കോളേജ് പഠനം പാതിവഴിയില്‍ നിര്‍ത്തി, പോക്കിമോൻ കാർഡ് വിറ്റ് യുവാവ് നേടിയത് കോടികൾ

Published : Aug 31, 2026, 02:33 PM IST
Pokemon

Synopsis

ചെറിയ തുക മുടക്കി ഉയർന്ന ലാഭം നേടാമെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഈ വിപണിയിലേക്ക് ആകർഷിച്ചു. കയ്യിലുള്ള തുക ഉപയോഗിച്ച് കൂടുതൽ കാർഡുകൾ വാങ്ങാനും, അവ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് പുനർവിൽപ്പന നടത്താനും തുടങ്ങി.

കുട്ടിക്കാലത്തെ വെറും ഹോബിയെ കോടികൾ കൊയ്യുന്ന വൻകിട ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ് മിയാമിയിലെ സംരംഭകൻ ആന്ദ്രേസ് ഫെർണാണ്ടസ്. ഏവരും കളിച്ചു മടുത്ത് ഉപേക്ഷിക്കുന്ന 'പോക്കിമോൻ കാർഡുകൾ' വിറ്റാണ് ആന്ദ്രേസ് ഇന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ വിറ്റുവരവ് നടത്തുന്ന ബിസിനസുണ്ടാക്കിയത്. ​തന്റെ ജീവിതത്തെ മാറ്റിമറിച്ച ഈ അവിശ്വസനീയമായ യാത്രയെക്കുറിച്ച് 'ബിസിനസ് ഇൻസൈഡറുമായി' സംസാരിക്കവെയാണ് ആന്ദ്രേസ് മനസ് തുറന്നത്.

​"കോളേജിൽ ചേരുമ്പോൾ ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അമ്മയുടെ നിർബന്ധം കൊണ്ടുമാത്രമാണ് ഞാൻ ബിസിനസ് കോഴ്സിന് ചേർന്നത്. എന്നാൽ, ആ പഠനം എനിക്ക് തികച്ചും വിരസമായി തോന്നി. അതിനാൽ ഒറ്റ സെമസ്റ്ററിന് ശേഷം ഞാൻ പഠനം ഉപേക്ഷിച്ചു. ഒരു കോർപ്പറേറ്റ് ജോലിക്ക് വേണ്ടിയുള്ള ബിസിനസ്സ് ബിരുദത്തിന് പകരം, എന്റേതായ ഒരു യഥാർത്ഥ ബിസിനസ്സ് കെട്ടിപ്പടുക്കാനാണ് ഞാൻ തീരുമാനിച്ചത്" ആന്ദ്രേസ് പറഞ്ഞു.

​ഇന്ന് 'മിന്റ്‌ലി കളക്ട്സ്' എന്ന കളക്റ്റബിൾസ് കമ്പനിയുടെ ഉടമയാണ് ആന്ദ്രേസ്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 74.4 കോടി രൂപ വിൽപ്പന നടത്തിയ ഈ കമ്പനി, നടപ്പു വർഷത്തിൽ ഏകദേശം 83 കോടിയിലധികം രൂപ ബിസിനസ് നേട്ടമാണ് ലക്ഷ്യമിടുന്നത്.

ജീവിതം മാറ്റിയ ആ 5$ നിക്ഷേപം

​പോക്കിമോൻ വീഡിയോ ഗെയിമുകൾ കളിച്ചു വളർന്നുവെങ്കിലും ആദ്യകാലങ്ങളിൽ ആന്ദ്രേസിന് കാർഡ് ശേഖരണത്തിൽ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ തന്റെ ബന്ധുവിന് സമ്മാനമായി നൽകാൻ സൂപ്പർമാർക്കറ്റിൽ നിന്നും 5 ഡോളറിന് വാങ്ങിയ ഒരു പോക്കിമോൻ കാർഡ് പാക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ പാക്കിൽ ഏകദേശം 100 ഡോളർ വിലമതിക്കുന്ന ഒരു അപൂർവ കാർഡ് ഉണ്ടായിരുന്നു.

​ചെറിയ തുക മുടക്കി ഉയർന്ന ലാഭം നേടാമെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഈ വിപണിയിലേക്ക് ആകർഷിച്ചു. കയ്യിലുള്ള തുക ഉപയോഗിച്ച് കൂടുതൽ കാർഡുകൾ വാങ്ങാനും, അവ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് പുനർവിൽപ്പന നടത്താനും തുടങ്ങി.

​ആന്ദ്രേസ്, ഇൻസ്റ്റാഗ്രാം ലൈവുകളിലൂടെ കാർഡുകൾ നേരിട്ട് വിൽക്കാൻ ആരംഭിച്ചു. വൈകാതെ തന്നെ 30,000-ത്തോളം ഫോളോവേഴ്‌സിനെ സ്വന്തമാക്കി. 2020 അവസാനത്തോടെ ലൈവ്-ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ 'വാട്ട്‌നോട്ട്' തങ്ങളുടെ പോക്കിമോൻ വിഭാഗം ആരംഭിച്ചപ്പോൾ, അതിന്റെ ആദ്യത്തെ അഞ്ച് ഔദ്യോഗിക സ്ട്രീമർമാരിൽ ഒരാളായി ആന്ദ്രേസിനെ തിരഞ്ഞെടുത്തത് ബിസിനസ്സിന്റെ വളർച്ചയ്ക്ക് വേഗം കൂട്ടി.

​ഔപചാരികമായ ബിസിനസ്സ് ബിരുദങ്ങളൊന്നുമില്ലാതെ, കഠിനാധ്വാനത്തിലൂടെയും തെറ്റുകളിൽ നിന്ന് പഠിച്ചുമാണ് അദ്ദേഹം മുൻപോട്ടു പോയത്. ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഏകദേശം 1.25 കോടി രൂപ വായ്പയെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പരീക്ഷണം വൻ വിജയമായി മാറി. ഇന്ന് അര ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സ്ട്രീമിംഗ് അക്കൗണ്ടുകളിലൂടെയാണ് മിന്റ്‌ലി കളക്ട്സ് പ്രവർത്തിക്കുന്നത്.

​"ഇന്നത്തെ ഈ നിലയിലെത്താൻ വർഷങ്ങളോളം ഒരു രൂപ പോലും പ്രതിഫലമെടുക്കാതെയാണ് ഞാൻ ജോലി ചെയ്തത്. വെറുതെ ഒഴുക്കിനൊത്ത് നീങ്ങിയാൽ കാര്യങ്ങളെല്ലാം ശരിയാകും എന്ന ചിന്ത പഴങ്കഥയാണ്. ഇന്ന് നമ്മൾ ജീവിക്കുന്നത് വേഗമേറിയ മറ്റൊരു ലോകത്താണ്. വ്യക്തമായ ഒരു ലക്ഷ്യവും താത്പര്യവും കണ്ടെത്തുക. ചെയ്യുന്ന കാര്യം ശരിയായില്ലെങ്കിൽ, പുതിയ വഴികൾ തിരയുക. ടെക് മേഖലയിലുള്ളവരാണെങ്കിൽ സൗജന്യമായി ജോലി ചെയ്തോ സന്നദ്ധസേവനം നടത്തിയോ പരിചയം സമ്പാദിക്കുക. കഠിനാധ്വാനം ചെയ്താൽ വഴി താനേ തെളിയും" പുതിയ തലമുറയോടായി ആന്ദ്രേസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ വിട്ടുപോകാൻ അച്ഛൻ 30 ലക്ഷം രൂപ ഓഫർ ചെയ്തു, എന്തു ചെയ്യണം? സംശയം പങ്കുവച്ച് യുവാവ്
3 തവണ ജ്യോതിഷിയെ കാണാൻ 25,000 രൂപ, വർഷത്തിൽ 2.5 കോടി സമ്പാദിക്കുന്നു; പോസ്റ്റ്