അച്ഛൻ മരിച്ചു, അമ്മ മാനസികാരോ​ഗ്യകേന്ദ്രത്തിൽ, 14 -കാരനെ ഏറ്റെടുത്ത് പൊലീസ് സ്റ്റേഷൻ

By Web TeamFirst Published Feb 18, 2021, 3:46 PM IST
Highlights

പൊലീസ് സ്റ്റേഷനിൽ അൻമോൽ തന്റെ ജന്മദിന കേക്ക് മുറിക്കുന്നതിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നിരുന്നു. 

14 വയസുള്ള അൻ‌മോലിന്റെ അച്ഛൻ രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. അമ്മയാണെങ്കിൽ ഒരു മാനസികരോഗാശുപത്രിയിൽ കഴിയുകയാണ്. സഹോദരങ്ങളോ ബന്ധുക്കളോ ഇല്ലാത്ത അവന് പോകാൻ ഒരിടമില്ലാതെയായി. തന്നെ പാതിവഴിയിൽ തനിച്ചാക്കി പോയ അച്ഛനോട് അവൻ പരിഭവിച്ചു, കരഞ്ഞു. എന്നാൽ ഒടുവിൽ അവന് ഒരു പുതിയ ജീവിതം കിട്ടിയിരിക്കുകയാണ്. മീററ്റ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ അവനെ ദത്തെടുക്കാൻ തയ്യാറായി. അവന്റെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞ കങ്കർഖേര പൊലീസ് സ്റ്റേഷനിലെ ഓഫീസർ (എസ്എച്ച്ഒ) സാഗർ കുട്ടിയെ വളർത്താൻ തീരുമാനിച്ചു.

“ഞാൻ ഇനി എവിടെ പോകും?” 14 വയസുള്ള അവന്റെ ചോദ്യം ആ പൊലീസുകാരന്റെ നെഞ്ചിലാണ് കൊണ്ടത്. ഭർത്താവിന്റെ പെട്ടെന്നുള്ള നഷ്ടം അവന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവരുടെ മാനസിക നില തകരാറിലായി. തുടർന്ന് അമ്മയെ ചികിത്സയ്ക്കായി ആഗ്രയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതോടെ അൻ‌മോൽ തീർത്തും ഒറ്റപ്പെട്ടു. അപ്പോഴാണ് അൻമോലിനെ തന്റെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ സാഗർ തീരുമാനിച്ചത്. “ആ നിമിഷം മുതൽ ഞാൻ അവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചു. ശരിയായി മാർഗനിർദേശം നൽകിയില്ലെങ്കിൽ ഇത്തരം കുട്ടികൾ പലപ്പോഴും കുറ്റകൃത്യങ്ങളിലേയ്ക്ക് വഴുതി വീഴാം” സാഗർ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അവന്റെ അമ്മയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

ഇപ്പോൾ വീടുവിട്ടാൽ അൻ‌മോലിന്റെ ലോകം പൊലീസ് സ്റ്റേഷനാണ്. തനിക്ക് അവിടെ സുഖമാണെന്ന് അവൻ പറയുന്നു. അവൻ കൂടുതൽ സമയവും പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ചിലപ്പോൾ പൊലീസുകാരോട് സംസാരിച്ച് ഇരിക്കും ഇല്ലെങ്കിൽ ചിലപ്പോൾ തനിക്ക് കിട്ടിയ പുസ്തകങ്ങൾ വായിക്കും. അവർക്കൊപ്പമാണ് അവൻ ഭക്ഷണം കഴിക്കുന്നതും. “ജീവിതത്തിൽ പഠിക്കാനും നല്ലത് ചെയ്യാനും അവന് ആഗ്രഹമുണ്ട്. അവന്റെ പ്രവേശനത്തെക്കുറിച്ച് നഗരത്തിലെ ചില സ്കൂളുകളുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അവൻ കൂടുതൽ സമയവും നമ്മോടൊപ്പമാണ് ചെലവഴിക്കുന്നത്. ഞങ്ങൾ അവനെ നന്നായി നോക്കുന്നു” ഒരു പോലീസുകാരൻ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ അൻമോൽ തന്റെ ജന്മദിന കേക്ക് മുറിക്കുന്നതിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നിരുന്നു. അതേസമയം, ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) അൻ‌മോലിനെ ശ്രദ്ധിക്കാൻ ഇടയായി. മീററ്റിലെ സിഡബ്ല്യുസി അംഗമായ അനിത റാണ പറഞ്ഞു, “ഞങ്ങൾ മാധ്യമ റിപ്പോർട്ടുകളിലൂടെ കുട്ടിയെക്കുറിച്ച് മനസ്സിലാക്കി. വ്യക്തിപരമായി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ രണ്ട് നോട്ടീസുകൾ എസ്എച്ച്ഒയ്ക്ക് അയച്ചിട്ടുണ്ട്." കൗൺസിലർമാരുടെ ഒരു സംഘവും പൊലീസ് സ്റ്റേഷൻ സന്ദർശിക്കും.


 

click me!