അപൂര്‍വയിനം ഗൊറില്ലയെ കൊന്നു, വേട്ടക്കാരന് 11 വര്‍ഷത്തെ തടവുശിക്ഷ...

By Web TeamFirst Published Jul 31, 2020, 10:51 AM IST
Highlights

താനും ഒരുകൂട്ടം വേട്ടക്കാരും ചേര്‍ന്ന് പാര്‍ക്കിനകത്ത് കയറിയപ്പോള്‍ ഒരുകൂട്ടം ഗൊറില്ലകള്‍ അക്രമിക്കാനെത്തിയെന്നും സ്വയരക്ഷക്കായിട്ടാണ് ഗൊറില്ലയെ തിരിച്ചക്രമിക്കേണ്ടി വന്നതെന്നും അതിലാണ് റഫീകി കൊല്ലപ്പെട്ടതെന്നുമാണ് ഫെലിക്സിന്‍റെ കുറ്റസമ്മതം. 

അപൂര്‍വയിനം സില്‍വര്‍ബാക്ക് ഗൊറില്ലയെ കൊന്നതിന് ഉഗാണ്ടയില്‍ വേട്ടക്കാരന് 11 വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ മാസം അവസാനമാണ് ഇവിടെ ഗൊറില്ല കൊല്ലപ്പെട്ടത്. റഫീകി എന്ന് പേരുള്ള ഗൊറില്ല ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്കിലെ Nkuringo gorilla ഗ്രൂപ്പിന്‍റെ ഭാഗമാണ്. വിനോദസഞ്ചാരികള്‍ക്ക് ഏറെ താല്‍പര്യമുള്ള വിഭാഗമാണിത്. റഫീകി എന്ന പേരിനര്‍ത്ഥം സുഹൃത്ത് എന്നാണ്. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ ഈ ഗൊറില്ലയ്ക്ക്. 

ജൂണ്‍ ഒന്നിനാണ് റഫീകിയെ കാണാതെയാവുന്നത്. പിറ്റേദിവസം വികൃതമാക്കപ്പെട്ട നിലയില്‍ പാര്‍ക്കിനകത്തുനിന്നും ഗൊറില്ലയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവന്‍റെ അടിവയറ്റിലും ആന്തരികാവയവങ്ങളിലും മൂര്‍ച്ചയുള്ള ഏതോ ആയുധത്താല്‍ പരിക്കേറ്റിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞു. അവിടെനിന്നും ദിവസങ്ങള്‍ക്കുശേഷമാണ് ബ്യാമുകാമ ഫെലിക്സ് എന്നയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പന്നിയിറച്ചിയും വേട്ടയാടാനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും കണ്ടെത്തി. നിരവധി കുറ്റങ്ങള്‍ ഫെലിക്സിനുമേലെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ഗൊറില്ലയെ വധിക്കല്‍, സംരക്ഷിതമേഖലയിലേക്ക് അതിക്രമിച്ചു കടക്കല്‍, നിയമവിരുദ്ധമായി മാംസം കയ്യില്‍ വെക്കല്‍ എന്നീ കുറ്റങ്ങളെല്ലാം അതില്‍പ്പെടുന്നു. 

താനും ഒരുകൂട്ടം വേട്ടക്കാരും ചേര്‍ന്ന് പാര്‍ക്കിനകത്ത് കയറിയപ്പോള്‍ ഒരുകൂട്ടം ഗൊറില്ലകള്‍ അക്രമിക്കാനെത്തിയെന്നും സ്വയരക്ഷക്കായിട്ടാണ് ഗൊറില്ലയെ തിരിച്ചക്രമിക്കേണ്ടി വന്നതെന്നും അതിലാണ് റഫീകി കൊല്ലപ്പെട്ടതെന്നുമാണ് ഫെലിക്സിന്‍റെ കുറ്റസമ്മതം. ഫെലിക്സിനൊപ്പം കസ്റ്റഡിയിലായ മറ്റ് മൂന്നുപേര്‍ വിചാരണ കാത്തിരിക്കുകയാണ്. 

ഉഗാണ്ട വൈല്‍ഡ്‍ലൈഫ് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ സാം മ്വാന്ദാ കോടതിവിധിയെ സ്വാഗതം ചെയ്‍തു. റഫീക്കിക്ക് നീതി കിട്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ''റഫീക്കിക്ക് നീതി കിട്ടിയതില്‍ ഞങ്ങള്‍ക്കെല്ലാം ആശ്വാസമുണ്ട്. വന്യജീവികളെ അക്രമിക്കുന്ന എല്ലാവര്‍ക്കും ഈ കോടതിവിധി ഒരു പാഠമായിരിക്കണം. ഒരാള്‍ ഒരു വന്യജീവിക്ക് നേരെ അതിക്രമം കാണിച്ചാല്‍ അത് നമുക്കെല്ലാം നഷ്‍ടമുണ്ടാക്കുന്നു. ഈ തലമുറക്കും വരും തലമുറക്കുമായി വന്യജീവികളെ സംരക്ഷിക്കണമെന്ന് അതിനാല്‍ നമ്മള്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഫീകി കൊല്ലപ്പെടുന്ന സമയത്ത് Nkuringo group -ല്‍ ഏകദേശം ഗൊറില്ലകളാണ് ഉണ്ടായിരുന്നതെന്ന് ഉഗാണ്ട വൈല്‍ഡ് ലൈഫ് അതോറിറ്റി വ്യക്തമാക്കുന്നു. 

click me!