ഓൺലൈനിലൂടെ ചികിത്സാസഹായം തട്ടിയെടുക്കാൻ മക്കളെ വിഷം കൊടുത്ത് കൊന്നു, സ്ത്രീയ്ക്ക് വധശിക്ഷ

By Web TeamFirst Published Sep 22, 2022, 2:12 PM IST
Highlights

രാക്കുൻജെറ്റിന്റെ ലക്ഷ്യം പ്രാഥമികമായി സാമ്പത്തികമാണെന്ന് കോടതി കണ്ടെത്തി. രോഗിയായി കിടക്കുന്ന മകന്റെയും മകളുടെയും ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ പണം അഭ്യർത്ഥിക്കുകയായിരുന്നു ഇവരുടെ രീതി.

2020 ജനുവരിയിൽ നട്ടിവാൻ രാക്കുൻജെറ്റ് തന്റെ നാല് വയസ്സുള്ള മകനുമായി തായ്‌ലൻഡിലെ ഒരു ആശുപത്രിയിലേക്ക് കുതിച്ചു. കുഞ്ഞിന് വയറുവേദന ആണെന്നും ഇടയ്ക്കിടയ്ക്ക് രക്തം ഛർദ്ദിക്കുന്നുണ്ടെന്നും അവർ ഡോക്ടർമാരോട് പറഞ്ഞു. കുട്ടിക്ക് സീഫുഡ് അലർജിയുണ്ടെന്നും രാക്കുൻജെറ്റ് ഡോക്ടർമാരെ ധരിപ്പിച്ചു. എന്നാൽ വിദഗ്ധ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ട് മനസ്സിലായി. പക്ഷേ ഡോക്ടർമാർക്ക് രക്ഷിക്കാൻ ആകുന്നതിനു മുമ്പ് തന്നെ ആ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രാക്കുൻജെറ്റ് തന്നെയാണ് കുഞ്ഞിന് വിഷം നൽകിയത്. കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മുമ്പും അവർ ഇതുപോലെ തന്റെ മറ്റൊരു കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇവരെ ഇപ്പോൾ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. 

സംഭവത്തെക്കുറിച്ച് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ: 2015 ഏപ്രിൽ 22 -ന് രാക്കുൻജെറ്റ്നട്ടിവാൻ അവളുടെ കുട്ടികളിലൊരാളായ ഒരു പെൺകുട്ടിയെ ദത്തെടുത്തു. ദത്തെടുത്തതിന് തൊട്ടുപിന്നാലെ, നട്ടിവാൻ മകൾക്ക് വിഷം ചേർത്ത ഭക്ഷണം നൽകാൻ തുടങ്ങി. പെൺകുട്ടിക്ക് അസുഖം വന്നു, രക്തം ഛർദ്ദിച്ചു, വയറുവേദന അനുഭവപ്പെട്ടു. 2019 ഓഗസ്റ്റിൽ, ആന്തരിക രക്തസ്രാവം മൂലം ആ കുട്ടി മരിച്ചു.

ആ സമയത്ത് പെൺകുട്ടിയുടെ മരണം സംശയാസ്പദമായി ഡോക്ടർമാർ പരിഗണിച്ചില്ലെങ്കിലും, 2020 ജനുവരിയിൽ തൻറെ സ്വന്തം കുഞ്ഞുമായി രാക്കുൻജെറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ സംശയം ഉയർന്നു. 2017 സെപ്റ്റംബറിൽ 2 വയസ്സുള്ളപ്പോൾ മുതലാണ് കുഞ്ഞിന് രാക്കുൻജെറ്റ് വിഷം കൊടുക്കാൻ തുടങ്ങിയതെന്നും 2020 ആദ്യം വരെ തുടർന്നുവെന്നും ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചപ്പോൾ സീഫുഡ് അലർജിയില്ലെന്ന് കണ്ടെത്തി. പകരം, വയറ്റിൽ കടുത്ത അണുബാധയുണ്ടെന്ന് അവർ കണ്ടെത്തി. എന്നാൽ ഇത് സാധാരണ വയറ്റിലെ അണുബാധ ആയിരുന്നില്ല. കുട്ടിയുടെ വായിലും വയറിലും കുടലിലും ബാത്ത്‌റൂം ക്ലീനറുകളിൽ കാണുന്നതരം രാസവസ്തുക്കളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

കുട്ടികളുടെ പേരിൽ പണം തട്ടിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇവർ കുഞ്ഞുങ്ങളെ കൊന്നത്. അങ്ങനെ 2020 മെയ് 18 ന് നട്ടിവാൻ രാക്കുൻജെറ്റ് അറസ്റ്റിലായി. ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതുപോലെ, സംഭാവനകൾ അഭ്യർത്ഥിക്കാൻ കുട്ടികളെ ഉപയോഗിച്ചതിന് മനുഷ്യക്കടത്ത്, കൊലപാതകം, കൊലപാതകശ്രമം, വഞ്ചന, വഞ്ചനാപരമായ വിവരങ്ങൾ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഉൾപ്പെടുത്തൽ എന്നിവയ്ക്ക് തായ് അധികാരികൾ അവർക്കെതിരെ കേസെടുത്തു.

നട്ടിവാൻ രാക്കുൻജെറ്റിന്റെ ലക്ഷ്യം പ്രാഥമികമായി സാമ്പത്തികമാണെന്ന് കോടതി കണ്ടെത്തി. രോഗിയായി കിടക്കുന്ന മകന്റെയും മകളുടെയും ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ പണം അഭ്യർത്ഥിക്കുകയായിരുന്നു ഇവരുടെ രീതി. ഇങ്ങനെ ഓൺലൈൻ സംഭാവനകളിൽ നിന്ന് സമ്പാദിച്ച പണം പൊലീസ് ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 ദശലക്ഷം ബാറ്റ് (54,000 ഡോളർ) ആണ് പൊലീസ് കണ്ടെത്തിയത്.

അവൾക്കെതിരായ എല്ലാ ആരോപണങ്ങളിലും രാക്കുൻജെറ്റ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തന്റെ മക്കൾക്ക് വിഷം കൊടുത്തതായി അവൾ സമ്മതിച്ചു, എന്നാൽ അവൾക്കെതിരെ ധാരാളം തെളിവുകൾ ലഭിച്ചതിന് ശേഷം മാത്രമേ രാക്കുൻജെറ്റ് കുറ്റസമ്മതം നടത്തിയിട്ടുള്ളൂ എന്നതിനാൽ അവളുടെ കുറ്റസമ്മതം ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് കോടതി വിധിച്ചു. അങ്ങനെ തായ് കോടതി അവളെ വധശിക്ഷയ്ക്ക് വിധിച്ചു.

റാക്കുൻജെറ്റ് 42,000 ബാറ്റ് ($1,100) മൂല്യമുള്ള സംഭാവനകൾ തിരികെ നൽകണമെന്ന് കോടതി വിധിച്ചു, കൂടാതെ അവളുടെ കുട്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ഓൺലൈനിൽ സമ്പാദിച്ച പണം ഉപയോഗിച്ച് അവൾ വാങ്ങിയ മൊബൈൽ ഫോണുകളും കണ്ടുകെട്ടി.

click me!