റോഡിൽ നിറയെ കുഴികൾ; ന്യൂഡിൽസ് കൊണ്ട് കുഴികൾ അടച്ച് യുകെ സ്വദേശിയുടെ പ്രതിഷേധം

By Web TeamFirst Published Mar 31, 2023, 1:45 PM IST
Highlights

യുകെയിലെ റോഡുകളുടെ ശോചനീയാവസ്ഥ വർദ്ധിച്ചു വരികയാണെന്നും കഴിഞ്ഞ 10 വർഷമായി താൻ ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള അക്ഷീണ പരിശ്രമത്തിൽ ആണെന്നും ആണ് മോറൽ പറയുന്നത്.

റോഡുകളിലെ കുണ്ടും കുഴിയും നമ്മുടെ നാട്ടിലെ ഒരു തീരാപ്രശ്നമാണ് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ഇതിനു വലിയ മാറ്റമില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാർത്ത സൂചിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ സാധാരണയായി റോഡിൽ കുഴികൾ ഉണ്ടായാൽ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ കുഴിയിൽ വാഴ നട്ടും നീന്തി കുളിച്ചുമൊക്കെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗ്ഗമാണ് യുകെ സ്വദേശിയായ മാർക്ക് മോറെൽ റോഡിലെ കുഴികൾ അടയ്ക്കാൻ സ്വീകരിച്ചിരിക്കുന്നത്. കുഴികൾക്കുള്ളിൽ നൂഡിൽസ് പാചകം ചെയ്താണ് ഇദ്ദേഹത്തിൻറെ വേറിട്ട പ്രതിഷേധം.

ഒരു പ്രമുഖ ന്യൂഡിൽസ് കമ്പനിയുമായി ചേർന്നാണ് മോറൽ റോഡിലെ കുഴികളിൽ നൂഡിൽസ് പാചകം ചെയ്ത് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മുൻപ് റബ്ബർ താറാവുകളെ റോഡിലെ കുഴികളിൽ ഇട്ടും മറ്റും ഒക്കെ പലതരത്തിൽ ഈ പ്രശ്നത്തിനെതിരെ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെയാണ് ഈ പുതിയ സമരമാർഗം സ്വീകരിക്കാൻ മോറൽ തീരുമാനിച്ചത്.

യുകെയിലെ റോഡുകളുടെ ശോചനീയാവസ്ഥ വർദ്ധിച്ചു വരികയാണെന്നും കഴിഞ്ഞ 10 വർഷമായി താൻ ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള അക്ഷീണ പരിശ്രമത്തിൽ ആണെന്നും ആണ് മോറൽ പറയുന്നത്. എന്നാൽ, റോഡിലെ കുഴികൾ വർദ്ധിച്ചതല്ലാതെ അധികാരികളുടെ ഭാഗത്തുനിന്നും പ്രശ്നപരിഹാരത്തിനായി യാതൊരു വിധത്തിലുള്ള നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

റോഡിലെ കുഴികളിൽ വീണ് ജീവൻ നഷ്ടപ്പെടുന്നവരുടെയും ഗുരുതരമായ പരിക്കുകൾ ഏൽക്കേണ്ടി വരുന്നവരുടെയും എണ്ണം യുകെയിൽ നാൾക്കുനാൾ കൂടി വരികയാണ് എന്നാണ് മോറൽ പറയുന്നത്. ഈ ഗുരുതരമായ പ്രശ്നത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ തന്നാൽ ആകും വിധം ഇനിയും പ്രതിഷേധ സമരങ്ങൾ തുടരാൻ ആണ് ഇദ്ദേഹത്തിൻറെ തീരുമാനം.

click me!