പണിസ്ഥലത്ത് വൻ നിധിശേഖരം കണ്ടെത്തി, ഇതിൽ സ്വർണമുത്തുകളും ആഭരണങ്ങളും, അമ്പരന്ന് ഉടമയും നാട്ടുകാരും

By Web TeamFirst Published Apr 10, 2021, 11:06 AM IST
Highlights

രണ്ട് ഡസന്‍ സ്വര്‍ണകമ്മല്‍, 51 സ്വര്‍ണമുത്തുകള്‍, 11 സ്വര്‍ണ നേക്ലേസുകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും കണ്ടെത്തിയതില്‍ പെടുന്നു. ഫെഡറൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥരും നിധി കണ്ടെത്തിയ സ്ഥലത്തെത്തിയെങ്കിലും നിധി വാറങ്കൽ അർബൻ ഡിസ്ട്രിക്റ്റ് ട്രഷറിയിൽ സംസ്ഥാന സർക്കാരിന്‍റെ  കീഴില്‍ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ ഗ്രാമവാസികളെല്ലാം ഒരു നിധിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. അവിടെ ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ വാങ്ങിയ സ്ഥലത്തുനിന്നും വലിയ നിധിശേഖരം കിട്ടിയതാണ് ചര്‍ച്ചയ്ക്ക് കാരണമായത്. നിധി കണ്ടതോടെ ഉന്മാദാവസ്ഥയില്‍ പെരുമാറിയ ഇയാളുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കപ്പെടുകയുണ്ടായി. വ്യാഴാഴ്ചയാണ് തെലങ്കാനയിലെ പെമ്പാര്‍ത്തി ഗ്രാമത്തില്‍ നിന്നും നിധി കണ്ടെത്തിയത്. 

Gold and silver treasure found during real estate venture work near highway at Pembarthy in Jangoan district of Telangana pic.twitter.com/xGt8cvH1qR

— Sudhakar Udumula (@sudhakarudumula)

ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മേട്ടു നരസിംഹയുടെ പെമ്പാർത്തി ഗ്രാമത്തിൽ വാങ്ങിയ ഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാഴാഴ്ച ഈ നിധി ശേഖരം കണ്ടെത്തിയത്. അസാധാരണമായ ഈ കാഴ്ച തൊഴിലാളികളെയും കൃഷിസ്ഥലത്ത് ഒത്തുകൂടിയ ഗ്രാമീണരെയും ആകെ അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ. പണ്ട് ഈ സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലേ ദേവിയ്ക്ക് വഴിപാടായി അര്‍പ്പിച്ചതായിരിക്കാം എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ ഇവിടെ പ്രാർത്ഥന നടത്താനും പൂക്കൾ അർപ്പിക്കാനും ഒക്കെ തുടങ്ങിയിരിക്കുകയാണ്. 

കണ്ടെത്തിയ ചെമ്പ് കലത്തിൽ 189.8 ഗ്രാം സ്വർണം, 1.72 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 6.5 ഗ്രാം ഭാരമുള്ള ഒരു മാണിക്യവും മറ്റ് പുരാതന വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിലെ ജംഗാവോൺ ജില്ലയിലെ പ്രാദേശിക അധികാരികൾ സ്ഥലവും നിധിയും ഏറ്റെടുക്കുകയും അത്തരം കൂടുതൽ നിധി കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഭൂമിയിൽ കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‍തിട്ടുണ്ട്. 

സ്ഥലത്തെത്തി നിധി കണ്ട് അത് തൊടുമ്പോൾ ഉന്മാദാവസ്ഥയിൽ പെരുമാറുന്ന ഭൂമിയുടെ ഉടമ നരസിംഹയുടെ വീഡിയോയും ട്വിറ്ററിലുണ്ട്. ഗ്രാമവാസികള്‍ അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും ഇതില്‍ കാണാം. ”കണ്ടെത്തലിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചയുടനെ തന്നെ വിലപിടിപ്പുള്ള ആ വസ്തുക്കൾ കണ്ടെടുത്ത് കളക്ടറേറ്റിലേക്ക് അയച്ചു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ പ്രോപ്പർട്ടി ഉടമയോട് പരിസരത്ത് കുഴിക്കുന്നതടക്കം എല്ലാം നിരോധിച്ചതായി അറിയിച്ചിട്ടുണ്ട്.” ജംഗാവോൺ ജില്ലാ ഉദ്യോഗസ്ഥൻ രാജേന്ദ്ര പ്രസാദ് പറഞ്ഞു.

A man behaves hysterical touching the treasure pot in Pembarthy of Jangoan district in Telangana pic.twitter.com/03uhhHMc2t

— Sudhakar Udumula (@sudhakarudumula)

രണ്ട് ഡസന്‍ സ്വര്‍ണകമ്മല്‍, 51 സ്വര്‍ണമുത്തുകള്‍, 11 സ്വര്‍ണ നേക്ലേസുകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും കണ്ടെത്തിയതില്‍ പെടുന്നു. ഫെഡറൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥരും നിധി കണ്ടെത്തിയ സ്ഥലത്തെത്തിയെങ്കിലും നിധി വാറങ്കൽ അർബൻ ഡിസ്ട്രിക്റ്റ് ട്രഷറിയിൽ സംസ്ഥാന സർക്കാരിന്‍റെ  കീഴില്‍ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിധി കണ്ടെത്തിയതോടെ സ്ഥലത്ത് പുതിയ അമ്പലം പണിയണം എന്ന ആവശ്യവുമായി ഗ്രാമവാസികളും ലോക്കല്‍ കൗണ്‍സില്‍ അംഗവും എത്തിയിട്ടുണ്ട്. “ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നതിനെ കുറിച്ച് മുമ്പ് ചർച്ചകൾ നടന്നിട്ടുണ്ട്. പലരും അത് വിശ്വസിച്ചില്ല. എന്നാൽ നിധിശേഖരം കണ്ടെടുത്ത ശേഷം ഇപ്പോൾ ഞങ്ങൾക്ക് അതിനെക്കുറിച്ച് ഉറപ്പുണ്ട്'' ലോക്കൽ കൗൺസിൽ അംഗം അഞ്ജനേലു ഗൗഡ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

കണ്ടെത്തിയ നിധി ഏത് കാലത്തേതാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അത് 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ് എങ്കില്‍ അത് സര്‍ക്കാരിനുള്ളതാണ്. ഏതെങ്കിലും ആളുകള്‍ നിധിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പറയുകയാണെങ്കില്‍ അത് തെളിയിക്കേണ്ടതായി വരുമെന്ന് ഉദ്യോഗസ്ഥനായ ഭാസ്കര്‍ റാവു പറയുന്നു. നിധിയെ കുറിച്ച് കൂടുതല്‍ പഠനം നടക്കുകയാണ്. 

click me!