
മരിച്ചുവെന്ന് കരുതിയയാൾ ഏകദേശം 30 വർഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരികെയെത്തി. എസ്ഐആറുമായി ബന്ധപ്പെട്ട രേഖകളെടുക്കാനായിട്ടാണ് അദ്ദേഹം പശ്ചിമബംഗാളിൽ നിന്നും തന്റെ ജന്മനാടായ മുസാഫർനഗർ ജില്ലയിലെ ഖതൗലിയിലേക്ക് മടങ്ങിയത്. ആദ്യഭാര്യയുടെ മരണശേഷം രണ്ടാമത് വിവാഹിതനായതിന് പിന്നാലെയാണ് ഇപ്പോൾ 79 -കാരനായ ഷെരീഫ് അഹമ്മദ് പശ്ചിമ ബംഗാളിലേക്ക് താമസം മാറിയത്. 1997 മുതൽ അദ്ദേഹത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വിവരും ഇല്ലായിരുന്നു. എന്നാൽ, ഡിസംബർ 29 -ന് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്രമങ്ങൾക്കുള്ള രേഖകൾ സംഘടിപ്പിക്കാനായി സ്വന്തം നാട്ടിൽ അദ്ദേഹം തിരിച്ചെത്തിയതായി മരുമകൻ വസീം അഹമ്മദ് പിടിഐയോട് പറഞ്ഞു.
"വർഷങ്ങളായി ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നൽകിയ വിലാസം പിന്തുടർന്ന് പശ്ചിമ ബംഗാളിലേക്ക് പോലും ഞങ്ങൾ പോയിരുന്നു, പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു" എന്നാണ് വസീം പറഞ്ഞത്. പതിറ്റാണ്ടുകളോളം വിവരം ഒന്നും കിട്ടാതായപ്പോൾ അദ്ദേഹം മരിച്ചുപോയതായി നാല് പെൺമക്കളും കുടുംബവും കരുതി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് രേഖകൾ ശേഖരിക്കാനാണ് താൻ ജന്മനാട്ടിലേക്ക് മടങ്ങിയതെന്നും ഇത് തന്റെ ജന്മനാടുമായി ബന്ധം പുനഃസ്ഥാപിക്കാൻ നിർബന്ധിതനാക്കി എന്നുമാണ് ഷെരീഫ് പറഞ്ഞത്.
അങ്ങനെ വന്നപ്പോഴാണ്, പിതാവും സഹോദരനും ഉൾപ്പെടെ തന്റെ കുടുംബാംഗങ്ങളിൽ പലരും മരിച്ചുപോയതായി ഷെരീഫ് അറിയുന്നത്. എന്തായാലും, അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടാനായത് വലിയ സന്തോഷമാണ് കുടുംബത്തിനുണ്ടാക്കിയത് എന്ന് വസീം പറയുന്നു. "വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണുക എന്നത് ഞങ്ങളെ സംബന്ധിച്ച് ആഴത്തിൽ സ്പർശിച്ച ഒരു അനുഭവമായിരുന്നു" എന്നും വസീം പറഞ്ഞു. എന്തായാലും, രേഖകളൊക്കെ സംഘടിപ്പിച്ച ശേഷം ഷെരീഫ് ബംഗാളിൽ തന്റെ കുടുംബം കഴിയുന്നിടത്തേക്ക് മടങ്ങി.