
ന്യൂയോർക്ക് സിറ്റി മേയർ-ഇലക്‌ട് സോഹ്റാൻ മംദാനിയുടെ ചരിത്രവിജയത്തെക്കുറിച്ച് ലോകം സംസാരിക്കുമ്പോൾ, രാഷ്ട്രീയത്തിനപ്പുറം ഫാഷൻ ലോകത്തും കലാമേഖലയിലും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മംദാനിയുടെ ഭാര്യ രാമ ദുവജി. വെറും 'ഫസ്റ്റ് ലേഡി' എന്ന പദവിയുടെ അതിർവരമ്പുകൾ ഭേദിച്ച്, ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞതും, ജെൻ സി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രതിനിധിയുമായ 'ഫസ്റ്റ് ലേഡി'യായി രാമ ചരിത്രമെഴുതുകയാണ്. ഒരു സിറിയൻ-അമേരിക്കൻ ആർട്ടിസ്റ്റ് എന്ന നിലയിൽ, രാമ ദുവജി തന്റെ വസ്ത്രധാരണത്തിലൂടെയും കലയിലൂടെയും ശക്തമായ രാഷ്ട്രീയവും സാംസ്കാരികവുമായ നിലപാടുകൾ അറിയിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ വേഷവിധാനങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട്, ഫാഷനെ തന്റെ വ്യക്തിത്വമാക്കി മാറ്റുന്ന ഈ കലാകാരി, ന്യൂയോർക്ക് രാഷ്ട്രിയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ്.
കറുത്ത വസ്ത്രങ്ങളോടുള്ള രാമയുടെ ഇഷ്ടം, എഡ്ജി ക്രോപ്പ് ടോപ്പുകൾ, ഹെമ്മുകൾ, പോയിൻ്റി ബൂട്ടുകൾ, തിളക്കമുള്ള ഐലൈനർ എന്നിവയെല്ലാം രാമയുടെ നിത്യേനയുള്ള ഫാഷൻ സ്റ്റൈലിലെ അവിഭാജ്യ ഘടകങ്ങളാണ്.
മംദാനിയുടെ വിജയ ആഘോഷ വേളയിൽ രാമ തിരഞ്ഞെടുത്ത വേഷം അങ്ങനെയുള്ളതായിരുന്നു. പലസ്തീനിയൻ ഡിസൈനറായ സൈദ് ഹിജാസിയുടെ കറുത്ത ലേസർ കട്ട് ഡെനിം ടോപ്പും, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഡിസൈനർ ഉല്ല ജോൺസന്റെ വെൽവെറ്റ്-ലേസ് സ്കർട്ടും ധരിച്ചാണ് രാമ എത്തിയത്. ലക്ഷ്വറി ലേബലുകൾക്ക് പകരം, വളർന്നുവരുന്ന ഡിസൈനർമാർക്ക് പ്രാധാന്യം നൽകുന്ന ഈ സമീപനം, ഫാഷനിലൂടെ സ്വന്തം സാംസ്കാരിക-രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാനുള്ള വേദിയാക്കി മാറ്റുകയാണ് രാമ.
ഫാഷൻ മാത്രമല്ല, ആർട്ടിസ്റ്റ്, ഇല്ലസ്ട്രേറ്റർ എന്ന നിലയിൽ രാമ ദുവജി നടത്തുന്ന ഇടപെടലുകളാണ് അവരെ കൂടുതൽ ശ്രദ്ധേയയാക്കുന്നത്. ഡമാസ്കസാണ് ജന്മദേശമെങ്കിലും, ടെക്സാസിൽ ജനിച്ചു ദുബായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാമ, ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്ട്സിൽ നിന്ന് ഫൈൻ ആർട്‌സിൽ മാസ്റ്റർ ബിരുദം നേടി. ദി ന്യൂയോർക്കർ, ദി വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അവരുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്.
തൻ്റെ സ്വകാര്യ ജീവിതത്തിൽ വലിയ പിന്തുണ നൽകുന്നതിനൊപ്പം, സോഹ്റാൻ മംദാനിയുടെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന ശക്തികളിലൊന്ന് രാമ ദുവജിയാണ്. സിറിയൻ-അമേരിക്കൻ ആർട്ടിസ്റ്റായ രാമ ദുവജിയുടെയും ഉഗാണ്ടൻ-ഇന്ത്യൻ വംശജനായ സോഹ്റാൻ മംദാനിയുടെയും പ്രണയം 2021-ൽ 'ഹിഞ്ച്' എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് തുടങ്ങുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2024 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. സജീവ രാഷ്ട്രീയ രംഗത്ത് രാമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, മംദാനിയുടെ ഇലക്ഷൻ പ്രചാരണത്തിൽ രാമ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.