
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി എത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ടെന്നസിയിലെ സ്പാർട്ടയിലാണ് സംഭവം. കാറിൽ ഭർത്താവിനോടൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്ന സ്റ്റെഫാനി എന്ന യുവതിക്കാണ് വഴിമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ഇവരുടെ ഭർത്താവ് ടൈലർ സഹായത്തിനായി സ്പാർട്ട പൊലീസ് ഡിപ്പാർട്ട്മെന്റിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ക്രിസ്റ്റഫർ ബോട്ട എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യുവതിക്കും ഭർത്താവിനും സഹായമായത്.
സ്റ്റെഫാനിയും ടൈലെറയും സ്പാർട്ട പൊലീസ് പരിധിയിലെ ഒരു ഹൈവേയിൽ നിർത്തിയിട്ട കാറിലാണ് ക്രിസ്റ്റഫർ കണ്ടെത്തിയത്. അപ്പോഴേക്കും പ്രസവവേദന കൊണ്ട് പുളഞ്ഞ സ്റ്റെഫാനി കുഞ്ഞിന് ജന്മം നൽകാൻ തുടങ്ങിയിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ക്രിസ്റ്റഫറിൻറെ കൈകളിലേക്കാണ് കുഞ്ഞ് പിറന്നുവീണത്. കുഞ്ഞ് ജനിച്ച് ഉടൻതന്നെ ഇദ്ദേഹം കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതായാണ് സ്പാർട്ട ഡിപ്പാർട്ട്മെൻറ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്.
ജനുവരി 15 -ന് രാത്രി 8.50 -നായിരുന്നു സംഭവം. പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ക്രിസ്റ്റഫർ രണ്ട് ദിവസത്തിന് ശേഷം ടൈലറിനെയും സ്റ്റെഫാനിയെയും ബന്ധപ്പെട്ടിരുന്നതായും, മില്ലി എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞ് സുഖമായിരിക്കുന്നു എന്ന് മാതാപിതാക്കൾ അറിയിച്ചതായും പോസ്റ്റിൽ പറയുന്നു. ഇത്തരത്തിൽ ഒരു മഹനീയമായ കാര്യത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ തങ്ങൾക്ക് സന്തോഷം ഉണ്ടെന്നും മില്ലിയോടൊപ്പം സ്റ്റെഫാനിയും ടൈലറും ഒരിക്കൽ തങ്ങളുടെ പൊലീസ് സ്റ്റേഷൻ സന്ദർശിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം