ഈ ബംഗളൂരു സ്‌കൂളില്‍ ക്ലാസെടുക്കുന്നത് റോബോട്ടുകള്‍!

By Web TeamFirst Published Nov 18, 2019, 5:48 PM IST
Highlights

ബംഗളൂരു സര്‍ജാപൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് റോബോട്ടിക് അധ്യാപികമാരുള്ളത്. മനുഷ്യരെ പോലെ തലയും ശരീര ഭാഗങ്ങളും വശങ്ങളിലേക്ക് ചലിപ്പിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന മൂന്ന് റോബോട്ടുകളാണ് ഇവിടെയുള്ളത്. ബംഗളൂരില്‍നിന്നും ബിന്ദു എവി യുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

ബംഗളൂരു: ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 എന്ന ചിത്രത്തിലെ ഹോം നഴ്‌സായ റോബോട്ട്  കീഴടക്കിയത് പ്രേക്ഷകരുടെ മനസ്സാണ്. ബംഗളൂരുവിലെ ഈ സ്‌കൂളിലാവട്ടെ,  ഈഗിള്‍ 2.0 എന്ന ഹ്യുമനോയ്ഡ് റോബോട്ടുകള്‍ കീഴടക്കിയത് വിദ്യാര്‍ത്ഥികളുടെയാകെ മനസ്സുകളാണ്. പതിവു ടീച്ചര്‍ക്ക് പകരം കറുത്ത സ്‌കേര്‍ട്ടും വെള്ള ടോപ്പും കഴുത്തില്‍ ടൈയും ധരിച്ച് ആദ്യം ക്ലാസ് മുറിയിലേക്ക് കയറിയ റോബോട്ട് ടീച്ചറെ കണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നമ്പരന്നെങ്കിലും ചോദിക്കുന്ന സംശയങ്ങള്‍ക്ക് വളരെ കൃത്യമായി മറുപടി പറയാന്‍ തുടങ്ങിയതോടെ എല്ലാവരും വളരെ ആവേശത്തിലായി. 

ബംഗളൂരു സര്‍ജാപൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് റോബോട്ടിക് അധ്യാപികമാരുള്ളത്. മനുഷ്യരെ പോലെ തലയും ശരീര ഭാഗങ്ങളും വശങ്ങളിലേക്ക് ചലിപ്പിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന മൂന്ന് റോബോട്ടുകളാണ് ഇവിടെയുള്ളത്.

അധ്യാപനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക, അധ്യാപകരുടെ ജോലി ഭാരം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌കൂള്‍ അധികൃതര്‍ റോബോട്ടുകള്‍ വികസിപ്പിച്ചെടുത്തത്. ഏഴു മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ കെമിസ്ട്രി, ബയോളജി,ജ്യോഗ്രഫി,ഹിസ്റ്ററി,ഫിസിക്‌സ് എന്നീ വിഷയങ്ങളാണ് ഇവ പഠിപ്പിക്കുന്നത്. അതാത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് റോബോട്ടുകള്‍ പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കും. അതായത് ക്ലാസ് മുറികളില്‍ റോബോട്ടുകള്‍ക്കൊപ്പം അധ്യാപകരുമുണ്ടാവും. 

40 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസില്‍ 10 അല്ലെങ്കില്‍ 15 മിനുട്ട് ഇടവിട്ട് അധ്യാപകരും റോബോട്ടും പഠിപ്പിക്കും. ഗ്രാഫിക്‌സ്, ആനിമേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് റോബോട്ടുകള്‍ ക്ലാസെടുക്കുക. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ രീതിയുമായി പൊരുത്തപ്പെട്ടെന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും  റോബോട്ട് പ്രൊജക്ടിനു നേതൃത്വം നല്‍കിയ വിഘ്‌നേഷ് റാവു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ അധ്യാപനത്തിനായി റോബോട്ടുകള്‍ വികസിപ്പിക്കുന്നതെന്നും അധ്യാപകര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും സ്‌കൂളിലെ ചീഫ് ഡിസൈന്‍ ഓഫീസര്‍ കൂടിയായ റാവു പറഞ്ഞു. 

സ്‌കൂളിലെ അധ്യാപകര്‍ക്കൊപ്പം, റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതിലും വികസിപ്പിക്കുന്നതിലും പരിശീലനം നേടിയ എന്‍ജിനീയര്‍മാര്‍, ആനിമേഷനിലും ഗെയിമിങ്ങിലും  പ്രാവീണ്യമുള്ള ഗ്രാഫിക് ഡിസൈനര്‍മാര്‍, സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍മാര്‍  തുടങ്ങിയവരടങ്ങിയ 17 അംഗ സംഘം രണ്ടു വര്‍ഷത്തോളമെടുത്താണ് മൂന്നു റോബോട്ടുകള്‍ വികസിപ്പിച്ചെടുത്തത്.

ഓരോന്നിനും എട്ടര ലക്ഷത്തോളം രൂപ വില വരും. ഇവ നിര്‍മ്മിക്കുന്നതിനായുള്ള  സെര്‍വ്വോ മോട്ടോറുകളും 3 ഡി പ്രിന്റഡ് മെറ്റീരിയലുകളും അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഈഗിള്‍ 2.0 വിന്റെ അന്താരാഷ്ട്ര പേറ്റന്റ്് നേടാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

 

click me!