ആറുവർഷം മുമ്പ് കാണാതായ ആളെ കണ്ടെത്താൻ സഹായിച്ചത് കൊവിഡ്-19 വാക്‌സിനേഷൻ റിപ്പോർട്ട്

Published : Jun 21, 2023, 12:25 PM IST
ആറുവർഷം മുമ്പ് കാണാതായ ആളെ കണ്ടെത്താൻ സഹായിച്ചത് കൊവിഡ്-19 വാക്‌സിനേഷൻ റിപ്പോർട്ട്

Synopsis

ഡൽഹിയിലെ ഒരു കൊവിഡ് -19 വാക്‌സിൻ സെന്ററിൽ നിന്നാണ് ഇയാൾ വാക്‌സിനേഷൻ എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

കൊവിഡ്-19 വാക്‌സിനേഷൻ റിപ്പോർട്ടിന്റെ സഹായത്തോടെ ആറ് വർഷം മുമ്പ് കാണാതായ ആളെ കണ്ടെത്തി പൊലീസ്. ഏറെ നാളുകളായി തുടരുന്ന തിരിച്ചിലിനാണ് ഇപ്പോൾ പുതിയൊരു പരിസമാപ്തി ആയിരിക്കുന്നത്. 2017 -ൽ വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കർണാൽ സ്വദേശിയായ വൃദ്ധനെയാണ് പൊലീസ് കൊവിഡ് -19 വാക്‌സിനേഷൻ റിപ്പോർട്ടിന്റെ സഹായത്തോടെ കണ്ടെത്തിയത്.

റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാൾ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. മടങ്ങി വരുമെന്നാണ് വീട്ടുകാർ കരുതിയിരുന്നതെങ്കിലും ആ പ്രതീക്ഷ വിഫലമാകുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പലതരത്തിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇയാളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭിച്ചില്ല.

ഒടുവിൽ ഫരീദാബാദ് നഴ്‌സിംഗ് സെല്ലിലെ എഎസ്‌ഐ കൃഷ്ണയാണ് കൊവിഡ്-19 വാക്‌സിനേഷൻ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഒരുപക്ഷെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയേക്കാം എന്ന സംശയം പ്രകടിപ്പിച്ചത്.  കാണാതായ ആൾ വിദ്യാസമ്പനനും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ള ആളുമായതിനാൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും കൊവിഡ് 19 വാക്സിനേഷൻ എടുത്തിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ആ കണക്കുകൂട്ടൽ ശരിയായിരുന്നു. ഡൽഹിയിലെ ഒരു കൊവിഡ് -19 വാക്‌സിൻ സെന്ററിൽ നിന്നാണ് ഇയാൾ വാക്‌സിനേഷൻ എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഡൽഹിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ആദ്യം വീട്ടുകാർക്കൊപ്പം പോകാൻ മടിച്ചെങ്കിലും പിന്നീട് പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം ഇദ്ദേഹം വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു.

PREV
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി