ലോക്ക് ഡൗൺ കാലത്തെ ആ വൈറൽ ചിത്രത്തിലെന്താണുള്ളത്?

By Rini RaveendranFirst Published Mar 31, 2020, 6:22 PM IST
Highlights

അന്ന് മുഖ്യമന്ത്രി തെരുവിൽ കഴിയുന്ന മനുഷ്യരെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. അങ്ങനെ തെരുവിലെത്രത്തോളം ആളുകളുണ്ടെന്ന് അറിഞ്ഞത് ലോക്ക് ഡൗൺ കാലത്ത് തെരുവിലിറങ്ങിയപ്പോഴാണ്. 

കഴിഞ്ഞ ദിവസമാണ് ഈയൊരു ചിത്രം വൈറലായത്. സോഷ്യൽ മീഡിയയാകെ ഏറ്റെടുത്ത ഒരു കോഴിക്കോടൻ ചിത്രം. ഈ കൊറോണാക്കാലത്ത് തന്റെ കേടായ ട്രൈവീലറുമായി വഴിയിലായിപ്പോയ ഒരു ഭിന്നശേഷിക്കാരനെ ബൈക്കിൽ ഇരുവശത്തുനിന്നും കാലുകൊണ്ട് വണ്ടി തള്ളി വീടെത്താൻ സഹായിച്ച രണ്ട് ഫോട്ടോ​ഗ്രാഫർമാരാണ് ചിത്രത്തിൽ. ഈ ചിത്രം പകർത്തിയതാകട്ടെ മറ്റൊരു ഫോട്ടോ​ഗ്രാഫറും. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ഫോട്ടോ​ഗ്രാഫറായ മനു മാവേലിൽ, ദേശാഭിമാനി ഫോട്ടോ​ഗ്രാഫർ ബിനു രാജ് എന്നിവരാണ് ചിത്രത്തിൽ. ചിത്രം പകർത്തിയത് സുപ്രഭാതത്തിന്റെ ഫോട്ടോ​ഗ്രാഫറായ നിധീഷ് കൃഷ്ണനും. 

ഈ കൊറോണാക്കാലത്ത്, പരസ്പരം താങ്ങാവുക എന്നത് വലിയ നന്മയാണ്, കരുണയുടെ ഒരു കൈനീട്ടുകയെന്നത് കാലത്തോളം ഓർത്തുവെക്കാനുള്ളതാണ്. അങ്ങനെയാണ് നമ്മളീ മഹാമാരിയെ അതിജീവിക്കാൻ പോകുന്നതും. ഏതായാലും ആ ചിത്രത്തെ കുറിച്ച് മൂന്ന് ഫോട്ടോ​ഗ്രാഫർമാർക്കും പറയാനുള്ളത് ഇതാണ്, 

മനു മാവേലിൽ (ഫോട്ടോ​ഗ്രാഫർ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

സുപ്രഭാതത്തിലെ നിധീഷ്, ചന്ദ്രികയിലെ തൻസീർ, ദേശാഭിമാനിയിലെ ബിനുരാജ്, ഞാൻ... ഞങ്ങള് നാലുപേരും കൂടി സിറ്റിയിലെ പൊലീസ് പ്രവർത്തനങ്ങളും മറ്റും പകർത്താനായി പോയതാണ്. അങ്ങനെ വലിയങ്ങാടി വഴി സൗത്ത് ബീച്ചിലേക്ക് പോവുന്നു. ജസ്റ്റ് വലിയങ്ങാടി കഴിഞ്ഞപ്പോൾ ഒരു ട്രൈവീലറിൽ നിന്നൊരാളും മറ്റൊരാളും ഞങ്ങളെ കൈകാട്ടി വിളിച്ചു. ബിനു പെട്ടെന്ന് നോക്കി, വണ്ടി നിർത്തി, കൂടെ ഞാനും പോയി. മരുന്ന് മേടിക്കാനായി പോയതാണ് ആ ട്രൈവീലറിലുണ്ടായിരുന്ന മനുഷ്യൻ. അവിടെയെത്തിയപ്പോ വണ്ടി കേടായി. വീട് സൗത്ത് ബീച്ചിലാണ് അവിടേക്ക് എത്തിക്കാൻ പറ്റുമോ എന്ന് ചോദിച്ചതാണ് ബിനുവിനോട്. ഞാൻ കാണുന്നത് ബിനു ആ വണ്ടി കാലുകൊണ്ട് നീക്കിത്തുടങ്ങുന്നതാണ്. പുറകെ ചെന്നപ്പോ സഹായിക്കാൻ ഞാനും കൂടി. ഞങ്ങള് പോയപ്പൊ തൻസീറും നിധീഷും ഞങ്ങളെ വെയിറ്റ് ചെയ്തു പുറകെ വന്നപ്പോ നിധീഷ് ഫോട്ടോയെടുത്തു. ഞങ്ങളറിഞ്ഞിരുന്നില്ല, ആ ഫോട്ടോയെടുത്തത്. വീടിന്റെ ഇടവഴി വരെ അദ്ദേഹത്തെയെത്തിച്ചു. ഇറക്കത്തിലൂടെ ആള് വീട്ടിലേക്കെത്തി. 

 

പൊലീസുകാര്‍ എല്ലാവരെയും സഹായിക്കുന്നത് കാണാറുണ്ട് എല്ലാദിവസവും. അതിനിടയിൽ ഞങ്ങളോടൊരാൾ സഹായം ചോദിച്ചപ്പോ ബിനുവത് ചെയ്യാൻ പോയി. ഞങ്ങളും ചേർന്നു. അത്രേയുള്ളൂ. ചിത്രം വൈറലായപ്പോൾ വാട്ട്സാപ്പ് ചെയ്തു കുറേപ്പേര്, ട്വിറ്ററിലൊക്കെ ഇട്ട് മെൻഷൻ ചെയ്തു അങ്ങനെ കൊറേ... ഇതിങ്ങനെ വൈറലാകുമെന്നും വിചാരിച്ചില്ല... 

ബിനുരാജ് (ദേശാഭിമാനി) 

കഴിഞ്ഞ ദിവസം വലിയങ്ങാടി വഴി പോകുമ്പോഴാണ് ഭിന്നശേഷിക്കാരനായ ഒരാൾ അദ്ദേഹത്തിന്റെ സ്കൂട്ടർ നിർത്തിയിട്ട് ആരെയെങ്കിലും നോക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണെന്ന് തോന്നുന്നു. ഒരാൾ കൂടി കൂടെയുണ്ട്. അദ്ദേഹവും ഭിന്നശേഷിക്കാരനാണ്. സ്കൂട്ടറ് കേടായതാണ് എന്ന് തോന്നുന്നുവെന്ന് പറഞ്ഞു. പെട്രോൾ തീർന്നതാണെങ്കിൽ വാങ്ങിച്ചുകൊടുക്കാം എന്ന് കരുതി, നോക്കിയപ്പോൾ അല്ല. അങ്ങനെയാണ് കാലുകൊണ്ട് ആളുടെ വണ്ടി നീക്കാൻ പറ്റുമോയെന്ന് നോക്കുന്നത്. സഹായത്തിന് മനു കൂടി വന്നു. സൗത്ത് ബീച്ചിന്റെ ഭാ​ഗത്ത് പരപ്പിൽ സ്കൂളിനടുത്തായിട്ടാണ് ആളുടെ വീട്. അതുവരെ പോയി. 

 

പോയിനോക്കാൻ കാരണമുണ്ട്. അന്ന് മുഖ്യമന്ത്രി തെരുവിൽ കഴിയുന്ന മനുഷ്യരെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. അങ്ങനെ തെരുവിലെത്രത്തോളം ആളുകളുണ്ടെന്ന് അറിഞ്ഞത് ലോക്ക് ഡൗൺ കാലത്ത് തെരുവിലിറങ്ങിയപ്പോഴാണ്. വീടില്ലാത്ത, ഭക്ഷണമില്ലാത്ത ഒരുപാട് ആളുകളെ കാണാം. ചില പ്രായമായവരൊക്കെ മക്കൾ സ്വത്തൊക്കെ എഴുതി വാങ്ങി പുറത്താക്കിയവരൊക്കെയുണ്ട്. ഇപ്പോൾ പൊലീസും കുറച്ച് മാധ്യമപ്രവർത്തകരും ഒക്കെയേ പുറത്തിറങ്ങുന്നതായിട്ടുള്ളൂ. അവരുടെ കണ്ണിലേ ഇവര് പെടൂ... അങ്ങനെ പരസ്പരം കാണുകയും സഹായിക്കുകയും ചെയ്യേണ്ട നേരമാണിത്. പരസ്പരം സഹായിച്ചാൽ മാത്രമേ ഈ കാലം കടന്നുപോവൂ. 

നിധീഷ് കൃഷ്ണൻ (സുപ്രഭാതം)

എന്നത്തേയും പോലെ രാവിലെ തന്നെ വര്‍ക്കിനിറങ്ങിയതാണ്. ഞങ്ങള് നാല് പേരുണ്ടായിരുന്നു. ആദ്യം പ്രസ്ക്ലബ്ബിന്റെ അവിടെത്തി. അതിനുശേഷം ബീച്ച് വഴി ഒന്ന് പോയിനോക്കാം എന്നും പറഞ്ഞ് ഇറങ്ങിയതാണ്. സൗത്ത് ബീച്ചിന്റെ അതിലൂടെ പോവുകയായിയരുന്നു. ബിനുവും മനുവും മുന്നിൽ പോകുന്നു. ഞാനും തൻസീറും പിറകിൽ. ബിനു നിന്നു. ബിനുവിനോട് അദ്ദേഹം പറഞ്ഞു. മരുന്ന് വാങ്ങിയിട്ട് വരുന്നതാണ് അതിനിടയില് വണ്ടിനിന്നുപോയി എന്ന്. പെട്രോള് തീർന്നതാണെങ്കിൽ വാങ്ങിച്ചുതരാം എന്ന് പറഞ്ഞു. പക്ഷേ, പെട്രോൾ തീർന്നതല്ലായിരുന്നു. അങ്ങനെയാണ് അവര് രണ്ടാളും കൂടി വണ്ടി കാലുകൊണ്ട് നീക്കിപ്പോകുന്നത്. 

 

അദ്ദേഹത്തിന്റെ വീട് കുറച്ച് പോകാനുണ്ട്. മനുവും ബിനുവും ആ വണ്ടിയുടെ ഇരുവശത്തും സ്വന്തം വണ്ടിയിലിരുന്ന് ഇങ്ങനെ ടയറിൽ കാൽ വെച്ച് പോവ്വാണ്. ആ സമയത്താണ് നല്ല ഒരു ചിത്രം എന്ന് മനസിൽ മിന്നിയത്. ആ ഫ്രെയിം കണ്ടപ്പോള്‍ വല്ലാത്തൊരു ഫീൽ തോന്നി. അങ്ങനെ ക്ലിക്ക് ചെയ്തതാണ്. അവരറിഞ്ഞിട്ടില്ല. ഫോട്ടോ എടുക്കുന്നതോ കൊടുക്കുന്നതോ ഒന്നും. പിന്നെ ഈ ഫോട്ടോ വൈറലാവുകയായിരുന്നു. 

ഇതിൽ എടുത്തുപറയത്തക്കതായി സത്യം പറഞ്ഞാൽ ഒന്നുമില്ല. കാരണം, ഓരോ ദിവസവും പരസ്പരം സഹായിച്ചും സഹകരിച്ചും തന്നെയാണ് മനുഷ്യജീവിതം മുന്നോട്ട് പോവുന്നത്. അതുകൊണ്ടാണ് ഈ ലോകം തന്നെ ഇങ്ങനെ നിലനിൽക്കുന്നത്. പക്ഷേ, ഈ മഹാമാരിയുടെ കാലത്ത്, ആളുകളെല്ലാം ലോക്ക്ഡായിപ്പോയ കാലത്ത് മനസ് നിറയ്ക്കുന്ന കാഴ്ച പ്രതീക്ഷയാണ്. 

click me!