കട്ട ജിം, ഒപ്പം കിടു ഡയറ്റും, എന്നിട്ടും ഹൃദയാഘാതം അവരെ കൊന്നത് എങ്ങനെയാണ്?

By P R VandanaFirst Published Sep 22, 2022, 8:40 PM IST
Highlights

വ്യായാമവും കൃത്യമായ ഭക്ഷണക്രമവും പതിവാക്കിയവര്‍ ആണ് മൂവരും. എന്നിട്ടും എന്തു കൊണ്ട്   അപ്രതീക്ഷിതമായി എത്തിയ ആഘാതം അവരുടെ ഹൃദയമിടിപ്പ് അവസാനിപ്പിച്ചു?

എല്ലാ ആഴ്ചയിലും 150 മിനിറ്റ് വ്യായാമം, അതാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കൂടുതല്‍ ചെയ്തത് കൊണ്ട് എന്തെങ്കിലും മെച്ചക്കൂടുതല്‍ ഇല്ല. കുഴപ്പം ഉണ്ടുതാനും. ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ഉള്ളവര്‍ക്കും ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്കും അധിക വ്യായാമം കേടാണ്. 

 

രാജു ശ്രീവാസ്തവ

 

കന്നഡ സിനിമയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍, ടെലിവിഷനിലെ സൂപ്പര്‍ സാന്നിധ്യമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ല ഇപ്പോള്‍ ഇതാ കോമഡി താരം രാജു ശ്രീവാസ്തവ....നാല്‍പത്തിയേഴാം വയസ്സില്‍ പുനീതും നാല്‍പതില്‍ സിദ്ധാര്‍ത്ഥും 60 തികയും മുമ്പ് രാജുവും ഹൃദയാഘാതം കാരണം മരിച്ചു. മൂന്നു പേരും ശരീരം നോക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. രാജു ശ്രീവാസ്തവ ട്രെഡ്മില്ലില്‍ നടക്കുന്ന വേളയില്‍ ആണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുന്നതും വീണു പോകുന്നതും. 

വ്യായാമവും കൃത്യമായ ഭക്ഷണക്രമവും പതിവാക്കിയവര്‍ ആണ് മൂവരും. എന്നിട്ടും എന്തു കൊണ്ട്   അപ്രതീക്ഷിതമായി എത്തിയ ആഘാതം അവരുടെ ഹൃദയമിടിപ്പ് അവസാനിപ്പിച്ചു? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ആണ് അമിത വ്യായാമം ശരീരത്തിന് ഉണ്ടാക്കുന്ന അപകടം പരിശോധിക്കേണ്ടി വരുന്നത്.

എല്ലാ ആഴ്ചയിലും 150 മിനിറ്റ് വ്യായാമം, അതാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കൂടുതല്‍ ചെയ്തത് കൊണ്ട് എന്തെങ്കിലും മെച്ചക്കൂടുതല്‍ ഇല്ല. കുഴപ്പം ഉണ്ടുതാനും. ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ഉള്ളവര്‍ക്കും ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്കും അധിക വ്യായാമം കേടാണ്. 

 

പുനീത് രാജ്കുമാര്‍

 

കൃത്യമായ പതിവായ വ്യായാമം ഹൃദയമിടിപ്പ് മെച്ചപ്പെടുത്തും. ഹൃദയ പേശികള്‍ക്ക് ബലമേകും. ശ്വാസകോശത്തിന്റെ ത്രാണി കൂട്ടും. മറുവശത്ത് അമിതമായ വ്യായാമം തുടര്‍ച്ചയായി ചെയ്യുന്നത് ഹൃദയ വൈകല്യങ്ങളുടെ സാധ്യത കൂട്ടും. atrial fibrillation എന്ന അമിതമായ കൃത്യമല്ലാത്ത ഹൃദയമിടിപ്പിന്റെ അവസ്ഥ ഉണ്ടാക്കും. വേണ്ട ചികിത്സ കൃത്യമായി കിട്ടിയില്ലെങ്കില്‍ ഗുരുതരമാകുന്ന അവസ്ഥയാണ് ഇത്.  ഹൃദയ അറക്ക് കൃത്യമായി പറഞ്ഞാല്‍ ഇടത് വെന്‍ട്രിക്കിളിന് കട്ടി കൂടുന്ന അവസ്ഥയായ  hypertrophic cardiomyopathy ഉള്ളവരും പ്രത്യേകം ശ്രദ്ധിച്ച് വേണം വ്യായാമക്രമം നിശ്ചയിക്കാനും പാലിക്കാനും. ഹൃദയത്തെ അറിഞ്ഞ് വേണം, മനസ്സിലാക്കി വേണം വ്യായാമം ചെയ്യാന്‍ എന്ന് അര്‍ത്ഥം. എന്തെങ്കിലും ബ്ലോക്ക് ഉണ്ടോ, അസുഖം ഉണ്ടോ, രക്തസമ്മര്‍ദത്തിന്റെ തോത്, പ്രമേഹം ഇത്യാദികളെല്ലാം മനസ്സിലാക്കി വ്യായാമക്രമം നിശ്ചയിക്കുന്നതാണ് നല്ലത്. കൊവിഡ് വന്ന് മാറി വ്യായാമത്തിലേക്ക് തിരിച്ചെത്തുന്നവരും ശ്രദ്ധിക്കണം. വെളുക്കാന്‍ തേച്ചത് പാണ്ടാവവരുത്. 

ട്രെഡ്മില്ലില്‍ സ്പീഡും നേരവും വല്ലാതെ കൂട്ടി സെറ്റ് ചെയ്യരുത്. പെട്ടെന്ന് ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ വല്ലാതെ വിയര്‍ക്കുന്ന വിധത്തില്‍ വ്യായാമം ചെയ്യരുത് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പൊതു നിര്‍ദേശം. നടത്തം, ജോഗിങ്, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളില്‍ എന്തെങ്കിലും ദിവസം മുപ്പത് മിനിറ്റ് ചെയ്താല്‍ മതിയാകും. ശരീരവും ഹൃദയവും എല്ലാം ഈ താളം മനസ്സിലാക്കി പൊരുത്തപ്പെടണം. ശരീരത്തിനെ വെല്ലുവിളിക്കാന്‍ ആകരുത് വ്യായാമം. 

 

സിദ്ധാര്‍ത്ഥ് ശുക്ല

 

മിതമായി, നന്നായി ചെയ്യുന്ന വ്യായാമം നേരിട്ടും അല്ലാതെയും ഹൃദയത്തെ സ്വാധീനിക്കുന്നു. ഹൃദയപേശികള്‍ മെച്ചപ്പെടുക, മിടിപ്പ് കൃത്യമാക്കുക, മിടിപ്പിന് അനുസരിച്ച് രക്തം പമ്പ് ചെയ്യുക ഇത്യാദികള്‍ നേരിട്ടുള്ള മെച്ചം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ അവസ്ഥകള്‍ മെച്ചപ്പെടുത്തും എന്നത് മറ്റ് മെച്ചങ്ങള്‍. 

അമിത വ്യായാമവും ഭക്ഷണം വല്ലാതെ കുറച്ചുള്ള ഡയറ്റിങ്ങും കൂടിയായാല്‍ അപകടകരമായ സ്ഥിതിയാകും. അതു കൊണ്ട് വ്യായാമം മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലവും വേണം. പഞ്ചസാരയും ഉപ്പും എണ്ണയും കുറച്ച് പച്ചക്കറിയും പഴങ്ങളും കൂട്ടി ഭക്ഷണം കഴിക്കുക. മദ്യവും പുകയിലയും ഒഴിവാക്കുക. മത്സരബുദ്ധിയുമായി സമ്മര്‍ദം കൂട്ടുക മാത്രം ചെയ്യാതെ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും ശ്രമിക്കുക. ഹൃദയം നിങ്ങളെ സ്‌നേഹിക്കും. 


 

click me!