വിമാനം വൈകിയതിനെ തുടർന്ന് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ യാത്രക്കാർ നടത്തിയ പ്രതിഷേധത്തിന്റെയും കൈയേറ്റത്തിന്റെയും ദൃശ്യങ്ങൾ വൈറലാകുന്നു. യാത്രക്കാർ ജീവനക്കാരെ അസഭ്യം പറയുകയും കള്ളന്മാർ എന്ന് വിളിക്കുകയും ചെയ്തു.
വിമാനം വൈകിയതിനെച്ചൊല്ലി സ്പൈസ് ജെറ്റ് ജീവനക്കാർക്കുനേരെ യാത്രക്കാർ നടത്തിയ രൂക്ഷമായ പ്രതിഷേധത്തിന്റെയും കൈയേറ്റത്തിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവനക്കാരെ അസഭ്യം പറയുകയും 'കള്ളന്മാർ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വിമാനക്കമ്പനിയുടെ ഫ്രണ്ട്ലൈൻ ജീവനക്കാർക്കുനേരെ യാത്രക്കാർ നടത്തുന്ന അതിക്രമം വീഡിയോയിൽ കാണാം.
'കള്ളന്മാർ കള്ളന്മാർ'
ഫ്രീ പ്രസ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വിമാനത്തിന്റെ വൈകിയുള്ള സർവീസ് യാത്രക്കാർക്കിടയിൽ അസ്വസ്ഥതയും രോഷവും സൃഷ്ടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വൈറലായ ദൃശ്യങ്ങളിൽ ഒരു യാത്രക്കാരൻ ജീവനക്കാരോട് രൂക്ഷമായി സംസാരിക്കുന്നതും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതും കാണാം. ജീവനക്കാർ കള്ളന്മാരാണെന്ന് ആവർത്തിച്ച് ആരോപിക്കുന്ന ഇയാൾ ജീവനക്കാർക്ക് നേരെ കൈയേറ്റത്തിന് മുതിരുന്നതായും ദൃശ്യങ്ങളിലുണ്ട്.
പ്രതികരിച്ച് ജീവനക്കാരും
തർക്കം രൂക്ഷമായതോടെ കൂടുതൽ യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരും രംഗത്തെത്തി. ഇതിനിടെ ഒരു ജീവനക്കാരൻ യാത്രക്കാരുടെ പെരുമാറ്റത്തിൽ പ്രകോപിതനായി രൂക്ഷമായി പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, സംഭവം നടന്ന വിമാനത്താവളം ഏതാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തർക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യ സംഭവമല്ലെന്ന്
അതേസമയം സ്പൈസ് ജെറ്റ് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾ ഇതാദ്യമല്ല. 2026 നവംബറിൽ ബെംഗളൂരു വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെത്തുടർന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നു. 2025 ജൂലൈയിൽ ശ്രീനഗർ വിമാനത്താവളത്തിൽ അധിക ക്യാബിൻ ബാഗേജ് നിരക്കിനെച്ചൊല്ലി ഒരു സൈനിക ഉദ്യോഗസ്ഥൻ ജീവനക്കാരെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാനസർവീസുകളിലെ തടസ്സങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.














