപ്പെടുന്നുവെന്നായിരുന്നു കണക്ക്. കഴിഞ്ഞ വർഷം അത് പകുതിയായി കുറഞ്ഞ് 451 ആയി. മൃഗങ്ങളെ അവയുടെ കൊമ്പുകൾക്കായിട്ടാണ് വേട്ടയാടിയിരുന്നത്. പിന്നീട്, അവയ്ക്ക് ഔഷധ ഗുണങ്ങളുണ്ടെന്ന് തെറ്റിദ്ധരിച്ച് ഏഷ്യയിലേക്ക് കടത്തുകയായിരുന്നു.
ഏഴോ അതിൽ കൂടുതലോ പ്രായമുള്ള പുള്ളിപ്പുലികളെയേ വേട്ടയാടാൻ അനുവദിക്കൂ. അതുപോലെ ഇവ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ മാത്രമേ വേട്ടയാടാൻ അനുമതിയുള്ളൂ എന്നും സർക്കാർ അറിയിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ വേട്ടയാടൽ ഒരു വൻകിട ബിസിനസ്സാണ്, 2019 -ൽ ഇത് ഏകദേശം 1.4 ബില്യൺ റാൻഡ് (92 മില്യൺ ഡോളർ- 6,90,69,46,000.00 Indian Rupee) കൊണ്ടുവരുമെന്ന് സർക്കാർ പറയുന്നു. സർക്കാരിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈ വേട്ടയാടലുകളിൽ നിന്നുമുള്ള തുക വേട്ടയാടൽ നടക്കുന്ന പ്രദേശത്തെ പാർശ്വവൽക്കരിക്കപ്പെട്ടതും ദരിദ്രരുമായ ജനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത് എന്നാണ് പറയുന്നത്.