
ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജകീയ കൺസോർട്ടായി ഇരുന്നത് ഫിലിപ്പ് രാജകുമാരനാണ്, 70 വർഷം. എന്നിരുന്നാലും, ജീവിതത്തിൽ പദവിയും പ്രശസ്തിയും അദ്ദേഹം ആസ്വദിച്ചിട്ടുണ്ടെങ്കിലും, രാജകുമാരന്റെ ബാല്യം ദുരന്തവും ഏകാന്തതയും നിറഞ്ഞതായിരുന്നു. 1921 ജൂൺ 10 -ന് ഗ്രീസിലെ ദ്വീപായ കോർഫുവിലാണ് എഡിൻബർഗ് ഡ്യൂക്ക് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഡെൻമാർക്ക്, ജർമ്മനി, റഷ്യ, ബ്രിട്ടൻ എന്നീ രാജകുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നു. ഗ്രീസിലെ ആൻഡ്രൂ രാജകുമാരന്റെയും ബാറ്റൻബെർഗിലെ ആലീസ് രാജകുമാരിയുടെയും ഏക മകനായിരുന്നു ഫിലിപ്പ് രാജകുമാരൻ. ഫ്രാൻസിലെ സെന്റ് ക്‌ളൗഡിലെ മക്ജാനറ്റ് അമേരിക്കൻ സ്കൂളിൽ നിന്നാണ് രാജകുമാരൻ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ഏഴാമത്തെ വയസ്സിൽ മൗണ്ട് ബാറ്റൺ ബന്ധുക്കളോടൊപ്പം താമസിക്കാൻ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോയി. അവിടെ അദ്ദേഹം സർറേയിലെ ഒരു പ്രെപ്പ് സ്കൂളിൽ ചേർന്നു.
1922 -ൽ ഗ്രീസിലെ രാജാവായിരുന്ന ഫിലിപ്പിന്റെ അമ്മാവൻ ഗ്രീക്കോ-ടർക്കിഷ് യുദ്ധത്തിന്റെ പരാജയത്തെത്തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി. സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഫിലിപ്പിന്റെ പിതാവ് രാജ്യദ്രോഹക്കുറ്റം ചുമത്തി നാടുകടത്തപ്പെട്ടു. കുടുംബം പാരീസിലേക്ക് പലായനം ചെയ്തു, അവിടെ അവർ അടുത്ത പത്ത് വർഷക്കാലം ജീവിച്ചു. പക്ഷേ, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമായിരുന്നു. 1931-ൽ അദ്ദേഹത്തിന്റെ അമ്മയായ ആലീസ് രാജ്ഞി മാനസികമായി തകർന്നു. അവർ സ്വിറ്റ്സർലൻഡിലെ ഒരു സാനിറ്റോറിയത്തിൽ ഒതുങ്ങി. പിന്നീട് അവർക്ക് സ്കീസോഫ്രീനിയ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തന്റെ മൂത്ത നാല് സഹോദരിമാർ ജർമ്മൻ പ്രഭുക്കന്മാരെ വിവാഹം കഴിക്കുകയും ജർമ്മനിയിൽ സ്ഥിരതാമസമാക്കുകയും പിതാവ് തെക്കൻ ഫ്രാൻസിൽ താമസിക്കുകയും ചെയ്തപ്പോൾ ഫിലിപ്പിന് വെറും 10 വയസായിരുന്നു. തനിച്ചായിപ്പോയി അദ്ദേഹം. വർഷങ്ങൾക്കുശേഷം, ഇൻഡിപെൻഡന്റിനായുള്ള ഒരു അഭിമുഖത്തിൽ വീട്ടിൽ ഏത് ഭാഷയാണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “വീട്ടിൽ എന്നത് കൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?” 1932 നും 1937 നും ഇടയിലുള്ള കാലഘട്ടത്തിൽ ഫിലിപ്പ് അമ്മയെ ഒന്ന് കാണുകയോ, അമ്മയോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. “എന്റെ കുടുംബം പിരിഞ്ഞു. എന്റെ അമ്മയ്ക്ക് അസുഖമായിരുന്നു. എന്റെ സഹോദരിമാർ വിവാഹിതരായി, അച്ഛൻ ഫ്രാൻസിലായിരുന്നു. എനിക്ക് അതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വന്നു" രാജകുമാരൻ പിന്നീട് പറഞ്ഞു.
അദ്ദേഹത്തെ പരിപാലിക്കാൻ മാതാപിതാക്കളില്ലാത്തതിനാൽ, ഫിലിപ്പിന്റെ അമ്മയുടെ കുടുംബം അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുത്തു. ബ്രിട്ടീഷ് രാജകുടുംബവുമായും യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ആ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. അമ്മാവന്മാരുടെയും അമ്മായിമാരുടെയും സംരക്ഷണയിൽ ഫിലിപ്പ് ഇംഗ്ലണ്ടിലെ സ്കൂളിൽ ചേർന്നു. പിന്നീട് ജർമ്മനിയിൽ ഒരു സഹോദരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളിൽ പഠിച്ചു. ഒരു വർഷത്തിനുശേഷം, ഫിലിപ്പ് ബ്രിട്ടനിലേക്ക് മടങ്ങി. തുടർന്ന് വടക്കൻ സ്കോട്ട്ലൻഡിലെ അധ്യാപകനായ കുർട്ട് ഹാൻ സ്ഥാപിച്ച ഗോർഡൻസ്റ്റൗൺ ബോർഡിംഗ് സ്കൂളിൽ രാജകുമാരൻ ചേർന്നു. അവിടെ അദ്ദേഹം കായികരംഗത്ത് മികവ് പുലർത്തി.
അവിടെയുണ്ടായിരുന്നപ്പോൾ ഫിലിപ്പിന് മറ്റൊരു ദുരന്തം അനുഭവിക്കേണ്ടി വന്നു. 16 വയസ്സുള്ളപ്പോൾ, സഹോദരി സിസിലി, ഭർത്താവ്, അവരുടെ രണ്ട് മക്കൾ എന്നിവർ വിമാനാപകടത്തിൽ മരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ അമ്മാവനും രക്ഷാധികാരിയുമായ ജോർജ്ജ് മൗണ്ട് ബാറ്റൺ 46 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധിച്ച് പെട്ടെന്നു മരിച്ചു. ദി ഇൻഡിപെൻഡന്റിനോട് സംസാരിച്ച ഒരു മുൻ വിദ്യാർത്ഥി ഇങ്ങനെ അഭിപ്രായപ്പെട്ടു: "അദ്ദേഹം തന്റെ വികാരങ്ങളെ അടക്കി വച്ചു എന്ന് ഞാൻ കരുതുന്നു." സ്കൂൾ വിട്ടശേഷം ഫിലിപ്പ് റോയൽ നേവിയിൽ ചേർന്നു. അമ്മാവൻ പ്രഭു ലൂയിസ് മൗണ്ട് ബാറ്റന്റെ ഉപദേശപ്രകാരം ഇംഗ്ലണ്ടിലെ ഡാർട്ട്മൗത്തിലെ റോയൽ നേവൽ കോളേജിൽ ചേർന്നു. 18 കാരൻ തന്റെ മൂന്നാമത്തെ കസിൻ, 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയെ കണ്ടുമുട്ടുന്നത് ഇവിടെയാണ്. ഏഴു വർഷത്തിനുശേഷം, 1947 ൽ, ഇവരുടെ വിവാഹനിശ്ചയം നടത്തപ്പെട്ടു.
അതേസമയം അദ്ദേഹത്തിന്റെ പിതാവ് 1944 -ൽ അന്തരിച്ചു. യുദ്ധസമയത്ത് അമ്മ ഗ്രീസിലേക്ക് മടങ്ങി. അവിടെ നാസി അധിനിവേശ സമയത്ത് യഹൂദ അഭയാർഥികൾക്ക് അവർ അഭയം നൽകി. സഹോദരിമാർ എല്ലാവരും വിവാഹിതരായിരുന്നു. വിവാഹദിനം വന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബം അവിടെ ഉണ്ടായിരുന്നില്ല. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ വിവാഹത്തിന് അവരിൽ ഒരാൾക്കും ക്ഷണം ലഭിച്ചില്ല. 1997 നവംബർ 20 ന് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും അവരുടെ അമ്പതാമത്തെ വിവാഹ വാർഷികം ആഘോഷിച്ച സമയത്ത് നടത്തിയ പ്രസംഗത്തിൽ എലിസബത്ത് രാജ്ഞി പറഞ്ഞു, “ഫിലിപ്പ് രാജകുമാരൻ അഭിനന്ദനങ്ങൾ എളുപ്പത്തിൽ എടുക്കാത്ത ഒരാളാണ്, പക്ഷേ വളരെ ലളിതമായി പറഞ്ഞാൽ, ഇത്രയും കാലം അദ്ദേഹമായിരുന്നു എന്റെ ശക്തി." എഡിൻബർഗിലെ രാജ്ഞിയും ഡ്യൂക്കും വിവാഹിതരായി 73 വർഷത്തിലേറെയായി. 2021 ഏപ്രിലിൽ ഫിലിപ്സ് രാജകുമാരൻ 99 ആം വയസ്സിൽ കടന്നുപോകുന്നതുവരെ രാജ്ഞിക്ക് വലിയ പിന്തുണയായിരുന്നു അദ്ദേഹം.