10 വര്‍ഷം ജോലിസ്ഥലത്ത് ആണായി അഭിനയിച്ചു; ഒടുവില്‍ സ്ത്രീപീഡനക്കേസില്‍ പെട്ടപ്പോള്‍ വെളിപ്പെടുത്തി 'ഞാന്‍ പെണ്ണാണ്'

By Web TeamFirst Published Apr 3, 2019, 12:33 PM IST
Highlights

പിലി സ്കൂളില്‍ പോയിരുന്നില്ല. അതുകൊണ്ട് തന്നെ അധികം ജോലികളൊന്നും അന്വേഷിക്കാനുള്ള അവസരവുമുണ്ടായിരുന്നില്ല. അങ്ങനെ തൊഴിലന്വേഷിച്ച് അവള്‍ ഖനിയിലെത്തി. പക്ഷെ, പുരുഷന്മാരെ മാത്രമാണ് അവിടെ ജോലിക്കെടുത്തിരുന്നത്. പിലി മറ്റൊന്നും നോക്കിയില്ല.

സ്ത്രീകള്‍ പുരുഷന്മാരുടെ വേഷമണിഞ്ഞ് ജീവിക്കുന്നത് സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍, ഈ സ്ത്രീയുടേത് അവിശ്വസനീയമായ ജീവിതാനുഭവമാണ്.. ഒരു ഖനന സ്ഥലത്ത് ജോലി ചെയ്യാനായിട്ടാണ് അവള്‍ പുരുഷ വേഷം കെട്ടിയത്. പത്ത് വര്‍ഷങ്ങളാണ് 'താനൊരു പെണ്ണാണ്' എന്ന് ഒരാളോട് പോലും വെളിപ്പെടുത്താതെ ഇവര്‍ ജീവിച്ചത്. ഒടുവില്‍ ഒരു സ്ത്രീപീഡനക്കുറ്റത്തിന് അകത്താകുമെന്നായപ്പോള്‍ 'ഞാന്‍ ഒരു പെണ്ണാണ്' എന്ന് അവള്‍ തന്നെ വെളിപ്പെടുത്തി. കൂടെ ജോലി ചെയ്തവരൊക്കെ ഞെട്ടിപ്പകച്ച് പരസ്പരം നോക്കി..

ഇതാണ് അവളുടെ കഥ

അവളുടെ പേര് പിലി ഹുസ്സൈന്‍.. ടാന്‍സാനിയയിലെ ഒരു വലിയ കുടുംബത്തിലാണ് പിലിയുടെ ജനനം. കന്നുകാലിയെ വളര്‍ത്തലായിരുന്നു പിലിയുടെ പിതാവിന്‍റെ തൊഴില്‍. നിരവധി ഫാമുകള്‍ അദ്ദേഹത്തിന്‍റേതായി ഉണ്ടായിരുന്നു. ആറ് ഭാര്യമാരിലായി 38 കുട്ടികളുണ്ടായിരുന്നു പിലിയുടെ പിതാവിന്. പക്ഷെ, പിതാവ് പിലിയെ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് വളര്‍ത്തിയത്. ഒരു ആണ്‍കുട്ടിയെ പോലെയായിരുന്നു അവള്‍ വളര്‍ന്നത്. കന്നുകാലിയെ മേയ്ക്കാന്‍ അവളും നിയോഗിക്കപ്പെട്ടു. 'നീ പെണ്‍കുട്ടിയല്ലേ' എന്ന് ചോദിച്ച് ഒരിടത്തും അവള്‍ മാറ്റിനിര്‍ത്തപ്പെട്ടില്ല. 

ജോലിക്കാര്യത്തില്‍ പല പുരുഷന്മാരും അവളേക്കാള്‍ പിറകിലായിരുന്നു

പക്ഷെ, വിവാഹത്തോടെ ആ സന്തോഷം അവസാനിച്ചു. വളരെ ഉപദ്രവകാരിയായ ഒരാളായിരുന്നു പിലിയെ വിവാഹം ചെയ്തത്. 31 -ാമത്തെ വയസ്സില്‍ ഉപദ്രവം സഹിക്കവയ്യാതെ അവള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഓടിപ്പോന്നു. ജീവിക്കാനായി ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ ജോലി തിരഞ്ഞാണ് അവള്‍ കിളിമഞ്ചാരോ കൊടുമുടിയുടെ താഴ്വരയിലെ ഒരു ഗ്രാമത്തിലെത്തിയത്. വളരെ വിശേഷപ്പെട്ട വയലറ്റ് ബ്ലൂ നിറത്തിലുള്ള രത്നക്കല്ലുകള്‍ ലഭിക്കുന്ന ലോകത്തിലെ ഒരേയൊരു ഖനി അവിടെയായിരുന്നു.

പിലി സ്കൂളില്‍ പോയിരുന്നില്ല. അതുകൊണ്ട് തന്നെ അധികം ജോലികളൊന്നും അന്വേഷിക്കാനുള്ള അവസരവുമുണ്ടായിരുന്നില്ല. അങ്ങനെ തൊഴിലന്വേഷിച്ച് അവള്‍ ഖനിയിലെത്തി. പക്ഷെ, പുരുഷന്മാരെ മാത്രമാണ് അവിടെ ജോലിക്കെടുത്തിരുന്നത്. പിലി മറ്റൊന്നും നോക്കിയില്ല. ഒരു ആണിനെ പോലെ വേഷം ധരിച്ച്, പുരുഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലിക്ക് ചെന്നു. വേഷം വലിയ പാന്‍റില്‍ നിന്ന് ചെറിയ പാന്‍റിലേക്ക് മാറി. ഒരു പുരുഷനെ പോലെ വേഷം ധരിക്കുക മാത്രമല്ല അവള്‍ ചെയ്തത്, 'പിലി ഹുസ്സൈന്‍' എന്ന പേര് മാറ്റി 'അങ്കിള്‍ ഹുസ്സൈന്‍' എന്നാക്കി. ഇന്നും അവിടെ ചെന്ന് അന്വേഷിച്ചാല്‍ അങ്കിള്‍ ഹുസ്സൈനെ മാത്രമേ അറിയാനാകൂവെന്ന് പിലി പറയുന്നു. 

ഇരുണ്ട ഗര്‍ത്തത്തിലൂടെ, ചൂടിലും ചെളിയിലും നൂറ്റു മീറ്റര്‍ വരെ താഴ്ചയില്‍ രത്നങ്ങളന്വേഷിച്ച് അവള്‍ ചെന്നു. 10-12 മണിക്കൂര്‍ വരെ മിക്ക ദിവസങ്ങളിലും ജോലി ചെയ്തു. ജോലിക്കാര്യത്തില്‍ പല പുരുഷന്മാരും അവളേക്കാള്‍ പിറകിലായിരുന്നു. ഒരിക്കല്‍ പോലും പിലി ഒരു സ്ത്രീയാണെന്ന് അവര്‍ സംശയിച്ചേയില്ല. 'താനൊരു ഗോറില്ലാ പോരാളിയെപ്പോലെ ആയിരുന്നു പെരുമാറിയിരുന്നത്' എന്നാണ് പിലി പറയുന്നത്. അവരെപ്പോഴും ഒരു പോരാളിയെപ്പോലെ കയ്യിലൊരു കത്തി കരുതി. നടപ്പിലും ഇരിപ്പിലും സംസാരത്തിലുമെല്ലാം പുരുഷനാണെന്ന് തോന്നിപ്പിച്ചു. 

ഒരു വര്‍ഷം ജോലി ചെയ്തപ്പോള്‍ തന്നെ പിലി ഒരു പണക്കാരിയായി മാറി. ആ പണം കൊണ്ട് തന്‍റെ അമ്മയ്ക്കും അച്ഛനും ഇരട്ട സഹോദരങ്ങള്‍ക്കുമായി വീട് പണിതു നല്‍കി. തനിക്കു വേണ്ടി ഖനന ജോലി ചെയ്യാനായി തൊഴിലാളികളെ ഏര്‍പ്പെടുത്തി. 

പെണ്ണാണ് എന്ന് വെളിപ്പെടുത്തിയപ്പോള്‍

പക്ഷെ, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം താനൊരു പെണ്ണാണ് എന്ന് അവര്‍ക്ക് വെളിപ്പെടുത്തേണ്ടി വന്നു. 

അന്ന് സംഭവിച്ചത് ഇതാണ്; ഖനിയുടെ അടുത്ത് താമസിക്കുന്ന ഒരു സ്ത്രീയെ കുറച്ച് ഖനിത്തൊഴിലാളികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സംശയത്തിന്‍റെ പേരില്‍ പിലിയും അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് വന്നപ്പോള്‍ യഥാര്‍ത്ഥ പ്രതി പിലിയുടെ നേരെ കൈ ചൂണ്ടി 'ഇതാണ് പ്രതി' എന്ന് പറഞ്ഞു. പിലി പൊലീസ് സ്റ്റേഷനിലേക്കെത്തിക്കപ്പെട്ടു. 

70 തൊഴിലാളികള്‍ അവരുടെ കമ്പനിയില്‍ ജോലി ചെയ്തു

രക്ഷപ്പെടാന്‍ ആകെയുണ്ടായിരുന്ന തെളിവ് താനൊരു പുരുഷനല്ല, മറിച്ച് സ്ത്രീ ആണെന്ന് വെളിപ്പെടുത്തുക മാത്രമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു വനിതാ പൊലീസിനെ വേണമെന്ന് പിലി ആവശ്യപ്പെടുകയും ആ പൊലീസുകാരിയോട് തന്നെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിലി ഒരു സ്ത്രീയാണെന്ന സത്യം പൊലീസിന് ബോധ്യപ്പെട്ടു. അവര്‍ മോചിപ്പിക്കപ്പെട്ടു. 

സത്യത്തില്‍ ഇവിടെ ഞെട്ടിയത് പിലിയുടെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരായിരുന്നു. തങ്ങളിലൊരാളായിരുന്ന അങ്കിള്‍ ഹുസ്സൈന്‍, പിലി ഹുസ്സൈനാണെന്നത് അവര്‍ക്ക് അംഗീകരിക്കാനായില്ല. ഒരു തരത്തിലും അത് വിശ്വസിക്കാനാകാത്തതു പോലെ അവര്‍ പകച്ച് നിന്നു. അവസാനം അവരത് അംഗീകരിച്ചത് 2001 -ല്‍ പിലി മറ്റൊരു വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങിയപ്പോഴാണ്. പുരുഷനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ജീവിച്ച ഒരു സ്ത്രീക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്തുക ഒട്ടും എളുപ്പമായിരുന്നില്ല എന്നും പിലി തുറന്നു സമ്മതിക്കുന്നുണ്ട്. സത്യത്തില്‍ ഭര്‍ത്താവ് അവളോട് പൂര്‍ണമായും അടുക്കാന്‍ തന്നെ അഞ്ച് വര്‍ഷത്തോളം വേണ്ടി വന്നു. 

ജോലിയില്‍ തന്‍റേതായ കഴിവ് തെളിയിച്ച പിലി പിന്നീട് സ്വന്തമായി മൈനിങ് കമ്പനി തുടങ്ങി. 70 തൊഴിലാളികള്‍ അവരുടെ കമ്പനിയില്‍ ജോലി ചെയ്തു. അതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പക്ഷെ, അവര്‍ മൈനിങ്ങിന് പകരം പാചകത്തൊഴിലാളികളാണ്. പക്ഷെ, താന്‍ തുടങ്ങിയ സമയത്തേക്കാള്‍ സ്ത്രീ തൊഴിലാളികള്‍ ഇന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന് പിലി തുറന്ന് സമ്മതിക്കുന്നു. 

അതുകൊണ്ട് തന്‍റെ മകള്‍ സ്കൂളില്‍ പോകണം

ചിലര്‍ പാചകക്കാരാണ്, ചിലര്‍ രത്നം വൃത്തിയാക്കിയെടുക്കുന്നവര്‍, ചിലര്‍ ബ്രോക്കര്‍മാര്‍.. പക്ഷെ, തന്നെപ്പോലെ ഖനികളിലേക്കിറങ്ങാന്‍ ആരും തയ്യാറായിട്ടില്ല. കാരണം, അത് ഒട്ടും എളുപ്പമല്ല എന്നും പിലി പറയുന്നു. 

ഒരുപാട് ബന്ധുക്കളെ പിലി തന്‍റെ പണമുപയോഗിച്ച് പഠിപ്പിച്ചു. പക്ഷെ, സ്വന്തം മകളോട് പോലും തന്‍റെ വഴി പിന്തുടരാന്‍ പിലി ആവശ്യപ്പെട്ടില്ല. അതിനവര്‍ കാരണം പറയുന്നത്, 'ഞാന്‍ അന്ന് പുരുഷനായി വേഷം ധരിച്ച് ഖനിത്തൊഴിലാളിയായി മാറിയതില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷെ, അത് ഒട്ടും എളുപ്പമല്ല.. ആ തൊഴില്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്' എന്നാണ്. അതുകൊണ്ട് തന്‍റെ മകള്‍ സ്കൂളില്‍ പോകണം, വിദ്യാഭ്യാസം നേടണം അപ്പോഴാണ് മികച്ച നിലയില്‍ അവള്‍ക്ക് ജീവിക്കാനാവുക എന്നും പിലി പറയുന്നു. 

click me!