പച്ചപ്പാവങ്ങളായ ധ്രുവക്കരടികളും അക്രമാസക്തരാവുന്നു, അമ്മയെയും മകനെയും കൊന്നു!

Published : Jan 18, 2023, 07:12 PM ISTUpdated : Jan 20, 2023, 11:57 AM IST
പച്ചപ്പാവങ്ങളായ ധ്രുവക്കരടികളും അക്രമാസക്തരാവുന്നു, അമ്മയെയും മകനെയും കൊന്നു!

Synopsis

ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ധ്രുവക്കരടി കണ്ണില്‍ക്കണ്ടവരെ മുഴുവന്‍ പിന്നാലെയോടി ആക്രമിച്ചത്. ആക്രമണത്തില്‍, ഒരു സ്ത്രീയും അവരുടെ പ്രായപൂര്‍ത്തിയാവാത്ത മകനും കൊല്ലപ്പെടുകയായിരുന്നു

കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങുമുള്ള ആവാസവ്യവസ്ഥകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ പലതാണ്. വന്യമൃഗങ്ങളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ അവയില്‍ ഒന്നു മാത്രമാണ്. മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് കാലാവസ്ഥാ വ്യതിയാനം എങ്ങനെയൊക്കെയാണ് കാരണമാവുന്നത് എന്ന രീതിയിലുള്ള പഠനങ്ങള്‍ പലവഴിക്ക് നടക്കുന്നുണ്ട്. 

കേരളത്തിലടക്കം, വന്യമൃഗങ്ങള്‍ കാടിറങ്ങി, നാട്ടിലേക്ക് വരികയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വലിയ ചര്‍ച്ചയാവുന്നതിനിടയിലാണ്, പച്ചപ്പാവം എന്നു കരുതിപ്പോരുന്ന ധ്രുവക്കരടികള്‍ മനുഷ്യരെ ആ്രകമിച്ച അപൂര്‍വ്വ വാര്‍ത്ത പുറത്തുവന്നത്. അമേരിക്കയിലെ മഞ്ഞുമൂടിക്കിടക്കുന്ന അലാസ്‌കയിലാണ് ധ്രുവക്കരടി അമ്മയെയും മകനെയും ആക്രമിച്ച് കൊന്നത്. 

പടിഞ്ഞാറന്‍ അലാസ്‌കയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം നടന്നത്.  വെറും 150 പേര്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തില്‍ ധ്രുവക്കരടികള്‍ ഇറങ്ങുന്നത് സാധാരണമാണ്. എന്നാല്‍, മൂന്ന് പതിറ്റാണ്ടായി ധ്രുവക്കരടികള്‍ മനുഷ്യരെ അക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനിടയിലാണ്, ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ധ്രുവക്കരടി കണ്ണില്‍ക്കണ്ടവരെ മുഴുവന്‍ പിന്നാലെയോടി ആക്രമിച്ചത്. ആക്രമണത്തില്‍, ഒരു സ്ത്രീയും അവരുടെ പ്രായപൂര്‍ത്തിയാവാത്ത മകനും കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ പേരുകളും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല. ആക്രമണത്തിനു പിന്നാലെ പ്രദേശവാസിയായ ഒരാള്‍ ഈ ധ്രുവക്കരടിയെ വെടിവെച്ചു കൊന്നു. സംഭവസ്ഥലത്തേക്ക് ഉദ്യോഗസ്ഥരൊന്നും എത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥ അല്‍പ്പം ശമിച്ചാല്‍, അന്വേഷണ സംഘം ഇവിടേക്ക് എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അലാസ്‌കയിലെ പ്രധാന നഗരമായ നോമില്‍നിന്നും 161 കിലോ മീറ്റര്‍ അകലെയാണ്, സംഭവം നടന്ന വെയില്‍സ് ഗ്രാമം. 1990-കളില്‍ ഇവിടെയുള്ള പോയിന്റ് ലോ ഗ്രാമത്തില്‍ ഒരു ധ്രുവക്കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളില്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ മഞ്ഞുപാളികള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ധ്രുവക്കരടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതായി 2019-ല്‍ അലാസ്‌ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു എസ് ജിയോളജിക്കല്‍ സര്‍വേയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. അടുത്തകാലത്തായി ധ്രുവക്കരടികള്‍ കൂടുതലായി കരയിലേക്ക് വരുന്നതായും ഇത് ഇവിടെയുള്ള പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിന് കാരണമായേക്കുമെന്നുമായിരുന്നു ആ പഠന റിപ്പോര്‍ട്ട്  വ്യക്തമാക്കിയിരുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ