Latest Videos

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിക്കൊന്നു; കൊലപാതകത്തിൽ വിറങ്ങലിച്ച് അധ്യാപകസമൂഹം...

By Web TeamFirst Published Sep 20, 2019, 11:16 AM IST
Highlights

അക്രമിയായ ഹുസൈനെ ചോദ്യം ചെയ്ത പൊലീസിനോട് അയാൾ വെളിപ്പെടുത്തിയത്, "പ്രൊഫസർ ഹമീദ് എന്നും ക്ലാസിൽ വന്ന് ഇസ്ലാമിനെതിരെ കുരയ്ക്കുമായിരുന്നു. മതനിന്ദ എന്നും പതിവായി നടത്തുമായിരുന്നു..." എന്നാണ്. 

പ്രൊഫ. ഖാലിദ് ഹമീദിന് അധ്യാപനമെന്നാൽ ഒരു ധ്യാനം പോലെയായിരുന്നു. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്, കുളിച്ച് വസ്ത്രം മാറി അദ്ദേഹം തന്റെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ എത്തും. എട്ടുമണി മുതൽക്കുതന്നെ ഏതൊരു വിദ്യാർത്ഥിക്കും അവിടെ വരാം. അദ്ദേഹത്തോട് സംശയങ്ങൾ ചോദിക്കാം. പ്രൊഫസർ കൊല്ലപ്പെട്ട ആ പ്രഭാതത്തിലും, അദ്ദേഹം തന്റെ പതിവ് തെറ്റിച്ചിരുന്നില്ല.

ബഹാവൽപൂരിലെ ഗവണ്മെന്റ് സാദിഖ് എഗെർട്ടൺ കോളേജിലെ സീനിയർ പ്രൊഫസറായിരുന്നു ഖാലിദ് ഹമീദ്. മാർച്ച് 20 -ന് രാവിലെ എട്ടുമണിക്ക് ക്യാമ്പസ്സിൽ എത്തിയ അദ്ദേഹം സ്റ്റാഫ് രജിസ്റ്ററിൽ ഒപ്പിട്ടശേഷം സ്റ്റാഫ് റൂമിലെ തന്റെ കാബിൻ തുറന്ന്, അകത്തേക്ക് കയറി. പിന്നാലെ വന്ന കൊലയാളി വലിയ ഒരു പൂട്ടുകൊണ്ട് അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ ആഞ്ഞടിക്കുകയായിരുന്നു. തുടർന്ന്, കയ്യിൽ കരുതിയിരുന്ന കഠാരകൊണ്ട് അദ്ദേഹത്തെ തലങ്ങും വിലങ്ങും കുത്തി. ജോലിയിൽ നിന്ന് വിരമിക്കാൻ കേവലം ആറുമാസം മാത്രം സമയം അവശേഷിച്ചിരുന്ന ആ അമ്പത്തൊമ്പതുകാരൻ തന്റെ സ്റ്റാഫ്‌റൂമിൽ ചോരയിൽ കുളിച്ച് മരിച്ചു മരവിച്ചു കിടന്നു.

കൊലയാളി ഒരു പ്രൊഫഷണൽ കില്ലർ ഒന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യൻ. ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായിരുന്ന ഖത്തീബ് ഹുസ്സൈൻ ഒരു കടുത്ത ഇസ്ലാം മതവിശ്വാസിയായിരുന്നു. പ്രൊഫസർ തന്റെ ലെക്ച്ചറുകളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചിരുന്നതുകൊണ്ടാണ് താൻ ആ അക്രമം പ്രവർത്തിച്ചത് എന്നാണ് ഹുസ്സൈൻ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. സംഭവം നടന്ന് ആറുമാസത്തിനിപ്പുറവും പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല ഹുസൈനെതിരെ. തെഹ്രീക് - എ- ലബ്ബൈക് പാകിസ്ഥാനെന്ന തീവ്രസ്വഭാവമുള്ള ഒരു മതസംഘടനയിലെ ഒരു മൗലവിയാണ് ഹുസൈനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആ വ്യക്തിയെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.

നിഷ്ഠൂരമായ ഈ കൊലപാതകം പ്രൊഫസർ ഹമീദിന്റെ കുടുംബത്തെയാകെ പിടിച്ചുലച്ചിരിക്കുന്നു. അവരുടെ ഏക അത്താണി ഇല്ലാതായിക്കഴിഞ്ഞു. സാദിഖ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ മൗനം തളംകെട്ടിക്കിടക്കുകയാണ്. അധ്യാപകരെല്ലാം തന്നെ അങ്കലാപ്പിലാണ്. പാശ്ചാത്യസ്വഭാവമുള്ള നവീനവിദ്യാഭ്യാസത്തിന് എന്നും പാകിസ്ഥാനിലെ യാഥാസ്ഥിതിക മതസംഘടനകൾ എതിരായിരുന്നു. എന്നാൽ ആ എതിർപ്പ് അക്രമത്തിലേക്ക് വഴിമാറിയ ഒരു സംഭവമായിരുന്നു ബഹാവൽപൂരിലേത്. കൊലചെയ്തത് ഒരു വിദ്യാർത്ഥിതന്നെ ആയതുകൊണ്ട് അധ്യാപകരിൽ പലർക്കും ഇപ്പോൾ കുട്ടികളെ അഭിമുഖീകരിക്കാനോ അവരോട് പഴയപോലെ ഇടപെടാനോ ആവുന്നില്ല.


 
"വിദ്യാഭ്യാസത്തിന്റെ പുതുവഴികൾ പ്രോത്സാഹിപ്പിച്ചിരുന്ന ഉത്പതിഷ്ണുക്കളിൽ ഒരാളായിരുന്നു പ്രൊഫ. ഹമീദ്..." ഡിപ്പാർട്ട്‌മെന്റിലെ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാളായ ഇർഷാദ് തബസ്സും പറഞ്ഞു. അദ്ദേഹം മറ്റുചില യുക്തിവാദികളെയോ നാസ്തികന്മാരെയോ പോലെ 'ഫയർബ്രാൻഡ്' ഒന്നും അല്ലായിരുന്നു. തീർത്തും സൗമ്യശീലൻ. യാതൊരുവിധ പ്രകോപനങ്ങൾക്കും മുതിരാതെ, കുട്ടികളെ ഇംഗ്ലീഷ് സാഹിത്യവും മറ്റും പഠിപ്പിച്ചു കഴിഞ്ഞുകൂടിയിരുന്ന ഒരു സാത്വികൻ. അദ്ദേഹത്തിനെ ഇങ്ങനെ ആക്രമിക്കാൻ എന്താണ് മതതീവ്രവാദസംഘടനകളെ പ്രേരിപ്പിച്ചതെന്ന് സഹപ്രവർത്തകർക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൊല്ലപ്പെടുന്നതിന് തലേന്ന് കോളേജിൽ ഒരു ലഘുലേഖ വിതരണം ചെയ്യപ്പെട്ടു. പ്രൊഫ. ഹമീദ് നടത്താനിരുന്ന ഒരു സംവാദം നിരോധിച്ചുകൊണ്ടുള്ളതായിരുന്നു അത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് അഴിഞ്ഞാടുന്നത് അനുവദിക്കില്ല എന്നായിരുന്നു അതിലെ പ്രധാന ആക്ഷേപവും ഭീഷണിയും.

അക്രമിയായ ഹുസൈനെ ചോദ്യം ചെയ്ത പൊലീസിനോട് അയാൾ വെളിപ്പെടുത്തിയത്, "പ്രൊഫസർ ഹമീദ് എന്നും ക്ലാസിൽ വന്ന് ഇസ്ലാമിനെതിരെ കുരയ്ക്കുമായിരുന്നു. മതനിന്ദ എന്നും പതിവായി നടത്തുമായിരുന്നു..." എന്നാണ്. എന്നാൽ കൃത്യമായി ഏതെങ്കിലും പരാമർശം എടുത്തുപറയാൻ ഹുസ്സൈന് ആയിരുന്നുമില്ല. ലോകത്തെ ഏതൊരു സർവകലാശാലയിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പ്രൊഫസറെയും പോലെ പ്രൊഫ. ഹമീദിന്റെ ക്ലാസും തത്വശാസ്ത്രം, ചരിത്രം, മതം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും വ്യാപാരിച്ചിരുന്നു. ഇനി അത്തരത്തിൽ കുട്ടികളുമായി നടത്തിയ വല്ല ചർച്ചകളുമാണോ ഹുസൈനെ പ്രകോപിപ്പിച്ചത് എന്ന അത്ഭുതപെടുകയാണ് പ്രൊഫസറുടെ സഹപ്രവർത്തകരിപ്പോൾ.

ഇനിയിപ്പോൾ ഏതെങ്കിലുമൊരു വിഷയം പഠിപ്പിക്കുന്നതിന് മുമ്പ് അത് പഠിപ്പിച്ചാൽ കൊല്ലപ്പെടുമോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ട അവസ്ഥയിലാണ് കോളേജിലെ അധ്യാപകർ. "പത്തിരുപത്തഞ്ചു കൊല്ലമായി ഞാൻ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. ഗ്രീക്ക് ട്രാജഡി പഠിപ്പിക്കുമ്പോൾ ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ നിർഭയം 'ഈഡിപ്പസ് റെക്സ്' പഠിപ്പിക്കുമായിരുന്നു. ഇനിയിപ്പോൾ..." പ്രൊഫസർ തബസ്സുമിന്റെ വാക്കുകളിൽ ഭീതി നിഴലിക്കുന്നുണ്ട്. മുമ്പൊക്കെ ഭയപ്പാടില്ലാതെ ഉള്ളിലുള്ളത് കുട്ടികളോട് സംവദിച്ചിരുന്ന അദ്ധ്യാപകർ എന്നതിന് മടിച്ചു നിൽക്കുകയാണ്. മതവുമായി വിദൂരബന്ധമെങ്കിലുമുള്ള വിഷയങ്ങളൊക്കെയും അധികം വിശദീകരിക്കാൻ നിൽക്കാതെ വെറുതെ പരാമർശിച്ചു പോവുകമാത്രമാണ് ഇപ്പോൾ അവർ  ചെയ്യുന്നത്.

പാകിസ്ഥാനിൽ മതതീവ്രവാദികൾ ഒളിഞ്ഞും മറഞ്ഞും സ്വാതന്ത്ര്യം കിട്ടിയ അന്നുമുതലേ ഉണ്ട്. എന്നാൽ അവർ ശക്തിയാർജ്ജിക്കുന്നത് 1979 -ൽ ജനറൽ സിയാ ഉൽ ഹക്ക്, 'ഹുദൂദ് ഓർഡിനൻസ്' കൊണ്ടുവന്ന് രാജ്യത്ത് മതനിയമങ്ങൾ നടപ്പിലാക്കുന്നതോടെയാണ്. രണ്ടുവർഷം മുമ്പാണ്, ഓൺലൈനിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന്റെ പേരിൽ അബ്ദുൽ വലി ഖാൻ എന്ന വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ നിന്ന് വലിച്ചിറക്കി ആൾക്കൂട്ടം വധിച്ചത്. 

തികഞ്ഞ മതവിശ്വാസിയായിരുന്നു പ്രൊഫ. ഖാലിദ് ഹമീദ് എന്നും, സൗദിയിൽ ജോലിസംബന്ധമായി കഴിഞ്ഞിരുന്ന കാലത്ത് പലവട്ടം ഹജ്ജിനും ഉംറയ്‌ക്കും ഒക്കെയായി മെക്ക സന്ദർശിച്ചിരുന്ന, അഞ്ചു നേരം മുടങ്ങാതെ പ്രാർത്ഥിച്ചിരുന്ന ഒരു യഥാർത്ഥ മുസ്ലിം ആയിരുന്നു അദ്ദേഹമെന്ന് ഭാര്യയും മക്കളും ആവർത്തിക്കുന്നു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിത്തം തുടരാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ വരെ അദ്ദേഹം ചെയ്തു പോന്നിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിൽ നിൽക്കുന്നവർക്ക് ഒരു ബിരുദം നേടാനായാൽ അതവരുടെ ഉന്നമനത്തിന് ഉതകുമെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു പ്രൊഫ. ഹമീദ്. കഷ്ടിച്ച് ഇരുപതുവയസ്സുള്ള കൊലപാതകി, ഹുസ്സൈൻ, വിചാരണ കാത്ത് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പ്രേരണ നൽകിയ മൗലവിയും നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി.

നീതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് പ്രൊഫസർ ഖാലിദ് ഹമീദിന്റെ വിദ്യാർത്ഥികളും, സഹപ്രവർത്തകരും, ബന്ധുക്കളുമൊക്കെ. 


 

click me!