ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ​ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊന്നു? നൊമ്പരമായി അവസാന ചിത്രം

By Web TeamFirst Published Feb 17, 2021, 12:01 PM IST
Highlights

സെമ്ര മരിച്ചാൽ ഭർത്താവ് അവകാശിയാകുമെന്ന് വ്യക്തമാക്കുന്ന അപകട പേഴ്‌സണൽ ഇൻഷുറൻസിലെ വ്യവസ്ഥയെ കുറിച്ച് ഹകാനോട് പൊലീസ് ചോദിച്ചപ്പോൾ, 'ഞാൻ അത് ശ്രദ്ധിച്ചില്ല. ഒപ്പിടാൻ ഞാൻ അത് എന്റെ ഭാര്യയുടെ അടുക്കൽ കൊണ്ടുവന്നു.

ഇൻഷുറൻസ് പണം തട്ടിയെടുക്കുന്നതിനായി ഒരു ഭർത്താവ് തന്റെ ഏഴ് മാസം ഗർഭിണിയായ ഭാര്യയെ ഒരു മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ടു കൊന്നു. ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് 40 -കാരനായ ഹകാൻ ഐസലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 2018 ജൂണിലാണ് സംഭവം. 32 -കാരിയായ സെമ്ര ഐസലിനെ ഭർത്താവ് തുർക്കിയിലെ ബട്ടർഫ്ലൈ വാലിയിൽ അവധി ആഘോഷിക്കാനെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും, അവിടെയുള്ള 300 മീറ്റർ ഉയരമുള്ള മലഞ്ചെരിവിൽ കൊണ്ടുപോയി തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീഴ്ചയിൽ സെമ്രയും അവളുടെ വയറ്റിലുള്ള കുഞ്ഞും തൽക്ഷണം തന്നെ കൊല്ലപ്പെട്ടു. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സെമ്രയ്‌ക്കൊപ്പം ഹകാൻ എടുത്ത സെൽഫിയിൽ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടിരിക്കുന്ന സെമ്രയെ കാണാം.

വാസ്തവത്തിൽ അപകടം നിറഞ്ഞ ഈ സ്ഥലം ഹകാൻ കൊലപാതകത്തിന് മനഃപൂർവ്വം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദമ്പതികൾ ഒരുമിച്ച് മലഞ്ചെരിവിൽ ചിത്രമെടുക്കുകയായിരുന്നുവെന്നും, അതിനിടെ അറിയാതെ കാൽ വഴുതി വീഴുകയായിരുന്നെന്നുമാണ് ഭർത്താവ് അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ, അന്വേഷണത്തിൽ രണ്ട് വർഷത്തിലേറെയായി അയാൾ ഭാര്യയെ കൊല്ലാൻ പദ്ധതികൾ ആലോചിക്കുന്നതായി പൊലീസ് കണ്ടെത്തി. അയാൾ ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭാര്യയ്ക്കായി ഒരു ഇൻഷുറൻസ് എടുത്തിരുന്നതായും പൊലീസ് കണ്ടെത്തി. 400,000 ടർക്കിഷ് ലിറ ഗ്യാരണ്ടിയോടെ ഒരു സ്വകാര്യ അപകട ഇൻഷുറൻസ് അയാൾ ഭാര്യയ്ക്ക് വേണ്ടി എടുത്തിരുന്നു. കൂടാതെ അതിന്റെ ഒരേയൊരു ഗുണഭോക്താവ് അയാൾ മാത്രമായിരുന്നു. ഭാര്യയെ കൊന്ന് ആ തുക കൈക്കലാക്കാനായിരുന്നു അയാളുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.  

കൊലപാതകത്തിന്റെ മുൻപ് മൂന്ന് മണിക്കൂറോളം അവർ മലഞ്ചെരിവിൽ തന്നെ ഇരുന്നു. ഒടുവിൽ ചുറ്റിലും ആളുകൾ ഒന്നുമില്ലാതിരുന്ന സന്ദർഭത്തിൽ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അയാൾ ഭാര്യയെ തള്ളിയിടുകയായിരുന്നു. കൊലപാതകത്തിന് തുടർന്ന് അയാൾ ഇൻഷുറൻസ് തുക കൈപ്പറ്റാൻ ശ്രമം നടത്തായിയെങ്കിലും, അന്വേഷണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തുക നിരസിക്കപ്പെട്ടു. മനഃപൂർവ്വമായ കൊലപാതക കുറ്റത്തിന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വീഡിയോ അഭിമുഖത്തിൽ, ഇരയുടെ സഹോദരൻ കോടതിയിൽ ഇങ്ങനെ പറഞ്ഞു: 'മൃതദേഹം എടുക്കാൻ ഞങ്ങൾ ഫോറൻസിക് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയപ്പോൾ ഹകാൻ കാറിൽ ഇരിക്കുകയായിരുന്നു. ഞാനും എന്റെ കുടുംബവും മനസ്സ് തകർന്നാണ് അവിടെ നിന്നത്. എന്നാൽ, ഹകാൻ സങ്കടപ്പെടുന്നത് ഞങ്ങൾ കണ്ടില്ല. എന്റെ സഹോദരി എല്ലായ്പ്പോഴും വായ്പ എടുക്കുന്നതിന് എതിരായിരുന്നു. എന്നിരുന്നാലും, അവൾ മരിച്ചതിനുശേഷം, എന്റെ സഹോദരിയുടെ പേരിൽ ഹകാൻ മൂന്ന് വായ്പകൾ എടുത്തിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി." സെമ്രയ്ക്ക് ഉയരങ്ങളെ എന്നും ഭയമായിരുന്നുവെന്നും, അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് അത്തരമൊരു സ്ഥലത്തേയ്ക്ക് പോവുക എന്നും സഹോദരൻ ചോദിച്ചു.  

അതേസമയം ഇൻഷുറൻസ് പ്രീമിയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഹകാൻ പറഞ്ഞു: '2014 മുതൽ എനിക്ക് പാരച്യൂട്ട്, ബംഗീ ജംപിങ്, റാഫ്റ്റിംഗ് തുടങ്ങിയ കായിക വിനോദങ്ങളിൽ താൽപ്പര്യമുണ്ട്. അതുകൊണ്ടാണ് വിവാഹത്തിന് മുമ്പ് ലൈഫ് ഇൻഷുറൻസ് എടുത്തത്."  സെമ്ര മരിച്ചാൽ ഭർത്താവ് അവകാശിയാകുമെന്ന് വ്യക്തമാക്കുന്ന അപകട പേഴ്‌സണൽ ഇൻഷുറൻസിലെ വ്യവസ്ഥയെ കുറിച്ച് ഹകാനോട് പൊലീസ് ചോദിച്ചപ്പോൾ, 'ഞാൻ അത് ശ്രദ്ധിച്ചില്ല. ഒപ്പിടാൻ ഞാൻ അത് എന്റെ ഭാര്യയുടെ അടുക്കൽ കൊണ്ടുവന്നു. അത്തരമൊരു വ്യവസ്ഥ ഉള്ളതായി എനിക്കറിയില്ലായിരുന്നു' മറുപടിയായി അയാൾ പറഞ്ഞു. അവളുടെ മരണത്തിന് താൻ ഉത്തരവാദിയല്ലെന്നും അയാൾ വാദിച്ചു. 'ഫോട്ടോയെടുത്ത ശേഷം എന്റെ ഭാര്യ ഫോൺ ബാഗിൽ ഇട്ടു. പിന്നീട് അവൾക്ക് ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു, അവളുടെ ബാഗിൽ നിന്ന് ഫോൺ എടുക്കാൻ പോയപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഭാര്യയുടെ നിലവിളി കേട്ടു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ എന്റെ ഭാര്യയെ തള്ളിയിട്ടിട്ടില്ല' അയാൾ പറഞ്ഞു. എന്നാൽ, തെളിവുകളെല്ലാം ഇയാൾക്കെതിരാണ്. അതിനാൽ ഇയാളാണ് കുറ്റവാളി എന്ന് തന്നയാണ് പൊലീസ് വാദിക്കുന്നത്. 

click me!