
വീട്ടിലെ ജോലികളെല്ലാം ചെയ്യേണ്ടത് സ്ത്രീകളാണ്. ഭർത്താക്കന്മാർ രാജാവിനെ പോലെ അതെല്ലാം ആസ്വദിച്ച് കഴിയേണ്ടവരും. കാലാകാലങ്ങളായി ലോകം ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്ത്രീകൾ വിദ്യാഭ്യാസം നേടി, ജോലിക്ക് പോകാനും വരുമാനം നേടാനും തുടങ്ങി. എന്നാൽപ്പോലും പലയിടത്തും പല സ്ത്രീകളുടെയും ജീവിതം ഭർത്താവിന് വച്ചുവിളമ്പാനുള്ളത് തന്നെയാണ്. എന്തായാലും, ജപ്പാനിൽ നിന്നുള്ള അതുപോലെ ഒരു വാർത്ത ഇപ്പോൾ വൻ ചർച്ചയ്ക്ക് കാരണമായിത്തീർന്നിരിക്കയാണ്.
എക്സിൽ (ട്വിറ്ററിൽ) ഒരു യുവതി പങ്കുവച്ച ഒരു കാര്യമാണ് വലിയ ചർച്ചകളിലേക്ക് നയിച്ചത്. താൻ പ്രസവിക്കാൻ പോകുന്നതിന് മുമ്പായി ഭർത്താവിനുള്ള ഒരു മാസത്തെ ഭക്ഷണം താൻ തയ്യാറാക്കി വച്ചിരുന്നു എന്നാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രസവിച്ച് കഴിഞ്ഞാൽ താൻ നേരെ പോകുന്നത് തന്റെ മാതാപിതാക്കളുടെ അടുത്തേക്കായിരിക്കും. ആ സമയത്ത് ഭർത്താവ് ഒന്നും കഴിച്ചില്ലെങ്കിലോ എന്ന ആശങ്ക കൊണ്ടാണ് ഒരു മാസത്തെ ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്നത് എന്നും യുവതി പറയുന്നു. താനില്ലാത്ത നേരത്ത് ഭർത്താവിന് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതി ഒരു മാസത്തെ ഭക്ഷണം തയ്യാറാക്കി ഫ്രീസറിൽ വച്ചു എന്നാണ് യുവതി പറയുന്നത്.
അധികം വൈകാതെ തന്നെ യുവതിയുടെ ട്വീറ്റും, അതിന്റെ സ്ക്രീൻഷോട്ടുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ ചർച്ചയ്ക്ക് ഇത് വഴിവെക്കുകയും ചെയ്തു. കുറേപ്പേർ യുവതിയുടെ ഭർത്താവിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അത്യാവശ്യം ജീവിക്കാൻ വേണ്ടുന്ന പാചകം പോലും അറിയില്ലാത്ത ഇയാൾ എന്ത് മനുഷ്യനാണ് എന്നായിരുന്നു അവരുടെ ചോദ്യം.
അതേസമയം തന്നെ മറ്റ് കുറേപ്പേർ യുവതിയെയാണ് കുറ്റപ്പെടുത്തിയത്. ഭർത്താവെന്താ കുട്ടിയാണോ, അയാൾക്ക് വേണമെങ്കിൽ അയാൾ ഉണ്ടാക്കി കഴിക്കുകയോ, ഇല്ലെങ്കിൽ മറ്റ് വഴികൾ കണ്ടെത്തുകയോ ചെയ്യില്ലേ, എന്തിനാണ് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.