ചൊവ്വയില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനാകുമോ? പഠനം നടത്താന്‍ ഗവേഷകര്‍, പെറുവില്‍ ഉരുളക്കിഴങ്ങിനായി മ്യൂസിയവും

By Web TeamFirst Published Dec 1, 2019, 3:12 PM IST
Highlights

യു.എസ് സ്‌പേസ് ഏജന്‍സിയായ നാസയും പെറു ആസ്ഥാനമായ ഇന്റര്‍നാഷനല്‍ പൊട്ടട്ടോ സെന്ററും മറ്റൊരു പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്- ഉരുളക്കിഴങ്ങ് ചൊവ്വയില്‍ വളരുമോ എന്ന ഗവേഷണം!
 

ആഗോള വ്യാപകമായി ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ ലോകത്തിലെ ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുമ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഭക്ഷിക്കുന്ന ഉരുളക്കിഴങ്ങിനായി ബൃഹത്തായൊരു 'ലിവിങ്ങ് മ്യൂസിയം' ഒരുക്കിയിരിക്കുകയാണ് പെറുവില്‍. കസ്‌കോയിലാണ് ഉരുളക്കിഴങ്ങ് പാര്‍ക്കിന് രൂപംകൊടുത്തിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3,400 മുതല്‍ 4,900 മീറ്റര്‍ വരെ ഉയരത്തിലുള്ള സ്ഥലത്താണ് 90 സ്‌ക്വയര്‍ കി.മീറ്ററില്‍ ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പടിഞ്ഞാറന്‍ ദക്ഷിണ അമേരിക്കയിലെ രാജ്യമായ റിപ്പബ്ലിക് ഓഫ് പെറുവാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം മനസിലാക്കി ഐക്യരാഷ്ട്ര സഭ 2008 -നെ രാജ്യാന്തര ഉരുളക്കിഴങ്ങ് വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. പെറുവിലെ സര്‍ക്കാര്‍ ഈ വര്‍ഷാചരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. കൃഷി ശാസ്ത്രജ്ഞന്‍മാര്‍ പെറുവിയന്‍ ആന്റസിലെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ അറിവ് പ്രയോജനപ്പെടുത്തി പ്രളയത്തിലും വരള്‍ച്ചയിലും മഞ്ഞിലും അതിജീവിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിന്റെ ഇനങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്.

ഏകദേശം 125 രാജ്യങ്ങളില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. ഉരുളക്കിഴങ്ങിന് ഇനിയും പ്രത്യേകതകളുണ്ട്. ബഹിരാകാശത്ത് എത്തിയ ആദ്യ ഭക്ഷ്യവിള ഉരുളക്കിഴങ്ങാണ്. 1995 -ല്‍ കൊളമ്പിയ എന്ന ബഹിരാകാശവാഹനത്തിലായിരുന്നു യാത്ര. പെറുവില ലിമ എന്ന സ്ഥലത്തുള്ള ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്ററില്‍ ഏകദേശം 5000 -ല്‍ക്കൂടുതല്‍ ഉരുളക്കിഴങ്ങ് വിഭാഗങ്ങള്‍ ഉണ്ട്.

'ഇവിടെ ലോകത്തിലെ പ്രാദേശികമായി കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങിന്റെ ഏറ്റവും കൂടുതല്‍ ഇനങ്ങളുമുണ്ട്.' ഉരുളക്കിഴങ്ങ് പാര്‍ക്കിനെ പിന്തുണയ്ക്കുന്ന അസോസിയെഷന്‍ ആന്റസ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകനായ അലെജാന്‍ഡ്രോ ആര്‍ഗുമെഡോ പറയുന്നു. 'വിവിധ ഉയരത്തിലും വിവിധ സ്ഥലങ്ങളിലും ഉരുളക്കിഴങ്ങ് വിത്തുകള്‍ വിതയ്ക്കുന്നതു വഴി പുതിയ ജനിതക വൈവിദ്ധ്യമുള്ള ഇനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇത്തരം പുതിയ ഇനങ്ങളാണ് ആവശ്യം.' ഇദ്ദേഹം പറയുന്നു.

തണുത്ത പര്‍വതനിരകളിലെ കട്ടിയുള്ള ബ്രൗണ്‍ നിറമുള്ള മണ്ണ് കിളച്ച് ചുവന്ന നിറമുള്ള ഉരുളക്കിഴങ്ങുകള്‍ ശേഖരിക്കുന്നു. ഇന്‍ക എന്ന സ്ഥലത്തുള്ള സേക്രഡ് വാലിയില്‍ വിളയുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങും ഈ പാര്‍ക്കിലുള്ള 1367 ഇനങ്ങളില്‍പ്പെടുന്നു. ഇവര്‍ ഇവിടെ ഉരുളക്കിഴങ്ങുകള്‍ക്കായി ജീവനുള്ള പാര്‍ക്ക് രൂപപ്പെടുത്തുകയാണ്.

ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്തത് 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിറ്റിക്കാക്ക എന്ന തടാകതീരത്തായിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഇന്ന് അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും വളരുന്ന ഉരുളക്കിഴങ്ങിന്റെ രണ്ടാമത്തെ ഉത്ഭവ സ്ഥാനമായി ഈ പാര്‍ക്കിനെ കണക്കാക്കാം. യു.എസ് സ്‌പേസ് ഏജന്‍സിയായ നാസയും പെറു ആസ്ഥാനമായ ഇന്റര്‍നാഷനല്‍ പൊട്ടട്ടോ സെന്ററും മറ്റൊരു പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്- ഉരുളക്കിഴങ്ങ് ചൊവ്വയില്‍ വളരുമോ എന്ന ഗവേഷണം!

ഉരുളക്കിഴങ്ങിന്റെ ഇനങ്ങള്‍ നിറങ്ങളില്‍ മാത്രമല്ല കൗതുകകരം. ചില ഇനങ്ങളുടെ പേരുകളും രസകരമാണ്. 'മെയ്ക്ക് യുവര്‍ ഡോട്ടര്‍ ഇന്‍ ലോ ക്രൈ' എന്ന് അര്‍ഥം വരുന്ന പേരുള്ള ഒരിനം ഉരുളക്കിഴങ്ങുണ്ട് പെറുവിലെ പാര്‍ക്കില്‍. ഈ ഉരുളക്കിഴങ്ങിന്റെ തൊലി കളയാനുള്ള മത്സരത്തില്‍ പെറുവിലെ മിക്കവാറും ഭാവിവധുക്കളുടെയും ക്ഷമ നശിച്ച് അസ്വസ്ഥരായിട്ടുണ്ടെന്നതാണ് ഈ പേരിന് പിന്നിലെ കൗതുകം.

ഉരുളക്കിഴങ്ങ് പാര്‍ക്കില്‍ പല നിറങ്ങളിലും ആകൃതിയിലുമുള്ള കിഴങ്ങുകളുണ്ട്. ചുവപ്പ്, മഞ്ഞ, നീല, പര്‍പ്പിള്‍ എന്നീ നിറങ്ങളിലും പകുതി മുറിച്ചാല്‍ വെള്ളയില്‍ പിങ്ക് നിറമുള്ള വളയത്തോടുകൂടിയവയും ഇവ കാണാം. ചിലതിന്റെ ഉള്ളില്‍ തരിതരിയായ രൂപത്തിലും മറ്റു ചിലതില്‍ മെഴുകിന്റെ രൂപവും കാണാം. ചിലത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാതെ കഴിച്ചാല്‍ കടുത്ത കയ്പ്പുരസം തോന്നും.

പക്ഷേ, ഈ ഉരുളക്കിഴങ്ങിന്റെ ഇനങ്ങള്‍ ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പേറുന്നവയാണ്. പാര്‍ക്കില്‍ വിളകളെ പരിചരിക്കുന്നവര്‍ ഉരുളക്കിഴങ്ങിന് കൊടുംചൂടിലും തണുപ്പിലും എത്രത്തോളം അതിജീവിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് പരിശോധന നടത്തുന്നുണ്ട്. 'ഇത്തരം വിളകള്‍ അനുകൂലനങ്ങള്‍ ഉള്ളവയാണ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയിലുള്ള മാറ്റവുമായി ഈ ഉരുളക്കിഴങ്ങ് ചെടികള്‍ക്ക് പൊരുത്തപ്പെടാനാകാതെ വരുന്നുണ്ട്. അതുകാരണമാണ് ഞങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ആവശ്യമായി വരുന്നത്. പുതിയ ചെടികളെ വളര്‍ത്തുമ്പോള്‍ ഇത്തരം പ്രതികൂലമായ മാറ്റങ്ങള്‍ക്കനുസരിച്ച് പിടിച്ചുനില്‍ക്കാനുള്ള കഴിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്.' ക്രോപ് ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേരി ഹാഗ പറയുന്നു.

ഉരുളക്കിഴങ്ങിന്റെ ആദിമമായ ഇനത്തിന് ഇത്തരം പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് ഇവര്‍ കരുതുന്നു. തക്കാളിയേക്കാള്‍ ചെറിയ ഇത്തരം ഉരുളക്കിഴങ്ങുകള്‍ ഇപ്പോഴും ഉയര്‍ന്ന മലനിരകളില്‍ വളരുന്നുണ്ട്. കഴുതകളുടെ ഭക്ഷണമായി മാറുന്ന ഇവയുടെ വിത്തുകള്‍ അവയുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരികയും ചെയ്യുന്നു. ' ലബോറട്ടറിയില്‍ ശാസ്ത്രജ്ഞന്‍മാര്‍ ജീന്‍ പരിവര്‍ത്തനം നടത്തിയും ജനിറ്റിക് എന്‍ജിനീയറിങ്ങിലൂടെയും ചെയ്യുന്ന പ്രവര്‍ത്തനം പെറുവിലെ പാവപ്പെട്ട കര്‍ഷകര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതാണ്' ആര്‍ഗ്യുമെഡോ പറയുന്നു.

പെറുവിന്റെ തലസ്ഥാനമായ ലിമയാണ് ഇന്റര്‍നാഷണല്‍ പൊട്ടട്ടോ സെന്റര്‍ എന്ന് അറിയപ്പെടുന്നത്. 4600ഓളം ഉരുളക്കിഴങ്ങ് ഇനങ്ങളുള്ള ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീന്‍ ബാങ്കാണുള്ളത്.

click me!