
ഡെൽഹി സർവ്വകലാശാലയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ കലാലയങ്ങളിൽ ഒന്നാണ് സെന്റ് സ്റ്റീഫൻസ് കോളേജ്. ഇപ്പോഴിതാ, കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രിൻസിപ്പൽ ചുമതലയേൽക്കുന്നതാണ് വാർത്തയാവുന്നത്. പ്രൊഫസർ സൂസൻ ഏലിയാസിനെയാണ് കോളേജിന്റെ 14 -ാമത് പ്രിൻസിപ്പലായി നിയമിച്ചിരിക്കുന്നത്. 2026 ജൂൺ 1 മുതലാണ് ആദ്യ വനിതാ പ്രിൻസിപ്പൽ ചാർജ്ജെടുക്കുക. കോളേജ് സുപ്രീം കൗൺസിൽ ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 1881 -ൽ സ്ഥാപിതമായ കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ 'ലേഡി പ്രിൻസിപ്പൽ' എന്ന വിശേഷണം ഇനി പ്രൊഫസർ സൂസൻ ഏലിയാസിന് സ്വന്തമാണ്.
ആരാണ് പ്രൊഫസർ സൂസൻ ഏലിയാസ്?
അക്കാദമിക്, ഗവേഷണ മേഖലകളിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ആളാണ് പ്രൊഫസർ സൂസൻ ഏലിയാസ്. ദക്ഷിണേന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലായിരുന്നു അവരുടെ കരിയറിലെ ഭൂരിഭാഗം വർഷങ്ങളും ചെലവഴിച്ചത്. ചണ്ഡീഗഡ് സർവ്വകലാശാലയുടെ (ഉത്തർപ്രദേശ്) റിസർച്ച് പ്രോ വൈസ് ചാൻസലറായും, ഹിന്ദുസ്ഥാൻ സർവ്വകലാശാലയിൽ റിസർച്ച് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, ഡീൻ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ സുപ്രധാന തസ്തികകൾ വഹിച്ചു.
സെന്റ് സ്റ്റീഫൻസിലെ ഈ മാറ്റത്തെ സോഷ്യൽ മീഡിയ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'കോളേജിന്റെ അഭിമാന നിമിഷം' എന്നാണ് പലരും ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. കോളേജിലെ പൂർവ വിദ്യാർത്ഥികളടക്കം പലരും വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിശേഷം പങ്കുവയ്ക്കുകയും കമന്റുകൾ നൽകുകയും ചെയ്യുന്നത്.