
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഏറ്റെടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതോടെ രാജ്യം എങ്ങും ആഹ്ലാദരവത്തിലാണ്. ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ മാറിയെന്നതും വിജയാഘോഷങ്ങളുടെ മാധുര്യം വർദ്ധിപ്പിക്കുന്നു. രാജ്യം എങ്ങും ഇപ്പോഴും തുടരുന്ന വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ചാന്ദ്രയാൻ -3 ന്റെ വിജയകരമായ ലാൻഡിങ് ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് യാത്രക്കാരുമായി പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. പൈലറ്റ് സന്തോഷകരമായ ചാന്ദ്രദൗത്യ വിജയം പ്രഖ്യാപിക്കുമ്പോൾ യാത്രക്കാർ സന്തോഷഭരിതരായി ഹർഷാരവങ്ങൾ മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
C Lekha എന്ന യൂസറാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (ട്വിറ്റർ) ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. വിമാനത്തിലെ പൈലറ്റ് ഈ അഭിമാന നിമിഷത്തെക്കുറിച്ച് പങ്കുവെച്ചപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമാണ് ഉണ്ടായതെന്നും അവർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നിലത്തായാലും വായുവിൽ ആയാലും ഈ അഭിമാന നിമിഷങ്ങൾ നഷ്ടമാകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കുറിച്ചു.
വളരെ സവിശേഷമായ ഒരു പ്രഖ്യാപനം നടത്താനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പൈലറ്റ് വീഡിയോയിൽ തന്റെ സംഭാഷണം ആരംഭിക്കുന്നത്. ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയെന്നും വിക്രം ലാൻഡറിന്റെ ലാൻഡിംഗോടെ അത് ഇന്ത്യയെ ഉന്നത ബഹിരാകാശ യാത്രാസംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും നിങ്ങളെ അറിയിക്കുന്നതിൽ തനിക്കും ക്യാപ്റ്റൻ രാജീവിനും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ തങ്ങൾ ഐഎസ്ആർഒയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാഴികക്കല്ല് കൈവരിക്കാൻ അഹോരാത്രം അക്ഷീണം പ്രയത്നിച്ച ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും യാത്രക്കാർ കയ്യടി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൈലറ്റിന്റെ വാക്കുകൾ വലിയ കയ്യടിയോടെയാണ് യാത്രക്കാർ സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.