പ്ലസ്‌ടുവിന് മാർക്ക് കുറഞ്ഞു പോയി, പ്രശ്നമുണ്ടോ..?

By Web TeamFirst Published May 4, 2019, 5:40 PM IST
Highlights

അച്ഛനമ്മമാരുടെ പ്രതീക്ഷയ്‌ക്കൊത്ത് മാർക്ക് വാങ്ങാൻ സാധിക്കാതിരുന്ന കുട്ടികളേ നിങ്ങൾ സങ്കടപ്പെടേണ്ട..! പരീക്ഷകളിൽ തോറ്റു പോയിട്ടും ജീവിതത്തിൽ വിജയിച്ച, ചരിത്രത്തിൽ ഇടം നേടിയ  എത്രയോ പേരുണ്ട് ഈ ലോകത്തിൽ. അവരിൽ ഒരാളായി മാറുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ ഈ താത്കാലിക തോൽവി ഒരു തടസ്സമേ ആവില്ല. ഒരു ഉയിർത്തെഴുന്നേൽപ്പിന് ഇനിയും അവസരമുണ്ട്. 

ഇത് റിസൾട്ടുകൾ ഒന്നൊന്നായി വരുന്ന സമയമാണ്. യുപിഎസ്‌സി, സിബിഎസ്ഇ അങ്ങനെ ഒന്നൊന്നായി റിസൾട്ടുകൾ പുറത്തു വന്നു. ഓരോ സ്ട്രീമിലും ഒന്നാമതെത്തിയവരുടെ വീടുകളിൽ മാധ്യമങ്ങളുടെ തിരക്കാണ്. കഴിഞ്ഞ വർഷങ്ങളിലെ  ചിട്ടയായ അദ്ധ്വാനം എങ്ങനെ  തങ്ങൾക്ക് ഈ മിന്നുന്ന ജയം നേടിക്കൊടുത്തു എന്നവർ വെളിപ്പെടുത്തുന്നത് ചാനലുകളെല്ലാം തത്സമയം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. പത്രങ്ങൾ അതിന്റെ വിശദാംശങ്ങൾ വള്ളിപുള്ളി വിടാതെ അച്ചടിക്കുന്നു. 

മാർക്ക് കുറഞ്ഞുപോയവരെ അത് ചൂണ്ടിക്കാട്ടി അവരുടെ അച്ഛനമ്മമാർ പഴിക്കുന്നു. അടുത്ത വർഷം പരീക്ഷയ്ക്കിരിക്കാൻ പോവുന്ന കുട്ടികൾക്ക് ഈ വിജയങ്ങളുടെ മാതൃകകൾ പ്രചോദനമേകുന്നു. ഇതിനിടയിൽ നമ്മൾ മറന്നു പോവുന്ന ഒരു കൂട്ടരുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് സമൂഹം ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നിട്ടും ഈ പരീക്ഷയിൽ തോറ്റുപോയവർ. 

നമ്മളിൽ പലർക്കും പരീക്ഷകളിൽ കിട്ടുന്ന മാർക്ക് വളരെ പ്രധാനമാണ്. സത്യം പറഞ്ഞാൽ അതുണ്ടെങ്കിൽ മാത്രമേ പിന്നീടങ്ങോട് മറ്റു പലതുമുള്ളൂ.  പോകാമെന്ന് വാക്ക് കൊടുത്തിരുന്ന വെക്കേഷൻ ട്രിപ്പുകൾ, വാങ്ങി നൽകാം എന്നുറപ്പു പറഞ്ഞിരുന്ന മൊബൈൽ ഫോണുകൾ, എന്തിന് ഒരു നേരം വിളമ്പിക്കൊടുക്കുന്ന ഭക്ഷണം ഇറക്കുന്ന നേരത്തു പോലും തോറ്റുപോയവരെ സമൂഹം അവരുടെ തോൽവിയുടെ ദുരന്തസ്വഭാവം ഓർമിപ്പിക്കും. അത്രയ്ക്ക് പ്രധാനമാണോ ഈ പരീക്ഷയുടെ റിസൾട്ട്..? കാരണം എന്തുമാവട്ടെ, ഒരു കുട്ടി തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു പരീക്ഷയിൽ തോറ്റുപോയാൽ അതോടെ ഒടുങ്ങേണ്ടതാണോ അവന്റെ ജീവിതത്തിലെ സന്തോഷങ്ങളും, ആഘോഷങ്ങളും, വെളിച്ചവുമെല്ലാം.. ?

ഒരാൾക്ക് ഒരു പരീക്ഷയിൽ ഉന്നതമായ വിജയം ഉണ്ടായാൽ അത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ടുന്ന ഒരു നേട്ടം തന്നെ. അതുപോലെ മറ്റൊരാൾ അതേ പരീക്ഷയിൽ ദയനീയമായി തോറ്റു പോയാലോ..?  പരീക്ഷകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വൃത്തിയുള്ള കയ്യക്ഷത്തിൽ എഴുതി നല്ല മാർക്കുവാങ്ങുക എന്നത് മാത്രമാണോ ഒരു കുട്ടിയുടെ കഴിവിന്റെ അവസാന അളവുകോൽ..? ദൗർഭാഗ്യവശാൽ നമ്മൾ ഇന്ന് ജീവിക്കുന്നത് അത്തരം ഒരു സമൂഹത്തിലാണ്. ഇവിടെ മാർക്കുകൾ മാത്രമാണ് എല്ലാം. പരീക്ഷയിൽ തോറ്റുപോയ ഒരു കുട്ടിയുടെ മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞു പോവും എന്ന മട്ടാണ് എല്ലാവരുടെയും പെരുമാറ്റം. 

അച്ഛനമ്മമാരുടെ പ്രതീക്ഷയ്‌ക്കൊത്ത് മാർക്ക് വാങ്ങാൻ സാധിക്കാതിരുന്ന കുട്ടികളേ നിങ്ങൾ സങ്കടപ്പെടേണ്ട..! പരീക്ഷകളിൽ തോറ്റു പോയിട്ടും ജീവിതത്തിൽ വിജയിച്ച, ചരിത്രത്തിൽ ഇടം നേടിയ  എത്രയോ പേരുണ്ട് ഈ ലോകത്തിൽ. അവരിൽ ഒരാളായി മാറുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ ഈ താത്കാലിക തോൽവി ഒരു തടസ്സമേ ആവില്ല. ഒരു ഉയിർത്തെഴുന്നേൽപ്പിന് ഇനിയും അവസരമുണ്ട്. 

ഒരിക്കലും നിരാശരാകേണ്ടതില്ല, എത്രയെത്ര മേഖലകളുണ്ട്.. 
നിങ്ങൾ ചെയ്യേണ്ടുന്നത് ഇത്രമാത്രം. നിങ്ങൾക്ക് യഥാർത്ഥമായ താത്പര്യമുള്ള മേഖല ഏതെന്ന് നിങ്ങൾ നന്നായി ആലോചിച്ചുറപ്പിക്കണം. എന്നിട്ട്, സകല ഊർജ്ജവും സംഭരിച്ച് അതിനു പിന്നാലെ പോവണം. അക്കാദമിക് മേഖലയിൽ അല്ല നിങ്ങളുടെ താത്പര്യമെങ്കിൽ താത്പര്യമുള്ള മേഖലയിൽ പഠനം തുടരണം. 

പ്ലസ് റ്റു പരീക്ഷ ആയാലും എൻട്രൻസ് പരീക്ഷകളായാലും, അവയ്‌ക്കൊക്കെ ഒരേയൊരു ഭാഗധേയം മാത്രമാണുള്ളത്. നിങ്ങളുടെ സ്വപ്നസ്ഥാപനങ്ങളിൽ പഠനം തുടരാൻ നിങ്ങളെ സഹായിക്കുക. നിങ്ങൾ കണക്കുകൂട്ടിയ പോലെ നിങ്ങൾക്ക് മാർക്ക് കിട്ടിയില്ല എങ്കിൽ കിട്ടിയ മാർക്കുവെച്ച് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ത് എന്നാലോചിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളെ പുനഃക്രമീകരിക്കണം. ഈ പരീക്ഷയിൽ നിങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി സംഭവിച്ച കാര്യങ്ങൾ അടുത്ത തവണ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം. ആ പരിശ്രമങ്ങളിലും പ്രതീക്ഷ കൈവിടാതെ നോക്കണം. പണ്ട് മാർക്ക് സിമ്മർ ബ്രാഡ്‌ലി പറഞ്ഞിട്ടുണ്ട്, "പ്രത്യാശയോടെ പണിത പാതയിലൂടെയുള്ള യാത്ര നിരാശയോടെ പണിത പാതയിലൂടെയുള്ള യാത്രയേക്കാൾ സുഖപ്രദമായിരിക്കും.." എന്ന്. അതുതന്നെയാണ് കാര്യം.

ഒരു പക്ഷേ  അക്കാദമിക് വിഷയങ്ങൾ പഠിക്കാൻ പ്ലസ് ടുവിന് 50  ശതമാനത്തിലധികം മാർക്ക്‌ നിര്‍ബന്ധമായിരിക്കും. എന്നാൽ, അങ്ങനെ ഒരു നിർബന്ധം ഇല്ലാത്ത എത്രയോ കോഴ്‌സുകളുണ്ട്. നിങ്ങളുടെ താത്പര്യത്തിനനുസരിച്ച് നിങ്ങൾക്ക്  ഫാഷൻ ഡിസൈനിംഗോ, ഫോട്ടോഗ്രാഫിയോ, മാസ് മീഡിയ, ജേർണലിസം,   അനിമേഷൻ, വെബ് ഡിസൈനിങ്,  ഗ്രാഫിക്  ഡിസൈനിങ്   കോഴ്‌സുകളോ ഒക്കെ ചെയ്യാവുന്നതാണ്. പരമ്പരാഗത മേഖലകളിൽ ഉള്ളതിനേക്കാൾ തൊഴിലുകൾ അല്ലാത്ത മേഖലകളിലുണ്ട്. ഇതിനു പുറമെ സൗണ്ട് എഞ്ചിനീയറിങ്ങ്, ഡിജെ, സിനിമ, ഏവിയേഷൻ, ട്രാവൽ, ഇവന്‍റ് മാനേജ്‌മന്റ് മേഖലകളിലും ഇന്ന് അവസരങ്ങൾ ഏറെയുണ്ട്. 

പ്ലസ് ടുവിൽ തോറ്റതിന്റെ പേരിൽ നിരാശപ്പെടുകയും ഡിപ്രഷന്റെ കയങ്ങളിലേക്ക് മുങ്ങിപ്പോവുകയും ഒന്നും വേണ്ട. ഓരോ പരാജയത്തിലും ഒരു പുതിയ അവസരം ഒളിച്ചിരിപ്പുണ്ടെന്നാണ് പഴഞ്ചൊല്ല്. നിങ്ങളുടെ ഭാവി നിങ്ങളെ തേടി വരിക തന്നെ ചെയ്യും. ഉറപ്പ്..

click me!