മണ്ണില്ലാതെ നെല്‍ക്കൃഷി ചെയ്യാം, ഉത്പാദനം വര്‍ധിപ്പിക്കാം

By Web TeamFirst Published Nov 18, 2019, 6:17 PM IST
Highlights

ഹൈഡ്രോപോണിക്സ് സംവിധാനത്തില്‍ മണ്ണില്ലാതെ നെല്‍ക്കൃഷി ചെയ്യാം. പെര്‍ലൈറ്റ്, വെര്‍മിക്കലേറ്റ് എന്നിവയടങ്ങിയ മാധ്യമത്തിലോ ന്യൂട്രിയന്റ് സൊല്യൂഷനിലോ ആണ് നെല്‍ച്ചെടികള്‍ വളര്‍ത്തുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ ഭക്ഷ്യധാന്യം നെല്ലാണ്. ഇവിടെ ഉപയോഗയോഗ്യമായ കൃഷിസ്ഥലത്തിന്റെ 25 ശതമാനത്തോളം നെല്‍പ്പാടങ്ങളാണ്. 60 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങളുടെ മുഖ്യ ഭക്ഷ്യവസ്തുവാണ് അരി. ചൈന കഴിഞ്ഞാല്‍ നെല്ല് ഉത്പാദനത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ഇന്ത്യയിലെ നെല്‍ക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. 

നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജലസേചനസൗകര്യങ്ങളുടെ അപര്യാപ്തതയും നെല്ലുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. യുവാക്കള്‍ കൃഷി ഉപേക്ഷിച്ച് മെച്ചപ്പെട്ട ജോലി തേടിപ്പോകുന്നതും ഈ രംഗത്ത് തിരിച്ചടിയായി മാറുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗവും, അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്ന മീഥെയ്ന്‍ പോലുള്ള ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവും, കാലാവസ്ഥാ വ്യതിയാനവും പ്രവചനാതീതമായ രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങളും മണ്ണിലെ വളക്കൂറ് നഷ്ടപ്പെടുന്നതുമെല്ലാം ഇന്ത്യയിലെ നെല്‍ക്കൃഷി കുറയാനുള്ള കാരണങ്ങളാണ്.

സമീപഭാവിയില്‍ ഗുണനിലവാരമുള്ള നെല്ല് ഉത്പാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറും. കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി അതിജീവിക്കണമെങ്കില്‍ നൂതന കൃഷി സമ്പ്രദായങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉത്പാദനച്ചെലവ് കുറയ്ക്കുന്ന രീതിയിലുള്ളതും വിരസതയുണ്ടാക്കാത്തതും കൂടുതല്‍ പ്രതിഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നതുമായ രീതിയില്‍ കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് നമുക്ക് ആവശ്യം. മണ്ണില്ലാതെ കൃഷി ചെയ്താല്‍ നെല്ലുത്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് കാര്‍ഷികലോകം ഇപ്പോള്‍ കണ്ടെത്തുന്നത്.

Image courtesy: Ayurvet Research Foundation


നെല്‍കൃഷിക്കായി നഴ്സറി

വളര്‍ച്ചയുടെ ആദ്യഘട്ടത്തിലാണ് നെല്ലിന്റെ ഗുണനിലവാരം തീരുമാനിക്കപ്പെടുന്നത്. ആരോഗ്യമില്ലാത്ത നെല്‍ച്ചെടികള്‍ 10 ശതമാനത്തോളം വിളവ് കുറയ്ക്കാന്‍ കാരണമാകുന്നു. യഥാര്‍ഥ സമയത്തുതന്നെ നെല്‍ച്ചെടികള്‍ പറിച്ച് മാറ്റിനടുന്നതും വിളവ് കൂടുതല്‍ ഉണ്ടാകാന്‍ അത്യാവശ്യമാണ്.

ദക്ഷിണേന്ത്യയില്‍ വയലുകളിലേക്ക് മാറ്റി നടുന്നതിന് മുമ്പായി നെല്‍വിത്തുകള്‍ നഴ്സറികളിലെ പരന്ന പാത്രങ്ങളിലാണ് സാധാരണയായി വളര്‍ത്തുന്നത്. വെള്ളത്തിന്റെ ലഭ്യത കുറവുള്ള സ്ഥങ്ങളില്‍ വെറ്റ്-ബെഡ് നഴ്സറിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.

ജൈവവളങ്ങളുടെ ഉപയോഗവും വളരെ ചെറിയ അളവിലുള്ള രാസവളപ്രയോഗവും നെല്‍ച്ചെടികള്‍ക്ക് പെട്ടെന്ന് വേര് പിടിച്ചുകിട്ടാനും വളരാനും സഹായിക്കും.

ഇന്ത്യയിലെ കര്‍ഷകര്‍ നഴ്സറി ശരിയായ രീതിയില്‍ പരിപാലിക്കുന്നതില്‍ വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നെല്‍ച്ചെടികള്‍ പറിച്ചുനടുമ്പോഴുള്ള പ്രശ്നം, രോഗകീടബാധകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. പരമ്പരാഗതരീതിയിലുള്ള നഴ്സറിയില്‍ വളരെ വലിയ സ്ഥലവും അധ്വാനവും ആവശ്യമായി വരുന്നുണ്ട്. ദിവസംതോറും കൃത്യമായ ജലസേചനവും നല്‍കണം. തുറസായ സ്ഥലത്ത് നഴ്സറി സ്ഥാപിക്കുന്നതുകാരണമുള്ള പ്രശ്നങ്ങളാണ് ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിക്കുന്നതും മലിനമാക്കപ്പെടുന്നതും ചെടിത്തലപ്പുകള്‍ കരിഞ്ഞുണങ്ങുന്നതുമെല്ലാം. ഹൈഡ്രോപോണിക്സ് കൃഷിരീതിയാണ് ഇതിനെല്ലാമുള്ള ഏറ്റവും നല്ല പോംവഴിയെന്ന് വിലയിരുത്തപ്പെടുന്നു.

Image courtesy: Ayurvet Research Foundation

 

കര്‍ഷകര്‍ക്ക് മികച്ച പരിഹാരം

ഹൈഡ്രോപോണിക്സ് സംവിധാനത്തില്‍ മണ്ണില്ലാതെ നെല്‍ക്കൃഷി ചെയ്യാം. പെര്‍ലൈറ്റ്, വെര്‍മിക്കലേറ്റ് എന്നിവയടങ്ങിയ മാധ്യമത്തിലോ ന്യൂട്രിയന്റ് സൊല്യൂഷനിലോ ആണ് നെല്‍ച്ചെടികള്‍ വളര്‍ത്തുന്നത്.

വേരുകളുടെ ഭാഗത്ത് പോഷകങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതുകൊണ്ട് ചെടികള്‍ വളരെ പെട്ടെന്ന് വളരാനും വെറും ഏഴു ദിവസം കൊണ്ട് പറിച്ചു മാറ്റി നടാനും കഴിയും.  സാധാരണ നഴ്സറികളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വെള്ളത്തിന്റെ ആവശ്യം എട്ടുമടങ്ങ് കുറയ്ക്കാം. സാധാരണ നഴ്സറിയില്‍ ഒരു കിലോഗ്രാം നെല്‍വിത്ത് വളരാന്‍ 3000-5000 ലിറ്റര്‍ വെള്ളം ആവശ്യമാണ്.

നിയന്ത്രിതമായ അന്തരീക്ഷത്തിലാണ് ഹൈഡ്രോപോണിക്സ് സംവിധാനത്തില്‍ വിളകള്‍ വളരുന്നത്. ഇത്തരം സംവിധാനത്തില്‍ കളകളും വിളകളെ നശിപ്പിക്കുന്ന പ്രാണികളും വളരുന്നില്ല. വില കൂടിയ കീടനാശിനികള്‍ പ്രയോഗിക്കേണ്ടിയും വരുന്നില്ല. താപനില, വെള്ളം, വെളിച്ചം, പോഷകം എന്നിവയെല്ലാം പൂര്‍ണായും നിയന്ത്രിക്കാവുന്നതാണ്. കുറഞ്ഞ അളവ് വെള്ളം ഉപയോഗിച്ചു കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഇത്.

Image courtesy: Ayurvet Research Foundation

 

ഹൈഡ്രോപോണിക്സിന്റെ ഗുണങ്ങള്‍

1. ഹൈഡ്രോപോണിക്സ് രീതിയിലൂടെ വളര്‍ത്തുന്ന നെല്‍ച്ചെടികള്‍ പെട്ടെന്ന് വളരുകയും ഒരേ രീതിയില്‍ പൂര്‍ണവളര്‍ച്ചയെത്തുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കാണിക്കുകയും ചെയ്യുന്നു

2. വിളകള്‍ മറ്റു രീതികളെ അപേക്ഷിച്ച് വളരെ നേരത്തെ കൊയ്തെടുക്കാനും സാമ്പത്തികലാഭം കൊയ്യാനും കഴിയുന്നു.

3. മറ്റുള്ള രീതികളില്‍ നിന്നും 95 % വെള്ളം കുറച്ച് ഉപയോഗിച്ചാല്‍ മതി

4. വൈകിയെത്തുന്ന മണ്‍സൂണ്‍ കാലാവസ്ഥയിലും അതിജീവിക്കാന്‍ അനുയോജ്യം

5. നഴ്സറിക്കായി ഉപയോഗിക്കുന്ന ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം

6. യന്ത്രവത്കൃതമായ പറിച്ചുനടല്‍ കാരണം കൃത്യമായ അകലത്തില്‍ നടാന്‍ കഴിയുന്നു.1.2 മുതല്‍ 1.6 ഹെക്ടര്‍ സ്ഥലത്ത് ഒരു ദിവസം കൊണ്ട് നടാന്‍ കഴിയുന്നതിനാല്‍ മനുഷ്യരുടെ അധ്വാനം വളരെ കുറവ് മതി.

എന്താണ് ഹൈഡ്രോപോണിക്‌സ്?

ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ ചെയ്യുന്നത് ചെടികളുടെ വേരുകള്‍ മണ്ണിലല്ലാതെ പെര്‍ലൈറ്റ് , വെര്‍മിക്കുലൈറ്റ് എന്നീ നിഷ്‌ക്രിയ മാധ്യമത്തില്‍ വളര്‍ത്തുകയെന്നതാണ്.പോഷകമൂല്യങ്ങള്‍ അടങ്ങിയ ലായനി വളരെപ്പെട്ടെന്ന് ചെടികളുടെ വേരുകള്‍ വലിച്ചെടുക്കുന്നു. മണ്ണില്ലാക്കൃഷിയില്‍ മണ്ണിന് പകരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പെര്‍ലൈറ്റും വെര്‍മിക്കുലൈറ്റും.

പെര്‍ലൈറ്റ് ഖനനം ചെയ്‌തെടുക്കുന്ന ധാതുപദാര്‍ഥമാണ്. ഇതിന്റെ പ്രത്യേകത മണ്ണുമായോ ചെടികളുമായോ പ്രതിപ്രവര്‍ത്തിക്കില്ലെന്നതാണ്. അതിനാല്‍ നമ്മള്‍ ചേര്‍ത്തുകൊടുക്കുന്ന വെള്ളവും വളവും പൂര്‍ണമായും നെല്‍ച്ചെടികള്‍ക്ക് ലഭിക്കുകയും വളരെ പെട്ടെന്ന് ചെടികള്‍ക്ക് വളരാനും കഴിയുന്നു.

വെര്‍മിക്കുലൈറ്റ് ചെടികളുടെ വേരുവളര്‍ച്ച വേഗത്തിലാക്കുന്നു. ആവശ്യത്തിന് വെള്ളം വേരുപടലത്തില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഫംഗസുകളെ ചെറുത്തുനിര്‍ത്താനുള്ള ശക്തിയും ഇതിനുണ്ട്.

ആയുര്‍വെറ്റ് പ്രോ ഗ്രീന്‍ ഹൈഡ്രോപോണിക്‌സ് പാഡി നഴ്‌സറി നെല്‍ച്ചെടികളെ നിയന്ത്രിതമായ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നുണ്ട്. ഒരു പ്രത്യേക പോഷക ലായനി കൃത്യമായ ഇടവേളകളില്‍ നല്‍കുന്നുണ്ട്. വെറും ഏഴുദിവസം കൊണ്ട് നെല്‍ച്ചെടികള്‍ 15 സെന്റീമീറ്റര്‍ വളരും. അന്തരീക്ഷ ആര്‍ദ്രത 30 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസും 75 മുതല്‍ 80 ഡിഗ്രി സെല്‍ഷ്യസും വരെയാകാം. ആര്‍ദ്രതയും താപനിലയുമാണ് നെല്‍ച്ചെടികളുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത്‌

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം 

click me!