പിഞ്ചുകുഞ്ഞിനെ തോളിൽ കിടത്തി, വാക്‌സിൻ പെട്ടിയുമായി പുഴമുറിച്ച് കടക്കുന്ന ആരോഗ്യപ്രവർത്തക

By Web TeamFirst Published Jun 22, 2021, 3:53 PM IST
Highlights

ഝാർഖണ്ഡിൽ നിന്നുള്ള മാന്റി കുമാരി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് നഴ്‌സ് മിഡ്‌വൈഫാണ്. ഒന്നര വയസ്സുള്ള മകളെ ചുമന്നാണ് അവൾ ജോലിക്ക് പോകുന്നത്. 

നമുക്കറിയാം കുട്ടികൾക്ക് ഓരോ പ്രായത്തിലും പ്രതിരോധ കുത്തിവയ്‌പ്പുകൾ മുടക്കം കൂടാതെ എടുക്കേണ്ടതുണ്ട്. മുടങ്ങിയാൽ ഭാവിയിൽ വളരെ വലിയ ആരോഗ്യപ്രശ്നങ്ങളായിരിക്കും അവർക്ക് അഭിമുഖീകരിക്കേണ്ടി വരിക. രാജ്യത്തെ ലോക്‌ഡൗണും, മറ്റ് നിയന്ത്രണങ്ങളും കാരണം ഉൾപ്രദേശങ്ങളിൽ വാക്സിനേഷൻ ഡ്രൈവുകൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. യാത്രകൾക്ക് വിലക്കുകളുള്ള ഇടങ്ങളിൽ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ വൈകുന്നു. ഇത് പല ഗുരുതരമായ രോഗങ്ങൾക്കും വഴിവയ്ക്കുന്നു. ഇപ്പോൾ പല വിദൂര പ്രദേശങ്ങളിലും   ആരോഗ്യസംരക്ഷണ പ്രവർത്തകർ നേരിട്ടെത്തിയാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തുന്നത്. എന്നാൽ അവിടെ എത്തിച്ചേരുക എന്നത് എളുപ്പമല്ല. അവരിൽ പലരും മണിക്കൂറുകളോളം നടന്നും, കുതിരപ്പുറത്ത് യാത്ര ചെയ്തും മറ്റും ദുർഘടമായ വഴികൾ താണ്ടിയാണ് കുട്ടികളുടെ അടുക്കൽ എത്തുന്നത്.  

അക്കൂട്ടത്തിൽ ഒരു പിഞ്ചുകുഞ്ഞിനേയും തോളിൽ കിടത്തി, വാക്‌സിൻ പെട്ടിയുമായി പുഴ മുറിച്ച് കടക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരോഗ്യ പ്രവർത്തകരുടെ ദൈനംദിന പോരാട്ടങ്ങളുടെ ഒരു നേർചിത്രമായി അത് മാറുന്നുവെന്നാണ് പലരും പറയുന്നത്. ഝാർഖണ്ഡിൽ നിന്നുള്ള മാന്റി കുമാരി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് നഴ്‌സ് മിഡ്‌വൈഫാണ്. ഒന്നര വയസ്സുള്ള മകളെ ചുമന്നാണ് അവൾ ജോലിക്ക് പോകുന്നത്. ഒരു തോളിൽ കുഞ്ഞും, മറുകൈയിൽ വാക്‌സിൻ പെട്ടിയുമായാണ് അവരുടെ യാത്ര. പലപ്പോഴും പ്രയാസമേറിയ, അപകടം നിറഞ്ഞ വഴികളിലൂടെ കുഞ്ഞിനെയും കൊണ്ട് അവൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മാന്റിക്ക് നദി മുറിച്ചുകടക്കണം. തുടർന്ന് 35 കിലോമീറ്റർ ചുറ്റളവിലുള്ള കാട്ടിനുള്ളിൽ സഞ്ചരിച്ച് ചെറിയ കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തണം. അതും ആഴ്ചയിൽ ആറ് ദിവസവും മാന്റിയ്ക്ക് ഇത്തരം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്നു എന്നാണ് പറയുന്നത്. അവളുടെ ഫോട്ടോ പ്രാദേശിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ലതർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാൻ ഇതിനെ “ഫോട്ടോ ഒപി” എന്നാണ് വിശേഷിപ്പിച്ചത്. "ഇത് ഒരു ഫോട്ടോ ഒപിയാണ്. ആരോഗ്യ പ്രവർത്തകർ ഇത്തരം സാഹചര്യം ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ഒരു ഉദ്ദേശ്യവും നിറവേറ്റുന്നില്ല. ഇത്തരത്തിലുള്ള സാഹസികതയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. ഈ വനിതാ ആരോഗ്യ പ്രവർത്തക ഇത് ഒഴിവാക്കേണ്ടതായിരുന്നു” ഇമ്രാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

click me!