
ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കോച്ചേരിൽ രാമൻ നാരായണൻ (1921 ഫെബ്രു 4 - 2005 നവം 9 ), കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയിലേക്ക് നടന്നുകയറിയ നിസ്തുല വ്യക്തിത്വമാണ്. 2005 നവംബർ 9-ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതിന്‍റെ 20-ാം വാർഷികമാണ് ഇന്ന്. രാജ്യത്തെ ഉന്നത പദവിയിൽ എത്തിയ ആദ്യ ദളിത് വിഭാഗക്കാരനായ അദ്ദേഹം, ഭരണഘടനാപരമായ ധാർമ്മികത ഉയർത്തിപ്പിടിച്ച 'പ്രവർത്തിക്കുന്ന രാഷ്ട്രപതി' (Working President) എന്ന പേരിലാണ് അറിയപ്പെടുന്നത്. പുതിയ കാലത്ത് വളരെ പെട്ടെന്ന് വിസ്മൃതിയിലേക്ക് പോയ ഒരു ഭരണാധികാരി കൂടിയായി കെ ആർ നാരായണന്‍ മാറുകയാണ്.
1920 ഒക്ടോബറിൽ കേരളത്തിലെ ഉഴവൂരിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കെ.ആർ. നാരായണൻ, പഠനത്തിലുള്ള അസാധാരണ വൈഭവം കൊണ്ട് ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയനായി. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.ആർ.ഡി. ടാറ്റയുടെ സഹായത്തോടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (LSE) നിന്ന് രാഷ്ട്രമീമാംസ പഠനം പൂർത്തിയാക്കിയത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി മാറി. പിന്നീട് ലോകപ്രശസ്ത ചിന്തകനായിരുന്ന ഹരോൾഡ് ലാസ്കിയുടെ പ്രിയപ്പെട്ട ശിഷ്യനായി ആ വിദ്യാർത്ഥി മാറി.
(കെ ആർ നാരായണനും അടൽ ബിഹാരി വാജ്പേയിയും)
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം ജവഹർലാൽ നെഹ്റുവിന്‍റെ പ്രേരണയാൽ ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) പ്രവേശിച്ചു. ജപ്പാൻ, ബ്രിട്ടൻ, തുർക്കി, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും ഔദ്ധ്യോഗിക ജീവിതം. മികച്ച നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം ജെ.എൻ.യുവിന്‍റെ (JNU) വൈസ് ചാൻസലർ എന്ന പദവിയും വഹിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം മൂന്ന് തവണ ലോക്‌സഭാ അംഗമായി. രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയും. 1992 -ൽ ഉപരാഷ്ട്രപതിയായ അദ്ദേഹം 1997 മുതൽ 2002 വരെ ഇന്ത്യയുടെ രാഷ്ട്രപതി പദവി അലങ്കരിച്ചു.
രാഷ്ട്രപതി എന്ന നിലയിൽ, മന്ത്രിസഭയുടെ ഉപദേശം പുനഃപരിശോധനക്കായി തിരികെ അയക്കുന്ന വിവേചനാധികാരം കെ.ആർ. നാരായണൻ ധീരതയോടെ ഉപയോഗിച്ചു. രാഷ്ട്രീയമായ നീക്കുപോക്കുകൾക്ക് വഴങ്ങാതെ ഭരണഘടനാ തത്വങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. രാഷ്ട്രപതി എന്ന നിലയിൽ, കെ.ആർ. നാരായണൻ തന്‍റെ വിവേചനാധികാരം ധീരതയോടെ ഉപയോഗിച്ചു.
( കെ ആർ നാരായണൻ, മുന്‍ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ, മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് നെൽസൺ മണ്ടേല, മുൻ ഇന്ത്യൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു, എന്നിവര്‍ക്കൊപ്പം ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം ആർച്ച് ബിഷപ്പ് ട്രെവർ ഹഡിൽസ്റ്റണിന് സമ്മാനിച്ച വേളയിൽ)
1997 -ൽ യുണൈറ്റഡ് ഫ്രണ്ട് (UF) സർക്കാർ ഉത്തർപ്രദേശിലെ കല്യാൺ സിംഗ് സർക്കാരിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തപ്പോൾ, അദ്ദേഹം ആ ഫയൽ മന്ത്രിസഭയ്ക്ക് തിരിച്ചയച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തപക്ഷം, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നത് ജനാധിപത്യപരമല്ലെന്നായിരുന്നു അദ്ദേഹത്തിനിന്‍റെ നിലപാട്. ഇതോടെ കേന്ദ്ര സർക്കാറിന് ആ തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു.
1998 -ൽ ബീഹാറിൽ സംസ്ഥാന ഭരണം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്ര കാബിനറ്റിന്‍റെ ശുപാർശയും അദ്ദേഹം ശക്തമായ എതിർപ്പോടെ തിരികെ അയച്ചു. സംസ്ഥാന ഭരണം ഭരണഘടനാപരമായി പരാജയപ്പെട്ടുവെന്ന് സ്ഥാപിക്കുന്ന രേഖകൾക്ക് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകി. നിയമസഭ പിരിച്ചുവിടുന്നതിനായുള്ള ആർട്ടിക്കിൾ 356-ന്‍റെ ദുരുപയോഗത്തെ ചെറുക്കുന്നതിൽ ഈ നിലപാടുകൾ സുപ്രധാന പങ്കുവഹിച്ചു.
(കെ ആർ നാരായണൻ സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം)
അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലത്ത് ഇന്ത്യയിൽ സഖ്യകക്ഷി സർക്കാരുകളുടെ കാലഘട്ടമായിരുന്നു. ഇത് പ്രധാനമന്ത്രിയെ നിയമിക്കുന്നതിൽ വിവേചനാധികാരം ഉപയോഗിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയോ സഖ്യമോ സർക്കാരുണ്ടാക്കാൻ ശ്രമിക്കുമ്പോൾ, ഭൂരിപക്ഷം തെളിയിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ച് അദ്ദേഹം ഭരണഘടനാപരമായ ധർമ്മം നിർവഹിച്ചു.
പൊതുതിരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തിയ ആദ്യത്തെ രാഷ്ട്രപതി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. തന്‍റെ പദവിക്ക് അതീതമായി, ഒരു സാധാരണ പൗരൻ എന്ന നിലയിലുള്ള കടമ നിർവഹിക്കുന്നതിലുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെ തെളിയിക്കുന്നു. സത്യസന്ധത, നീതി, ഭരണഘടനയോടുള്ള അചഞ്ചലമായ കൂറ് എന്നിവയുടെ പ്രതീകമായിരുന്ന കെ.ആർ. നാരായണൻ, ഇന്നും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി നിലകൊള്ളുന്നു.