
ലാസ് വെഗാസിലെ ഒരു സംഗീത പരിപാടിക്കിടെ മോഷ്ടിക്കപ്പെട്ട തൻറെ സ്മാർട്ട്‌ഫോൺ, എങ്ങനെയാണ് അമേരിക്കയിലുടനീളം സഞ്ചരിച്ച് ചൈനയിൽ എത്തിയതെന്ന് വിവരിക്കുകയാണ് ഒരു യുവാവ്. രാത്രി ഏറെ വൈകിയാണ് തൻ്റെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കപ്പെട്ടത്. ഉടൻ തന്നെ 'ഫൈൻഡ് മൈ' ആപ്പ് വഴി ഫോണിൻ്റെ ലൊക്കേഷൻ പരിശോധിച്ചു. സംഗീത പരിപാടി നടക്കുന്ന സ്ഥലമാണ് ഫോൺ അവസാനമായി കാണിച്ചത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, ട്രാക്കിംഗ് ഡാറ്റയിൽ ഫോൺ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നതായി കാണിച്ചു. പെട്ടെന്ന് ലൊക്കേഷൻ മാർക്കർ ചൈനയിൽ പ്രത്യക്ഷപ്പെട്ടു.
ഫോണിനെ 'ഫൈൻഡ് മൈ' ആപ്പിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപയോക്താവിന് ഒരു ടെക്സ്റ്റ് സന്ദേശം ലഭിച്ചതാണ് കൂടുതൽ സംശയമുയർത്തിയത്. ഉപകരണം സുരക്ഷിതമല്ലെന്ന് കരുതി, ഉടമ ഫോൺ ഐക്ലൗഡ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയും, പ്രധാനപ്പെട്ട പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. എന്നാൽ യുവാവിൻറെ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ പലരും ഫൈൻഡ് മൈ ആപ്പിൽ നിന്ന് ഉപകരണം ഡിലീറ്റ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. റിമോട്ട് ലോക്ക് അല്ലെങ്കിൽ എറേസ് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കി ഫോണിൻ്റെ നിയന്ത്രണം കൈക്കലാക്കാനുള്ള കള്ളന്മാരുടെ തന്ത്രമായിരിക്കാം ഈ സന്ദേശം എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
'ഇതെല്ലാം നിങ്ങളുടെ ഡാറ്റ അവരുടെ കൈവശമുണ്ടെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി ഫോൺ ഡിലീറ്റ് ചെയ്യിക്കാനുമുള്ള വ്യാജ സന്ദേശങ്ങളാണ്... നിങ്ങൾ കള്ളന്മാർക്ക് ഫോൺ അൺലോക്ക് ചെയ്ത് കൊടുക്കുകയാണ്' എന്നാണ് ഒരാൾ കുറിച്ചത്. ശക്തമായ ബിൽറ്റ്-ഇൻ സുരക്ഷാ ടൂളുകൾ ഉണ്ടായിരുന്നിട്ടും മോഷ്ടിക്കപ്പെട്ട ഫോണുകൾ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തിന് ഇരയാക്കപ്പെടുന്നത് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.