
കടുത്ത ജോലി ഭാരവും ആരോഗ്യപ്രശ്നങ്ങളും കാരണം 38 -ാം വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി പൂനെയിൽ നിന്നുള്ള ദമ്പതികൾ. 11.5 കോടി രൂപയുടെ ആസ്തിയുള്ള, കുട്ടികളില്ലാത്ത ദമ്പതികളുടെ ഈ തീരുമാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ഇവരുടെ ബന്ധു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.
അടുത്ത 2 മുതൽ 3 വർഷത്തിനുള്ളിൽ ജോലി പൂർണ്ണമായും അവസാനിപ്പിച്ച് സ്വന്തം ആരോഗ്യത്തിനും വ്യക്തിജീവിതത്തിനും മുൻഗണന നൽകാനാണ് ഇവരുടെ തീരുമാനം. പോസ്റ്റിൽ വ്യക്തമാക്കുന്നതനുസരിച്ച് ദമ്പതികളുടെ സാമ്പത്തിക നിക്ഷേപങ്ങൾ ഇങ്ങനെയാണ്:
റിയൽ എസ്റ്റേറ്റ്: ₹3.2 കോടി
ഇന്ത്യൻ ഓഹരികളും മ്യൂച്വൽ ഫണ്ടുകളും: ₹1.8 കോടി
യു.എസ്. ഓഹരി നിക്ഷേപം: ₹5 കോടി
ലിക്വിഡ് പണവും വിരമിക്കൽ സമ്പാദ്യവും: ₹1.5 കോടി
DINK couple. Retirement Goals.
My cousin and his wife, both 38 and live in Pune.
Between them, they’ve built a net worth of ₹11.5 crore.
1. Real estate: ~₹3.2 Cr
2. Indian stocks & MFs: ~₹1.8 Cr
3. US stocks: ~₹5 Cr
4. Cash + retirement savings: ~₹1.5 Cr
Their annual…— Amit Arora 🇮🇳 (@GuruShareMarket) August 13, 2026
നിലവിൽ പ്രതിവർഷം 22 ലക്ഷം രൂപയാണ് ഇവരുടെ കുടുംബച്ചെലവ്. വിരമിച്ച മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതിനാൽ കൂടുതൽ കാലം ജോലി ചെയ്യാനായിരുന്നു ആദ്യ ധാരണ. എന്നാൽ, കോർപ്പറേറ്റ് മേഖലയിലെ കടുത്ത മാനസിക സമ്മർദ്ദവും ദീർഘനേരത്തെ ജോലിയും ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് "എത്ര പണമാണ് ഒരാൾക്ക് ജീവിക്കാൻ യഥാർത്ഥത്തിൽ ആവശ്യം?" എന്ന ചോദ്യത്തിലേക്ക് ഇവർ എത്തിയത്.
പോസ്റ്റ് വൈറലായതോടെ ഭിന്നസമീപനങ്ങളോടെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് നിലവിലെ ചെലവ് കണക്കാക്കുമ്പോൾ 11.5 കോടി രൂപയുടെ ഫണ്ട് ഭാവി ജീവിതത്തിന് ഏറെക്കുറെ സുരക്ഷിതമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പണപ്പെരുപ്പവും ഭാവിയിലെ അപ്രതീക്ഷിത വൈദ്യശാസ്ത്ര ചെലവുകളും കണക്കിലെടുക്കുമ്പോൾ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണെന്ന് മറ്റു ചിലരും ഓർമ്മിപ്പിക്കുന്നു. കൂടുതൽ പണം സമ്പാദിക്കുന്നതിനേക്കാൾ സ്വന്തം സമാധാനത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്ന 'ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർളി' (FIRE) ട്രെൻഡിന്‍റെ ഉദാഹരണമായി ഇതിനെ കാണുന്നവരും നിരവധിയാണ്. അതേസമയം, എക്സിൽ പ്രചരിക്കുന്ന ഈ വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.